- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നന്നായി ടെന്നിസ് കളിക്കും; ഗോൾഫിലും പ്രാവീണ്യമുണ്ട്; പവർ ഹിറ്റിംഗായിരുന്നു ബാറ്റിംഗിലെ പ്രത്യകത; കൈക്കരുത്താണ് മാക്സിക്ക് തുണയായത്'; മാക്സ്വെല്ലിന്റെ ഇന്നിങ്‌സ് ചർച്ചയാക്കി മുൻ പാക് താരങ്ങൾ; അഫ്ഗാൻ ബൗളർമാർക്ക് ആനമണ്ടത്തരം പറ്റിയെന്ന് വസീം അക്രം
മുംബൈ: അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ച ഗ്ലെൻ മാക്സ്വെല്ലിന്റെ സമാനതകളില്ലാത്ത ഇന്നിങ്‌സ് തന്നെയാണ് ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ച. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിങ്‌സായിട്ടാണ് മാക്‌സ്വെല്ലിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്.
128 പന്തിൽ പുറത്താവാതെ 201 റൺസാണ് മാക്‌സ്വെൽ നേടിയത്. 10 സിക്‌സും 21 ഫോറും ഓസീസ് താരത്തിന്റെ ഇന്നിങ്‌സിൽ ഉണ്ടായിരുന്നു. കടുത്ത പേശീവലിവിനെ വകവെയ്ക്കാതെയാണ് മാക്‌സ്വെൽ ഓസീസിനെ മൂന്ന് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. പരാജയപ്പെടുമെന്ന് കരുതിയിടത്തുനിന്നും പൊരുതിക്കയറി നേടിയ ജയത്തിലൂടെ ഓസീസ് സെമി ഫൈനൽ സ്‌പോട്ട് ഉറപ്പിക്കുകയും ചെയ്തു.
പവർ ഹിറ്റിംഗായിരുന്നു മാക്സ്വെല്ലിന്റെ ബാറ്റിംഗിലെ പ്രത്യകത. പേശീവലിവ് അനുഭവപ്പെട്ട ശേഷം ഏറെക്കുറെ ഒറ്റക്കാലിലാണ് താരം ബാറ്റ് വീശിയത്. കൈക്കരുത്താണ് മാക്സിക്ക് തുണയായത്. മാക്സ്വെല്ലിന്റെ ഇന്നിങ്സിലെ ടെക്നിക്കൽ ഭാഗം ചർച്ച ചെയ്യുകയാണ് മുൻ പാക്കിസ്ഥാൻ താരം വസിം അക്രം, മിസ്ബാ ഉൾ ഹഖ്, വെറ്ററൻ താരം ഷൊയ്ബ് മാലിക്ക് എന്നിവർ.
കടുത്ത പേശിവലിവിനെ അതിജീവിച്ച് ഓടാൻ പോയിട്ട് നടക്കാൻ പോലും കഴിയാതിരുന്നിട്ടും തലങ്ങും വിലങ്ങും അടിച്ച മാക്‌സ്വെല്ലിന് മുന്നിൽ അഫ്ഗാന്റെ അട്ടിമറി മോഹങ്ങൾ ബൗണ്ടറി കടന്നു. ഇന്നലത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബൗളർമാർക്ക് പറ്റിയ ആന മണ്ടത്തരത്തെക്കുറിച്ചടക്കം തുറന്നു പറയുകയാണ് മുൻ പാക് നായകൻ വസീം അക്രം.
നിൽക്കാൻ പോലുമാകാതെ ബാറ്റ് ചെയ്തിരുന്ന മാക്‌സ്വെല്ലിനെതിരെ എന്തുകൊണ്ടാണ് അഫ്ഗാൻ ബൗളർമാർ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയാതിരുന്നത് എന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് അക്രം പറഞ്ഞു. യുവ ബൗളർമാരോടെല്ലാം ഞാൻ പറയുന്ന കാര്യമാണ്. വലം കൈയൻ ബാറ്ററാണ് ക്രീസിലെങ്കിൽ എറൗണ്ട് ദ് വിക്കറ്റിൽ വന്ന് നിങ്ങൾ എന്തുകൊണ്ട് ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയുന്നില്ല എന്ന്. അത് തന്നെയാണ് ഇന്നലെ അഫ്ഗാനിസ്ഥാൻ ബൗളർമാരോടും തനിക്ക് ചോദിക്കാനുള്ളതെന്നും അക്രം ടെലിവിഷൻ ചർച്ചയിൽ പറഞ്ഞു.
വലം കൈയൻ ബാറ്റർമാർക്കെതിരെ വലം കൈയൻ ബൗളർമാർ എറൗണ്ട് വിക്കറ്റ് എറിയാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കെപ്പോഴും അതിശയമാണ്. വെസ്റ്റ് ഇൻഡീസ് ബൗളറായ ഡ്വയിൻ ബ്രാവോ അത് ചെയ്തിരുന്നു. എറൗണ്ട് ദി വിക്കറ്റിൽ ഓഫ് സൈഡ് ഫീൽഡ് സെറ്റ് ചെയ്ത് ഓഫ് സ്റ്റംപിന് പുറത്ത് യോർക്കർ ലെങ്തിൽ പന്തെറിഞ്ഞാൽ അത് വേറൊരു ആംഗിളാകും. പക്ഷെ ഒരാളും അത് ശ്രമിക്കുന്നത് കാണാറില്ലെന്നും അക്രം പറഞ്ഞു.
പേശിവലിവ് കാരണം കാലുകൾ അനക്കാൻ വയ്യാതെ നിന്ന മാക്‌സ്വെല്ലിനെതിരെ മിഡിൽ സ്റ്റംപ് ലൈനിലായിരുന്നു അഫ്ഗാൻ പേസർമാർ കൂടുതൽ പന്തുകളും എറിഞ്ഞത്. ഇത് മാക്‌സ്വെല്ലിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയും ചെയ്തു.
''എല്ലാ കായിക ഇനങ്ങൽും കഴിവ് തെളിയിച്ച വ്യക്തിയാണ് മാക്സ്വെൽ. നന്നായി ടെന്നിസ് കളിക്കും. ഗോൾഫിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. മാക്സ്വെല്ലിന്റെ ചില ഷോട്ടുകൾ ശ്രദ്ധിച്ചാൽ കാര്യങ്ങൾ മനസിലാവും ഗോൾഫ് കളിച്ചതിന്റെ ഗുണം.'' അക്രം പറഞ്ഞു.
ഗോൾഫ് കളിക്കുന്നതിന് സമാനമാണ് അദ്ദേഹത്തിന്റെ കൈകളുടെ വേഗതയന്ന് മിസ്ബ വ്യക്തമാക്കി. പവർ ഹിറ്റിംഗിനെ ക്രീസിൽ നിൽക്കുന്ന ശൈലി വളരെ പ്രധാനമാണെന്നും മാക്സ്വെൽ അത് ഭംഗിയായി നിർവഹിച്ചുവെന്നും മിസ്ബ വ്യക്കമാക്കി.
കൈകൾക്ക് വേഗവും അത്യാവശ്യമാണ്. കൈകൾ നീട്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് മാലിക്ക് സംസാരിച്ചത്. ''കാലുകൾ ചലിപ്പിക്കേണ്ടതില്ലെന്ന് മാക്‌സ്വെൽ തീരുമാനിച്ചിരുന്നു. രണ്ട് കാലുകളിലും ഭാരം കൊടുത്താണ് മാക്സ്വെൽ സംസാരിച്ചത്. അത് പവർ ഹിറ്റിംഗിന് വളരെ പ്രധാനപ്പെട്ടതാണ്.'' അഫ്ഗാൻ ബൗളർമാർക്കാവട്ടെ മറ്റൊരു പദ്ധതിയും ഇല്ലായിരുന്നു മാലിക്ക് കൂട്ടിചേർത്തു.
മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് സെമി ഫൈനലിൽ കടക്കാനും ഓസീസിനായി. ജയിച്ചിരുന്നെങ്കിൽ അഫ്ഗാന് പാക്കിസ്ഥാനേയും ന്യൂസിലൻഡിനേയും മറികടന്ന് ആദ്യ നാലിലെത്താമായിരുന്നു.
സ്പോർട്സ് ഡെസ്ക്