ന്യൂഡൽഹി: ലോകകപ്പിൽ സെമി ഫൈനൽ സ്വപ്‌നം ഏറെക്കുറെ അവസാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ന്യൂസിലൻഡ് ശ്രീലങ്കയെ വൻ മാർജിനിൽ തകർത്തതോടെയാണ് പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റത്. പാക്കിസ്ഥാൻ ബാഗ് പാക്ക് ചെയ്യുന്നതിനെ സൂചിപ്പിച്ച് 'പാക്കിസ്ഥാൻ സിന്ദാബാഗ്' എന്നും നിങ്ങൾ ബിരിയാണിയും ഇന്ത്യയുടെ ആതിഥേയത്വവും നന്നായി ആസ്വദിച്ചെന്ന് കരുതുന്നുവെന്നുമായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരത്തിന്റെ പ്രതികരണം.

അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അത്ഭുത വിജയം നേടിയാൽ മാത്രമെ ഇനി പാക്കിസ്ഥാന് സെമി സാധ്യതയുള്ളു. ആദ്യം ബാറ്റ് ചെയ്ത് 287 റൺസ് വിജയമാർജിനിൽ ജയിക്കുകയോ ഇംഗ്ലണ്ട് വിജയലക്ഷ്യം 2.3 ഓവറിൽ മറികടക്കുകയോ ചെയ്താലെ പാക്കിസ്ഥാന് ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റിനെ മറികടന്ന് ഇനി സെമിയിലെത്താനാവു.

 
 
 
View this post on Instagram

A post shared by Virender Sehwag (@virendersehwag)

ന്യൂസിലൻഡ് ശ്രീലങ്കയെ തകർത്തതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ ട്രോളുമായി സെവാഗ് രംഗത്തെത്തിയത്. പാക്കിസ്ഥാൻ സിന്ദാബാഗ്, ഇതുവരെയെയുള്ളു യാത്ര, ഇന്ത്യയിലെ ബിരിയിണിയും ഇവിടുത്തെ സ്വീകരണവുമെല്ലാം ആസ്വദിച്ചുവെന്ന് കരുതുന്നു. സുരക്ഷിതമായി രാജ്യത്തേക്ക് വിമാനം കയറു. ബൈ...ബൈ പാക്കിസ്ഥാൻ എന്നായിരുന്നു സെവാഗിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ലോകകപ്പിൽ പാക്കിസ്ഥാന്റെ ആദ്യ മത്സരങ്ങൾക്ക് വേദിയായത് ഹൈദരാബാദായിരുന്നു. ഹൈദരാബാദിലെ ബിരിയാണിയെക്കുറിച്ച് പാക് താരങ്ങൾ വാചാലരാവുകയും ചെയ്തിരുന്നു. കൊൽക്കത്തയിൽ മത്സരിക്കാനെത്തിയപ്പോഴും ടീം ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് പാക് താരങ്ങൾ ബിരിയാണി വാങ്ങിക്കഴിച്ചത് വാർത്തയായിരുന്നു. ലോകകപ്പിൽ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ പാക്കിസ്ഥാൻ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ തോറ്റതോടെയാണ് പിന്നീട് തുടർ തോൽവികളിലേക്ക് വഴുതി വീണത്. ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പാക്കിസ്ഥാൻ-ഇംഗ്ലണ്ട് മത്സരം.

നേരത്തെ ബാബർ അസമിനെയും സംഘത്തെയും ട്രോളി മുൻ പാക് ക്യാപ്റ്റൻ വസീം അക്രമും രംഗത്തെത്തിയിരുന്നു. 'കണക്ക് പ്രകാരം അതിപ്പോഴും സാധ്യമാണ്. പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയും ശേഷം ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിങ് റൂമിൽ 20 മിനിറ്റ് പൂട്ടിയിടുകയും ചെയ്യുക. ഇതോടെ അവരെല്ലാവരും ടൈംഡ് ഔട്ടാകും', അക്രം 'എ സ്പോർട്സ്' ചാനലിനുവേണ്ടിയുള്ള ടോക് ഷോയിൽ ചിരിയോടെ പറഞ്ഞു. എന്നാൽ, 'ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയും അതിനുശേഷം ഡ്രസ്സിങ് റൂമിൽ പൂട്ടുകയും ചെയ്യുക' എന്നതായിരുന്നു ഒപ്പമുണ്ടായിരുന്ന മുൻ പാക് താരം മിസ്ബാഹുൽ ഹഖിന്റെ 'ഉപദേശം'.

എട്ട് മത്സരങ്ങളിൽ എട്ട് പോയന്റുള്ള പാക്കിസ്ഥാൻ ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ശനിയാഴ്ച ഇംഗ്ലണ്ടിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാകട്ടെ നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. നാളെ പാക്കിസ്ഥാനെതിരെ ജയിച്ച് ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുക.