കൊൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. സെമി ബർത്ത് ലക്ഷ്യമിട്ടുള്ള ജീവന്മരണപോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പാക്കിസ്ഥാൻ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്തയിലാണ് മത്സരം. സ്റ്റാർ സ്‌പോർട്സും ഡിസ്നി+ഹോട്സ്റ്റാറും വഴി മത്സരം ഇന്ത്യയിൽ തൽസമയം കാണാം.

ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമെ ബാബറും സംഘവും അവസാന നാലിലെത്തു. ഈ ലോകകപ്പിൽ അമ്പേ പരാജയമെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ 287 റൺസിന് തോൽപ്പിക്കണം. ഇനി ചേസിങ് എങ്കിൽ 283 പന്ത് ബാക്കിനിൽക്ക വിജയലക്ഷ്യം മറികടക്കണം.

അതായത് പാക്കിസ്ഥാൻ 300 റൺസ് ഉയർത്തിയാൽ ഇംഗ്ലണ്ട് വെറും 13 റൺസിന് പുറത്താവണം. ഇനി 400 റൺസെങ്കിൽ 112 റൺസേ ആകെ വഴങ്ങാവൂ. ഏകദിന ചരിത്രത്തിൽ പാക്കിസ്ഥാന്റെ ഉയർന്ന സ്‌കോർ 399 ആണ് എന്നതിനാൽ എല്ലാം വെറും സ്വപ്നമായി തീരാനാണ് സാധ്യത. എന്നാൽ സ്വപ്നം കാണാൻ ചെലവില്ലാത്തതിനാൽ പാക്കിസ്ഥാന്റെ സെമിമോഹത്തിന് അതിരില്ല താനും.

ചേസിംഗിലെ കണക്കുകൾ ഇങ്ങനെ. ഇംഗ്ലണ്ടിനെ 50 റൺസിന് എറിഞ്ഞിട്ട് 12 പന്തുകളിൽ വിജയലക്ഷ്യം മറികടക്കണം. 100 റൺസെങ്കിൽ 17 പന്തിലും 200 റൺസെങ്കിൽ 27 പന്തിലും ചേസ് ചെയ്യണം പാക് പടയ്ക്ക്. കളി ക്രിക്കറ്റ് ആയതിനാൽ എന്തും നടക്കുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ ടീം.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിലെത്താനുള്ള തന്ത്രം തയ്യാറെന്ന് പാക്കിസ്ഥാൻ നായകൻ ബാബർ അസം വ്യക്തമാക്കിക്കഴിഞ്ഞു. ഇംഗ്ലണ്ട് താരങ്ങളെ ഡ്രെസിങ് റൂമിൽ പൂട്ടിയിട്ട് ടൈംഔട്ടിലൂടെ ജയിക്കാമെന്ന് പരിഹസിച്ച വസീം അക്രം അടക്കം മുൻതാരങ്ങളായ വിമർശകർക്ക് മുനവെച്ച മറുപടിയാണ് ബാബർ നൽകിയത്.

വ്യാഴാഴ്ച ന്യൂസിലൻഡ്- ശ്രീലങ്ക മത്സരം അവസാനിക്കുമ്പോൾ കൊൽക്കത്തയിൽ പരിശീലന സെഷനിലായിരുന്നു പാക്കിസ്ഥാൻ താരങ്ങൾ. സെമിയിലെത്താൻ ഇംഗ്ലണ്ടിനെതിരെ അസാധ്യ പ്രകടനം നടത്തണമെന്ന് മാധ്യമപ്രവർത്തരിൽ നിന്ന് അറിഞ്ഞ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാനും പേസർ ഹസൻ അലിയും ഹോട്ടലിലേക്ക് ഏറെ നിരാശയോടെയാണ് മടങ്ങിയത്.

എന്നാൽ തൊട്ടടുത്ത ദിനം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ പാക് നായകൻ ബാബർ അസം വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിമർശകർക്ക് അദേഹം മറുപടിയും നൽകി. ബാറ്റർ എന്ന നിലയിൽ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്ന് പുറത്താക്കൽ ഭീഷണിയുടെ വക്കിലുള്ള പാക് നായകൻ സമ്മതിച്ചു. ബാബർ ആത്മവിശ്വാസത്തോടെ സംസാരിക്കുമ്പോഴും സെമിയിലെത്താൻ വേണ്ട കണക്കുകൾ പാക്കിസ്ഥാൻ ടീമിനെ ഒട്ടും സന്തോഷിപ്പിക്കുന്നതല്ല.

ടൂർണമെന്റിലെ ഫേവറൈറ്റുകളുടെ പട്ടികയിലുണ്ടായിരുന്ന ടീമുകളായിരുന്നിട്ടും ഇംഗ്ലണ്ടിനും പാക്കിസ്ഥാനും കുതിപ്പിന് പകരം കിതപ്പായി മത്സരഫലങ്ങൾ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മഹാത്ഭുതങ്ങളുണ്ടായാൽ മാത്രം സെമിയിലെത്തും എന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ.

അതേസമയം ടൂർണമെന്റിൽ നിറംമങ്ങിയെങ്കിലും മൂന്നാം ജയത്തോടെ 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ലോകകപ്പിലെ നേർക്കുനേർ പോരിൽ ഇംഗ്ലണ്ടിനാണ് നേരിയ മുൻതൂക്കം. 10 മത്സരങ്ങളിൽ ഇംഗ്ലണ്ട് ജയിച്ചു. അവസാന ലോകകപ്പിലെ ഉൾപ്പടെ നാല് എണ്ണത്തിൽ പാക്കിസ്ഥാൻ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു.