കൊൽക്കത്ത: ക്രിക്കറ്റ് ലോകകപ്പിലെ ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരേ പാക്കിസ്ഥാന് 338 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് മികച്ച ടോട്ടൽ സമ്മാനിച്ചത്.

സെമി ഫൈനലിൽ കയറാൻ പാക്കിസ്ഥാന് ഈ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ഇത്രയും വലിയ സ്‌കോർ നേടിയതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ അവസാനിച്ചു. ഈ വിജയലക്ഷ്യം വെറും 6.4 അടിച്ചെടുത്താൽ മാത്രമേ ടീമിന് സെമിയിലെത്താനാകൂ. അത് പ്രാവർത്തികമല്ല.

കൊൽക്കത്ത, ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ബെൻ സ്റ്റോക്സിന്റെ (84) ഇന്നിങ്സാണ് തുണയയായത്. ജോ റൂട്ട് (60), ജോണി ബെയർസ്റ്റോ (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, മുഹമ്മദ് വസീം എന്നിവർ രണ്ടും വിക്കറ്റും വീഴ്‌ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾത്തന്നെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ മങ്ങി. ആദ്യം ബാറ്റുചെയ്ത് 287 റൺസിന്റെ വിജയം നേടിയിരുന്നെങ്കിൽ പാക്കിസ്ഥാന് സെമിയിലെത്താമായിരുന്നു. എന്നാൽ അത് നടന്നില്ല. ഇതോടെ പാക് ക്യാമ്പിൽ നിരാശപകർന്നു. ടോസ് നേടിയ ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 82 റൺസ് ചേർത്തു. 31 റൺസെടുത്ത് മലാൻ പുറത്തായെങ്കിലും മറുവശത്ത് ബെയർസ്റ്റോ അർധസെഞ്ചുറി നേടി. താരം 59 റൺസെടുത്ത് മടങ്ങി.

മലാനെ പുറത്താക്കി ഇഫ്തിഖർ അഹമ്മദ് പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയത് ജോ റൂട്ട. എന്നാൽ ബെയർസ്റ്റോയ്ക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. ഹാരിസ് റൗഫിന്റെ പന്തിൽ പുറത്ത്. നാലാം വിക്കറ്റിൽ റൂട്ട് - സ്റ്റോക്സ് സഖ്യം 132 റൺസ് കൂട്ടിചേർത്തു.

ജോ റൂട്ടും ബെൻ സ്റ്റോക്സും തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ പാക്കിസ്ഥാൻ വിയർത്തു. ഇരുവരും ടീം സ്‌കോർ 240-ൽ എത്തിച്ചു. മൂന്നാം വിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ടാണ് റൂട്ടും സ്റ്റോക്സും സൃഷ്ടിച്ചത്. എന്നാൽ സ്റ്റോക്സിനെ പുറത്താക്കി ഷഹീൻ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു. 76 പന്തിൽ 11 ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 84 റൺസാണ് താരം നേടിയത്. തൊട്ടുപിന്നാലെ റൂട്ടും മടങ്ങി. 72 പന്തിൽ 60 റൺസാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെ വന്ന നായകൻ ജോസ് ബട്ലർ (27), ഹാരി ബ്രൂക്ക് (30) എന്നിവർ ചേർന്ന് ടീം സ്‌കോർ 300 കടത്തി. മോയിൻ അലി (8) നിരാശപ്പെടുത്തി. അവസാന ഓവറിലെ ഡേവിഡ് വില്ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ടീം സ്‌കോർ 330 കടത്തിയത്. താരം 14 റൺസാണ് അവസാന ഓവറിൽ അടിച്ചെടുത്തത്. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഷഹീൻ അഫ്രീദി, മുഹ്‌മദ് വസിം എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.