- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർപ്പൻ സെഞ്ചുറിയുമായി മിച്ചൽ മാർഷ്; അർധ സെഞ്ചുറികളുമായി വാർണറും സ്മിത്തും; ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ; ഒൻപതിൽ എട്ട് മത്സരവും തോറ്റ് ബംഗ്ലാദേശിന്റെ മടക്കം
പുണെ: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് കീഴടക്കി സെമി പ്രവേശനം ആധികാരികമാക്കി ഓസ്ട്രേലിയ. ബംഗ്ലാദേശ് ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം വെറും 44.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. തകർപ്പൻ സെഞ്ചുറിയുമായി പുറത്താവാതെ നിന്ന മിച്ചൽ മാർഷാണ് ടീമിന് ആധികാരിക ജയം സമ്മാനിച്ചത്. വ്യാഴാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
ഈ വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ ഒൻപതിൽ ഏഴ് മത്സരങ്ങളിലും വിജയിക്കാൻ ടീമിന് സാധിച്ചു. ടീമിന്റെ ലോകകപ്പിലെ തുടർച്ചയായ ഏഴാം വിജയം കൂടിയാണിത്. മറുവശത്ത് ബംഗ്ലാദേശ് ഒൻപതിൽ ഏഴിലും തോറ്റ് എട്ടാം സ്ഥാനത്ത് ടൂർണമെന്റ് അവസാനിപ്പിച്ചു.
307 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസിന് ഓപ്പണർ ട്രാവിസ് ഹെഡിനെ (10) പെട്ടെന്ന് നഷ്ടമായി. എന്നാൽ പിന്നാലെ ക്രീസിലൊന്നിച്ച ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് ടീമിനെ അനായാസം നയിച്ചു. ഇരുവരും ടീം സ്‌കോർ 132-ൽ എത്തിച്ചു. എന്നാൽ 53 റൺസെടുത്ത് വാർണർ പുറത്തായി. പിന്നാലെ വന്ന സ്റ്റീവ് സ്മിത്ത് മാർഷിന് പിന്തുണ നൽകി.
സ്മിത്തിനെ സാക്ഷിയാക്കി സെഞ്ചുറി നേടിയ മാർഷ് പിന്നീട് അടിച്ചുതകർത്തു. ഒടുവിൽ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. താരം 132 പന്തുകളിൽ നിന്ന് 17 ഫോറിന്റെയും ഒൻപത് സിക്സിന്റെയും സഹായത്തോടെ 177 റൺസെടുത്ത് പുറത്താവാതെ നിന്നു. സ്മിത്ത് 64 പന്തിൽ 63 റൺസെടുത്ത് അപരാജിതനായി നിന്നു. ബംഗ്ലാദേശിനായി ടസ്‌കിൻ അഹമ്മദും മുസ്താഫിസുർ റഹ്‌മാനും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 74 റൺസെടുത്ത തൗഹിദ് ഹൃദോയിയുടെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ടീം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു. ബാറ്റിങ് നിരയിലെ ആദ്യ ഏഴ് താരങ്ങളും ഫോമിൽ കളിച്ചു എന്നതാണ് ബംഗ്ലാദേശിന്റെ പ്രത്യേക. ഹൃദോയ്ക്ക് പുറമേ തൻസിൻ ഹസ്സൻ (36), ലിട്ടൺ ദാസ് (36), നജ്മുൾ ഹൊസെയ്ൻ ഷാന്റോ (45), മഹ്‌മുദുള്ള (32), മുഷ്ഫിഖുർ റഹീം (21), മെഹ്ദി ഹസ്സൻ (29) എന്നിവർ നന്നായി കളിച്ചു. ഷാക്കിബ് അൽ ഹസ്സന്റെ അഭാവത്തിൽ ഷാന്റോയാണ് ടീമിനെ നയിച്ചത്.
ഓസീസിനായി ഷോൺ അബോട്ട്, ആദം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ മാർക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റ് സ്വന്തമാക്കി.
സ്പോർട്സ് ഡെസ്ക്