- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമി ഫൈനലിന് മുന്നൊരുക്കവുമായി ഇന്ത്യ; ലോകകപ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ എതിരാളികൾ നെതർലൻഡ്‌സ്; ജയം തുടരാൻ രോഹിതും സംഘവും; ഇഷാനും അശ്വിനും ടീമിൽ അവസരം നൽകിയേക്കും
ബംഗളൂരു: ഒക്ടോബർ അഞ്ചിന് ആരംഭിച്ച ഏകദിന ലോകകപ്പിലെ ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ഞായറാഴ്ച സമാപനമാകും. കുഞ്ഞന്മാരും അട്ടിമറി വീരന്മാരുമായ നെതർലൻഡ്‌സ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇന്ത്യയെ നേരിടും. സെമി ഫൈനലിന് മുന്നൊരുക്കം കൂടിയാകും ഇന്ത്യക്ക് മത്സരം. ഇനി ലോകകപ്പിൽ ശേഷിക്കുന്നത് രണ്ട് സെമി ഫൈനലുകളും കലാശക്കളിയും മാത്രമാണ്.
എട്ടിൽ എട്ടും ജയിച്ച് റെക്കോഡിനൊപ്പമെത്തിയ രോഹിത് ശർമയും സംഘവും ഡച്ചുകാരെയും തോൽപിച്ചാൽ അത് ചരിത്രപുസ്തകത്തിൽ ഇടം നേടും. 2003ലെ അപരാജിത യാത്രയിൽ എട്ട് മത്സരങ്ങളിലെ തുടർച്ചയായ വിജയമായിരുന്നു ഇന്ത്യയുടെ ലോകകപ്പ് റെക്കോഡ്. ഇക്കുറി അതിനൊപ്പമെത്തി. ഇന്നത്തെ കളിയുടെ ഫലവും അനുകൂലമായാൽ 2003ൽ സൗരവ് ഗാംഗുലിയുടെ ടീം സ്ഥാപിച്ച റെക്കോഡ് മറികടക്കാൻ രോഹിതിനാവും.
ഇക്കാര്യത്തിൽ ലോകത്ത് ഒന്നാമന്മാർ ആസ്‌ട്രേലിയയാണ്. 2003ൽ ഇവർ 11 മത്സര റെക്കോഡുമായി കിരീടവുമായാണ് മടങ്ങിയത്. ലോകകപ്പിൽ പങ്കെടുത്ത മുഴുവൻ ടീമുകളെയും തോൽപിച്ചവരെന്ന നേട്ടം കൂടി ഇന്ത്യക്ക് സ്വന്തമാവും ഇന്നത്തെ ജയത്തോടെ.
ദക്ഷിണാഫ്രിക്കയെ മറിച്ചിട്ട് ഞെട്ടിച്ച നെതർലൻഡ്‌സ് ബംഗ്ലാദേശിനെയും തോൽപിച്ചെങ്കിലും നാല് പോയന്റുമായി പത്താം സ്ഥാനത്താണ്. സെമിക്ക് മുമ്പ് ഇന്ത്യ ചിലർക്ക് വിശ്രമം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയ ഇലവനെ നിലനിർത്തുമെന്ന സൂചനയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് നൽകിയത്. ''സത്യസന്ധമായി പറഞ്ഞാൽ, കഴിഞ്ഞ കളിക്ക് ശേഷം ഞങ്ങൾക്ക് ആറ് ദിവസത്തെ അവധി ലഭിച്ചു.
അതിനാൽ, ഞങ്ങൾ നല്ല വിശ്രമത്തിലാണ്. സെമിഫൈനലിന് മുമ്പ് ഞങ്ങൾക്ക് ഒരു ഗെയിം കൂടി ലഭിക്കുന്നു. എല്ലാവരും ഉന്മേഷവാന്മാരാണ്. കൂടുതൽ പറയുന്നില്ല''-എന്നായിരുന്നു ദ്രാവിഡിന്റെ വാക്കുകൾ. മറ്റൊരു അട്ടിമറിയിലൂടെ എട്ടാം സ്ഥാനത്തേക്കെങ്കിലുമുയർന്ന് ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടുകയെന്ന സ്വപ്നമാണ് നെതർലൻഡ്‌സിന് അവശേഷിക്കുന്നത്.
ഇന്ത്യൻ ടീമിൽ ഇതുവരെ കാര്യമായി അവസരം ലഭിക്കാത്ത ഇഷാൻ കിഷനും ആർ അശ്വിനും സെമിക്ക് മുമ്പ് പ്ലേയിങ് ഇലവനിൽ അവസരം കിട്ടുമോ എന്നും ആരാധകർ ആകാംക്ഷോടെ ഉറ്റുനോക്കുന്നു. അശ്വിൻ ഓസ്‌ട്രേലിയക്കതിരായ ആദ്യ കളിയിൽ മാത്രമാണ് കളിച്ചത്. കിഷനാകട്ടെ ഗിൽ കളിക്കാതിരുന്ന ആദ്യ രണ്ട് കളികളിലും ഓപ്പണറായി ഇറങ്ങി.
ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും തന്നെയാവും ഇന്ത്യക്കായി ഇന്ന് ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. വൺ ഡൗണായി വിരാട് കോലി എത്തുമ്പോൾ നാലാം നമ്പറിൽ ശ്രേയസ് തുടരും. സെമിക്ക് മുമ്പ് കെ എൽ രാഹുലിന് വിശ്രമം അനുവദിച്ചാൽ ഇഷാൻ കിഷന് അഞ്ചാം നമ്പറിൽ അവസരം ഒരുങ്ങും. സൂര്യകുമാർ യാദവ് പ്ലേയിങ് ഇലവനിൽ ഫിനിഷറായി തുടരും.
രവീന്ദ്ര ജഡേജ ഏഴാം നമ്പറിൽ സ്പിൻ ഓൾ റൗണ്ടറായി എത്തുമ്പോൾ കുൽദീപ് യാദവിന് ഇന്ന് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. കുൽദീപിന് പകരം ആർ അശ്വിൻ ഇന്ന് പ്ലേയിങ് ഇലവനിൽ കളിച്ചേക്കും. പേസർമാരായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തുടരുമ്പോൾ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ച് ഷാർദ്ദുൽ താക്കൂറിന് അവസരം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
സ്പോർട്സ് ഡെസ്ക്