കറാച്ചി: ലോകകപ്പിൽ ഇംഗ്ലണ്ടിനോട് കനത്ത തോൽവി വഴങ്ങി പാക്കിസ്ഥാൻ സെമി കാണാതെ പുറത്തായതിന് പിന്നാലെ മുൻ നായകൻ മുഹമ്മദ് ഹഫീസിനെ പരിഹസിച്ച് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തിൽ സെഞ്ചുറി നേടി സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോർഡിനൊപ്പമെത്തിയ വിരാട് കോലിയുടെ പ്രകടനം സ്വാർത്ഥത നിറഞ്ഞതായിരുന്നുവെന്ന ഹഫീസിന്റെ പരാമർശത്തിനാണ് മൈക്കൽ വോൺ മറുപടി നൽകിയത്.

49ാം സെഞ്ചുറി തികക്കാനായി ഇന്ത്യൻ ഇന്നിങ്‌സിനൊടുവിൽ കോലി ബാറ്റിങ് വേഗം കുറച്ചുവെന്നും റെക്കോർഡിലായിരുന്നു കോലിയുടെ കണ്ണെന്നും ഹഫീസ് ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ടീമിന്റെ താൽപര്യത്തിന് മുൻതൂക്കം നൽകുമ്പോൾ കോലി വ്യക്തിഗത റെക്കോർഡുകളാണ് ലക്ഷ്യമിടുന്നതെന്നും ഹഫീസ് ആരോപിച്ചിരുന്നു.

എന്നാൽ ശ്രീലങ്കക്കെതിരെ ന്യൂസിലൻഡ് വമ്പൻ ജയം നേടിയതോടെ ലോകകപ്പിൽ സെമി സാധ്യത ഏതാണ്ട് അവസാനിച്ച പാക്കിസ്ഥാന് ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമെ സെമിയിലെത്താൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഇംഗ്ലണ്ടിനോട് 93 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതോടെ പാക്കിസ്ഥാൻ സെമിയിലെത്താതെ പുറത്തായി.

ഇതിന് പിന്നാലെയാണ് ഹഫീസിനുള്ള മറുപടിയായി കോലിയെപ്പോലെ പാക് ബാറ്റർമാരും കുറച്ച് കൂടി സ്വർത്ഥത കാണിച്ചിരുന്നെങ്കിൽ പാക്കിസ്ഥാൻ ജയിച്ചേനെ അല്ലെ മുഹമ്മദ് ഫഫീസ് എന്ന് മൈക്കൽ വോൺ ചോദിച്ചത്. ഇതിന് ഇതുവരെ ഹഫീസ് മറുപടി നൽകിയിട്ടില്ല.

അതേ സമയം ഈ ലോകകപ്പിലെ നിലവിലെ ടീമിന്റെ പ്രകടനങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക് കൂടുതലൊന്നും പറയാൻ തയാറായില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായെങ്കിലും തോൽവിയോടെ മെൻ ഇൻ ഗ്രീനിന്റെ സെമി ഫൈനൽ മോഹങ്ങൾ അവസാനിച്ചിരുന്നു.

ടൂർണമെന്റിൽ നാല് മത്സരങ്ങളാണ് പാക് ടീം ജയിച്ചത്. എതിരാളികളായ അഫ്ഗാനിസ്ഥാനെ പോലെ തന്നെ എട്ട് പോയിന്റുകളാണ് പാക്കിസ്ഥാനും നേടിയത്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ബാബർ അസമും സംഘവും അഞ്ചാം സ്ഥാനത്തെത്തിയത്. എന്നാൽ ആറാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽ പാക്കിസ്ഥാനേക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചുവെന്ന് ഷൊയ്ബ് മാലിക് വിശ്വസിക്കുന്നു.

'അഫ്ഗാനിസ്ഥാൻ ഞങ്ങളേക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചു. എന്റെ അഭിപ്രായത്തിൽ, ഈ ലോകകപ്പിലെ പ്രകടനങ്ങൾ വിലയിരുത്തിയാൽ അഫ്ഗാനിസ്ഥാൻ ഞങ്ങളേക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചു.' ഹഷ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള ടീമിനെ പ്രശംസിച്ചുകൊണ്ട് മാലിക് എ സ്പോർട്സിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനാണ് മികച്ച ടീമെന്ന് മുൻ പേസർ വസീം അക്രത്തിനും തോന്നി. ഇരു ടീമുകളുടെയും അധ്വാനം ചൂണ്ടികാണിച്ചായിരുന്നു അത്.

'അഫ്ഗാനികൾ കൂടുതൽ ശക്തരായി കാണപ്പെട്ടു. ഒരുപക്ഷെ, ഞങ്ങളുടെ ടീം തുടർച്ചയായി ക്രിക്കറ്റ് കളിക്കുന്നതിനാൽ ക്ഷീണിതരായേക്കാം. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ പാക്കിസ്ഥാനേക്കാൾ മികച്ചതായി കാണപ്പെട്ടു, സംശയമില്ല.' ടൂർണമെന്റിൽ നെതർലാൻഡ്സ്, ശ്രീലങ്ക, പാക്കിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവർക്കെതിരെയുള്ള വിജയങ്ങൾക്ക് പുറമേ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ വരെ വിറപ്പിച്ച് ടീം മികച്ച ക്രിക്കറ്റ് കളിക്കുകയും ചെയ്തു. വസീം അക്രം പറഞ്ഞു.