- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നുന്ന തുടക്കമിട്ട് രോഹിത്; അർധ സെഞ്ചുറിയുമായി ഗില്ലും കോലിയും; റൺവേട്ടയിൽ കോലി മൂന്നാമത്; മുംബൈയിലെ കനത്ത ചൂടിൽ റിട്ടയേർഡ് ഹർട്ടായി ഗിൽ; ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
മുംബൈ: ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 31 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ് ഇന്ത്യ.
ഓപ്പണർ ശുഭ്മാൻ ഗില്ലും വിരാട് കോലിയും അർധ സെഞ്ചുറി നേടി. ഗില്ലിന്റെ ഏകദിന കരിയറിലെ 13-ാം അർധ സെഞ്ചുറിയാണിത്. 65 പന്തിൽ നിന്ന് 79 റൺസെടുത്തുനിൽക്കേ പേശീവലിവ് കാരണം ഗിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങി. മുംബൈയിലെ കനത്ത ചൂടാണ് താരത്തിന് തിരിച്ചടിയായത്. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസിൽ.
ഇന്ത്യയ്ക്കായി വിരാട് കോലി അർധ സെഞ്ചുറി നേടി റെക്കോഡിട്ടു. ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോഡും ഇതോടെ കോലി സ്വന്തമാക്കി. ഇത്തവണ ഇത് എട്ടാം തവണയാണ് കോലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അൽ ഹസ്സൻ, സച്ചിൻ തെണ്ടുൽക്കർ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്.
ഇതോടൊപ്പം ഏകദിന റൺനേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് വിരാട് കോലി മൂന്നാം സ്ഥാനത്തെത്തി. കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നിൽ.
നേരത്തേ നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 29 പന്തിൽ 47 റൺസെടുത്ത താരത്തെ ടിം സൗത്തി കെയ്ൻ വില്യംസണിന്റെ കൈയിലെത്തിച്ചു. ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ട്രെന്റ് ബോൾട്ടെറിഞ്ഞ ആദ്യ ഓവറിൽ തന്നെ രോഹിത് രണ്ട് ബൗണ്ടറിയടിച്ച് 10 റൺസ് നേടി. ടിം സൗത്തിയുടെ തൊട്ടടുത്ത ഓവറിൽ ഗില്ലും ഇരട്ട ബൗണ്ടറി നേടി. ബോൾട്ടിന്റെ മൂന്നാം ഓവറിലായിരുന്നു മത്സരത്തിൽ രോഹിത്തിന്റെ ആദ്യ സിക്‌സ്. സൗത്തിയെറിഞ്ഞ നാലാം ഓവറിലും സിക്‌സും ഫോറും നേടിയ രോഹിത് ബോൾട്ടിന്റെ അടുത്ത ഓവറിലും സിക്‌സടിച്ച് ലോകകപ്പിലെ സിക്‌സർ നേട്ടത്തിൽ ലോക റെക്കോർഡിട്ടു. ലോകകപ്പിൽ 27 മത്സരങ്ങളിൽ 50 സിക്‌സുകൾ തികച്ച രോഹിത് 49 സിക്‌സുകൾ നേടിയിരുന്ന ക്രിസ് ഗെയ്ലിനെയാണ് മറികടന്നത്. 43 സിക്‌സുകളുമായി ഗ്ലെൻ മാക്‌സ്വെൽ രോഹിത്തിന് പിന്നിലുണ്ട്.
എ ബി ഡിവില്ലിയേഴ്‌സ്(37), ഡേവിഡ് വാർണർ(37) എന്നിവരാണ് ലോകകപ്പിലെ സിക്‌സർ നേട്ടത്തിൽ രോഹിത്തിന് പിന്നിലുള്ളവർ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടുന്ന താരമെന്ന റെക്കോർഡും രോഹിത് ഇന്ന് സ്വന്തമാക്കി. 2015 ലോകകപ്പിൽ 26 സിക്‌സ് അടിച്ച ഗെയ്ലിനെ തന്നെയാണ് ഈ ലോ കകപ്പിൽ 28 സിക്‌സുമായി രോഹിത് മറികടന്നത്. ഓയിൻ മോർഗൻ(22) ഈ ലോകകപ്പിൽ ഗ്ലെൻ മാക്‌സ്വെൽ(22), എ ബി ഡിവില്ലിയേഴ്‌സ്(21), ഈ ലോകകപ്പിൽ ക്വിന്റൺ ഡീ കോക്ക്(21) എന്നിവരാണ് രോഹിത്തിന് പിന്നിലുള്ളത്.
ആദ്യ അഞ്ചോവറിൽ 47 റൺസടിച്ച ഇന്ത്യ ബൗളിങ് മാറ്റമായി മിച്ചൽ സാന്റ്‌നർ എത്തിയപ്പോഴും വെറുതെ വിട്ടില്ല. സാന്റ്‌നറെ സിക്‌സ് അടിച്ച് വരവേറ്റ രോഹിത്തിന് പക്ഷെ ഒമ്പതാം ഓവറിൽ സൗത്തിയുടെ സ്ലോ ബോളിൽ പിഴച്ചു. സിക്‌സ് അടിക്കാനായി ഫ്രണ്ട് ഫൂട്ടിൽ ഇറങ്ങി ഷോട്ട് കളിച്ച രോഹിത് മിഡോഫിൽ കിവീസ് നായകൻ കെയ്ൻ വില്യംസണിന്റെ മനോഹര ക്യാച്ചിൽ പുറത്തായി. നാലു ഫോറും നാലു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. രോഹിത് പുറത്തായശേഷമെത്തിയ കോലി തുടക്കത്തിൽ തന്നെ ടിം സൗത്തിയുടെ ശക്തമായ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ചു. റിവ്യു എടുത്തെങ്കിലും പന്ത് കോലിയുടെ ബാറ്റിലുരസിയതിനാൽ ഔട്ടാകാതെ രക്ഷപ്പെട്ടു.
പവർ പ്ലേയിലെ ആദ്യ പത്തോവറിൽ 84 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. പതിമൂന്നാം ഓവറിൽ ലോക്കി ഫെർഗൂസനെ സിക്‌സിനും ഫോറിനും പറത്തിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ 100 കടത്തിയത്.
എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ മുഴുവൻ പോയന്റും സ്വന്തമാക്കി ഒന്നാംസ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസീലൻഡാകട്ടെ ആദ്യ നാലുമത്സരങ്ങൾ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോറ്റു. അവസാനമത്സരത്തിൽ ജയിച്ച് നാലാംസ്ഥാനത്തോടെ സെമി ഉറപ്പാക്കി.
2019 ഏകദിന ലോകകപ്പിൽ 18 റൺസിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിൽക്കടന്നത്. 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവർ എട്ടുവിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ച് കപ്പടിച്ചു. അതിന്, സ്വന്തംനാട്ടിൽ പകരംവീട്ടാനുള്ള സുവർണാവസരംകൂടിയാണ് ഇന്ത്യയ്ക്ക് ഈ മത്സരം.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.
ടീം ന്യൂസീലൻഡ്: ഡെവൻ കോൺവെ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്‌സ്, മാർക് ചാപ്മാൻ, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൻ, ട്രെന്റ് ബോൾട്ട്.
സ്പോർട്സ് ഡെസ്ക്