മുംബൈ: ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറികളിൽ അർധസെഞ്ച്വറി പൂർത്തിയാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ മറികടന്ന് കിങ് കോലി. 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളിൽ ഒന്നാണ് അമ്പത് സെഞ്ചുറികൾ നേടി വിരാട് കോലി സ്വന്തം പേരിൽ കുറിച്ചത്. ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ദൈവത്തിന് ശേഷം ഇനി ക്രിക്കറ്റിൽ ഒരേയൊരു രാജാവും.

49 സെഞ്ച്വറികളിൽ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വർഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി മാറി. 50 ഓവർ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ. ഒരുപക്ഷേ ഇനി ഒരിക്കലും ഒരാളും തിരുത്താൻ സാധ്യതയില്ലാത്ത റെക്കോഡുകളുടെ ഗണത്തിലേക്ക്. 290 മത്സരങ്ങളിൽ 278 ഇന്നിങ്‌സുകളിൽനിന്നുമാണ് സെഞ്ചുറികളുടെ അർധ സെഞ്ചുറി കോലി പേരിൽ കുറിച്ചത്.  117 റൺസ് നേടിയ കോലി പിന്നാലെ മടങ്ങിയിരുന്നു. ഒമ്പത് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

തന്നെക്കാൾ വലിയവൻ പിന്നാലെ എന്നാണല്ലോ. ഈ റെക്കോഡ് തിരുത്തപ്പെടുമോ എന്ന ചോദ്യത്തിന് 'ഇന്ത്യക്കാരൻ ഈ ഇരിക്കുന്ന എന്റെ സഹതാരം തന്നെ എന്ന് അന്ന് സച്ചിൻ പറഞ്ഞത് എത്രകൃത്യം. രോഹിത്തോ കോലിയോ എന്നായിരുന്നു സച്ചിന്റെ പ്രവചനം. ആ നിയോഗം കോലിക്ക് തന്നെ. കോലി തന്റെ റെക്കോഡ് തിരുത്തുമ്പോൾ എല്ലാത്തിനും ക്രിക്കറ്റ് 'ദൈവം' തന്നെ സാക്ഷി. ക്രിക്കറ്റ് ദൈവത്തിന്റെ മെക്കയായ വാഖഡെയിൽ തന്നെ ആ റെക്കോഡ് തിരുത്തപ്പെടുന്നു.

49 സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. സച്ചിന്റെ ഹോംഗ്രൌണ്ടായിരുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിയാലിരുന്നു കോലി ക്രിക്കറ്റ് ഇതിഹാസത്തെ വീഴ്‌ത്തിയത്. 31 സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുന്നാമത്. റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങൾ.

ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി പഴങ്കഥയാക്കിയത്. ന്യൂസിലൻഡിനെതിരായ സെമി ഫൈനലിൽ വ്യക്തിഗത സ്‌കോർ 80 പിന്നിട്ടപ്പോൾ റെക്കോർഡ് കോലിയുടെ പേരിലായി. ഇക്കാര്യത്തിൽ മുൻ ഓസീസ് താരം മാത്യൂ ഹെയ്ഡൻ മൂന്നാമതായി. 2007ൽ ലോകകപ്പിലാണ് ഹെയ്ഡൻ ഇത്രയും റൺസ് അടിച്ചുകൂട്ടിയത്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നാലാം സ്ഥാനത്ത്. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ 648 റൺസാണ് രോഹിത് നേടിയത്. അതേ ലോകകപ്പിൽ 647 റൺസ് നേടിയ ഡേവിഡ് വാർണർ അഞ്ചാമത്. ടി20 ലോകകപ്പിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും കോലിയാണ്. 2016 ലോകകപ്പിൽ 319 റൺസാണ് കോലി നേടിയത്. ഒരു ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസും കോലിയുടെ പേരിൽ. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 558 റൺസാണ് കോലി അടിച്ചെടുത്തത്.

ഇതിഹാസ താരം സച്ചിന്റെ ഒന്നിലേറെ റെക്കോർഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ 50+ സ്‌കോർ നേടുന്ന താരം എന്നീ റെക്കോർഡുകളിലും കോലി സച്ചിനെ മറികടന്നു. 106 പന്തുകളിൽനിന്നാണ് കോലി സെഞ്ചറി പൂർത്തിയാക്കിയത്.

ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാവാവും കോലിക്ക് സാധിച്ചു. ഇന്ന് റിക്കി പോണ്ടിംഗിനെയാണ് (13,704)യാണ് കോലി മറികടന്നത്. നിലവിൽ മൂന്നാമനാണ് കോലി. സച്ചിൻ (18426), കുമാർ സംഗക്കാര (14234) എന്നിവരാണ് കോലിയുടെ മുന്നിൽ. സനത് ജയസൂര്യ (13430) അഞ്ചാമത്.

65 പന്തിൽ 79 റൺസെടുത്തു നിൽക്കേ പേശീവലിവിനേത്തുടർന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത് ആരാധകർക്ക് നിരാശയായി. എന്നാൽ നാലാം നമ്പരിലിറങ്ങിയ ശ്രേയസ് അയ്യർ വമ്പൻ അടികളുമായി കളം നിറഞ്ഞതോടെ സ്‌കോർ കുത്തനെ ഉയർന്നു. 35 പന്തുകളിൽനിന്നാണ് ശ്രേയസ് അർധ സെഞ്ചറി കണ്ടെത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യവിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ലോകകപ്പിൽ കൂടുതൽ സിക്‌സുകളെന്ന റെക്കോർഡും ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. 27 ഇന്നിങ്‌സുകളിൽനിന്ന് 50 സിക്‌സാണ് രോഹിത്ത് അടിച്ചെടുത്തത്. 34 ഇന്നിങ്‌സുകളിൽ 49 സിക്‌സുകൾ അടിച്ച വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് ശർമ പിന്നിലാക്കിയത്.

ലോകകപ്പിൽ 1,500 റൺസും രോഹിത് സെമി ഫൈനൽ പോരാട്ടത്തിൽ പിന്നിട്ടു. മത്സരത്തിൽ 29 പന്തുകൾ നേരിട്ട താരം 47 റൺസെടുത്തു പുറത്തായി. ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്താണ് രോഹിത്തിന്റെ പുറത്താകൽ. സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മൻ ഗിൽ കടുത്ത പേശീവലിവിനേത്തുടർന്ന് 23ാം ഓവറിൽ ക്രീസ് വിട്ടു. പിന്നാലെ വിരാട് കോലി അർധ സെഞ്ചറി പൂർത്തിയാക്കി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ സ്‌കോർ നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി. ഈ ലോകകപ്പിൽ കോലിയുടെ എട്ടാമത്തെ 50+ സ്‌കോറാണിത്. സച്ചിൻ തെൻഡുൽക്കർ, ഷാക്കിബ് അൽഹസൻ എന്നിവരുടെ റെക്കോർഡാണ് പഴങ്കഥയായത്.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെ കീഴടക്കിയ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കിവീസിനെ നേരിടുന്നത്. ന്യൂസീലൻഡ് ടീമിലും മാറ്റങ്ങളില്ല.

മികച്ച ബാറ്റിങ് ട്രാക്കാണ് വാങ്കഡെയിലേത്. ബൗണ്ടറിയിലേക്കു ദൂരം കുറവാണെന്നതും സ്‌കോറിങ് അനായാസമാക്കുന്നു. ഈ ലോകപ്പിൽ ഇവിടെ നടന്ന 4 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ശരാശരി സ്‌കോർ 357 റൺസാണ്. പേസർമാർക്ക് കാര്യമായ പിന്തുണ ലഭിക്കുക രണ്ടാം ഇന്നിങ്‌സിൽ ബോൾ പഴകുന്നതു വരെയുള്ള ആദ്യ 20 ഓവറുകളിലാവും. ലോകകപ്പിലെ രണ്ടാം ഇന്നിങ്‌സിലെ പവർ പ്ലേയിൽ പേസർമാർ ഏറ്റവും അധികം വിക്കറ്റ് (17) നേടിയ മൈതാനവും ഇതാണ്.

പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത. ലോകകപ്പിലെ നാലിൽ ഒരു മത്സരത്തിൽ മാത്രം ആ പതിവ് തെറ്റിച്ചത് അഫ്ഗാനിസ്ഥാൻ ഓസ്‌ട്രേലിയ മത്സരമാണ്. ഗ്ലെൻ മാക്‌സ്വെലിന്റെ അദ്ഭുത ഇന്നിങ്‌സ് ആയിരുന്നു കാരണം. മറ്റു 3 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം 200 കടന്നിട്ടില്ല.