മുംബൈ: ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ അർധസെഞ്ചുറി പൂർത്തിയാക്കിയ വിരാട് കോലിയുടേയും തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും ബാറ്റിങ് വെടിക്കെട്ടിൽ ന്യൂസിലൻഡിനെതിരെ ലോകകപ്പ് സെമി ഫൈനലിൽ റൺമല തീർത്ത് ഇന്ത്യ. ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലൻഡിന് 398 റൺസ് വിജയദൂരമാണ് ഇന്ത്യ കുറിച്ചത്.

ഏകദിന ലോകകകപ്പ് സെമി ഫൈനലിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെതിരെ കൂറ്റൻ സ്‌കോറാണ് കുറിച്ചത്. വിരാട് കോലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറി കരുത്തിൽ 397 റൺസാണ് നേടിയത്. ശുഭ്മാൻ ഗിൽ 80 റൺസ് നേടി. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏകദിനത്തിൽ 50-ാം സെഞ്ചുറി, ഒരു ലോകകപ്പിൽ കൂടുതൽ 50+ റൺസ് എന്നിങ്ങനെ റെക്കോഡുകൾ ഓരോന്നായി കോലി തിരുത്തിയെഴുതി. കിവീസ് ബൗളർമാരെ ഒന്നടങ്കം പ്രഹരിച്ച ഇന്ത്യൻ ബാറ്റർമാർ വാംഖഡേയിൽ ദീപാവലിയുടെ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്.

ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് കോലിയുടെ പേരിലായി. സച്ചിൻ ടെൻഡുൽക്കറെയാണ് 49 സെഞ്ചുറികളെന്ന റെക്കോർഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും റൺസെന്ന റെക്കോർഡും സച്ചിനിൽ (673) നിന്ന് കോലി തട്ടിയെടുത്തു. 711 റൺസാണ് കോലിയുടെ അക്കൗണ്ടിൽ. 106 പന്തുകളിൽനിന്നാണ് കോലി സെഞ്ചറി പൂർത്തിയാക്കിയത്.

എപ്പോഴത്തേയും പോലെ മികച്ച തുടക്കം നൽകിയ ശേഷമാണ് ക്യാപ്റ്റൻ രോഹിത് ശർമ (29 പന്തിൽ 47) മടങ്ങിയത്. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ കൈകളിലെത്തിക്കുമ്പോൾ ഇന്ത്യ 8.2 ഓവറിൽ 71 റൺസ് നേടിയിരുന്നു. പിന്നാലെ കോലി ക്രീസിലേക്ക്. കോലി സൂക്ഷിച്ച് കളിച്ചപ്പോൾ ഗിൽ ഒരറ്റത്ത് ആക്രമണം തുടർന്നു. എന്നാൽ അധികനേരം അദ്ദേഹത്തിന് ക്രീസിൽ തുടരനായില്ല. മുംബൈയിലെ കനത്ത ചൂടിൽ തളർന്ന ഗിൽ റിട്ടയേർഡ് ഹർട്ടായി. മടങ്ങുമ്പോൾ മൂന്ന് സിക്സും എട്ട് ഫോറും ഗിൽ നേടിയിരുന്നു. പിന്നീട് അവസാന ഓവറിൽ താരം ബാറ്റിംഗിനെത്തി ഒരു പന്ത് നേരിട്ടു.

വൈകാതെ കോലി തന്റെ അമ്പതാം സെഞ്ചുറി പൂർത്തിയാക്കി. 113 പന്തുകൾ നേരിട്ട കോലി 117 റൺസാണ് ഒന്നാകെ നേടിയത്. രണ്ട് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്. 48-ാം ഓവറിൽ ശ്രേയസ് അയ്യരും സെഞ്ചുറി പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 70 പന്തുകൾ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്സും നാല് ഫോറും നേടി. 49-ാം ഓവറിൽ ട്രന്റ് ബോൾട്ടിന് വിക്കറ്റ് നൽകിയാണ് ശ്രേയസ് മടങ്ങുന്നത്. സൂര്യകുമാർ യാദവ് (1) അവസാന ഓവറിൽ മടങ്ങി. ഗില്ലിനൊപ്പം കെ എൽ രാഹുൽ (39) പുറത്താവാതെ നിന്നു.

സെമിയിൽ ടോസിന്റെ ഭാഗ്യം തുണച്ചതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. കിവികൾക്കെതിരായ സെമിയിലെ ചരിത്രത്തിലെക്കൊന്നും തിരിഞ്ഞുനോക്കാതെ രോഹിത്തും സംഘവും തുടങ്ങി. വെടിക്കെട്ടോടെ. കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടു തന്നെ ഗില്ലും രോഹിത്തും ആദ്യ ഓവറുമുതൽ തന്നെ കിവീസ് ബൗളർമാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയിൽ കളംനിറഞ്ഞതോടെ ഇന്ത്യൻ സ്‌കോർ വേഗത്തിൽ 50-കടന്നു. പിന്നാലെ ടീം സ്‌കോർ 71-ൽ നിൽക്കേ രോഹിത്ത് പുറത്തായി. സൗത്തിയുടെ പന്തിൽ രോഹിത്ത് വില്ല്യംസന്റെ കൈകളിൽ ഒതുങ്ങി.

പിന്നാലെ ഇറങ്ങിയ കോലി പതിയെയാണ് തുടങ്ങിയത്. മറുവശത്ത് ഗിൽ വേഗത്തിൽ റൺസ് കണ്ടെത്തി. പിന്നാലെ കിവീസ് ബൗളർമാർക്ക് പിടികൊടുക്കാതെ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചു. മികച്ച കൂട്ടുകെട്ടും പടുത്തുയർത്താൻ തുടങ്ങി. പിന്നെ കോലി റെക്കോഡുകൾ ഓരോന്നായി വെട്ടിപ്പിടിക്കുന്നതിനാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് കോലി ആദ്യം എത്തിപ്പിടിച്ചത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെയാണ് മറികടന്നത്. പിന്നാലെ 22.4 ഓവറിൽ ടീം 164-1 എന്ന നിലയിൽ നിൽക്കേ ശുഭ്മാൻ ഗിൽ പരിക്കേറ്റ് പുറത്തായി. താരം റിട്ടയേഡ് ഹർട്ടായി മടങ്ങിയതോടെ പകരം ശ്രേയസ്സ് അയ്യർ ക്രീസിലെത്തി.

പിന്നെ ഇരുവരും കിവീസ് പോരാട്ടത്തിന് ചുക്കാൻപിടിച്ചു. വൈകാതെ 50-തികച്ച കോലി വീണ്ടും ചരിത്രമെഴുതി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50-ലധികം റൺസ് നേടുന്ന താരമായാണ് കോലി മാറിയത്. എട്ട് തവണ 50-ലധികം റൺസ് നേടിയ കോലി സച്ചിൻ(2003), ഷാക്കിബ്(2019) എന്നിവനരുടെ നേട്ടമാണ് മറികടന്നത്. ശ്രേയസ്സ് അയ്യരും വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറയുന്നതാണ് പിന്നീട് വാംഖഡേയിൽ കണ്ടത്.

80-റൺസ് കണ്ടെത്തിയ കോലി മറ്റൊരു ചരിത്രവും കുറിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് കോലി മാറിയത്. 673-റൺസ് നേടിയ (2003) സച്ചിന്റെ റെക്കോഡാണ് കോലി തകർത്തത്. മറുവശത്ത് അർധസെഞ്ചുറി തികച്ച ശ്രേയസ് അയ്യരും കോലിക്ക് മികച്ച പിന്തുണ നൽകി. പിന്നെ കോലിയുടെ 50-ാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ഇമ ചിമ്മാതെ ലോകം ഒന്നടങ്കം ആ നിമിഷത്തിനായി കാത്തിരുന്നു. ഒടുക്കം അയാൾ ആ റെക്കോഡും സ്വന്തമാക്കി.

ഇന്ത്യൻ സ്‌കോർ 300- കടന്നു. ഇരുവരും നോക്കൗട്ട് റൗണ്ടിലെ ഇന്ത്യയുടെ ഏറ്റവുൂം മികച്ച കൂട്ടുകെട്ടുകളിലൊന്നും പടുത്തുയർത്തു.ടീം സ്‌കോർ 327 നിൽക്കേ കോലിയുടെ വിക്കറ്റ് നഷ്ടമായി. സൗത്തിയുടെ പന്തിൽ കോലിയുടെ ഇന്നിങ്സ് കോൺവേയുടെ കൈകളിലെത്തി. ചരിത്രം കുറിച്ച് കോലി മടങ്ങുമ്പോൾ ഗാലറികളിൽ നിന്ന് കയ്യടികളുയർന്നു. 44-ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ശ്രേയസ്സും സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി.

പിന്നാലെ കെഎൽ രാഹുലും(39) തിരിച്ചുവന്ന ഗില്ലിന്റേയും പ്രകടനത്തിൽ ഇന്ത്യൻ ഇന്നിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 397-ൽ അവസാനിച്ചു. ഒരു റൺ മാത്രമെടുത്ത സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി. കിവീസിനായി ടീം സൗത്തി 3 വിക്കറ്റെടുത്തപ്പോൾ ബോൾട്ട് ഒരു വിക്കറ്റെടുത്തു.