മുംബൈ: ഏകദിനക്രിക്കറ്റിൽ സെഞ്ച്വറികളിൽ അർധസെഞ്ച്വറിയുമായി തന്റെ റെക്കോഡ് മറികടന്ന വിരാട് കോലിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോർഡ് തകർത്തതിൽ സന്തോഷിക്കാതിരിക്കാനാകിന്നില്ലെന്ന് സച്ചിൽ എക്‌സിൽ കുറിച്ചു. ലോകകപ്പ് സെമി ഫൈനൽ പോലുള്ള വലിയ വേദിയിൽ തന്റെ ഹോം ഗ്രൗണ്ടിലെ റെക്കോഡ് നേട്ടം ഇരട്ടി സന്തോഷം തരുന്നതാണെന്നും അദ്ദേഹം കുറിച്ചു.

'ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, എന്റെ കാലിൽ തൊട്ടു വണങ്ങിയതിന് സഹതാരങ്ങൾ നിങ്ങളെ കളിയാക്കി. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, കഴിവും അഭിനിവേശവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. അന്നത്തെ ആ കുട്ടി 'വിരാട്' എന്ന കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതിൽ പരം സന്തോഷമില്ല . അതും ലോകകപ്പ് സെമി ഫൈനൽ പോലുള്ള വലിയ വേദിയിൽ, എന്റെ ഹോം ഗ്രൗണ്ടിൽ തന്നെ, സച്ചിൽ കുറിപ്പിൽ പറയുന്നു.

ഏകദിന ക്രിക്കറ്റിൽ 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളിൽ ഒന്നാണ് വിരാട് കോലി മറികടന്നത്. 49 സെഞ്ച്വറികളിൽ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വർഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി മാറി.

50 ഓവർ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ. ഒരുപക്ഷേ ഇനി ഒരിക്കലും ഒരാളും തിരുത്താൻ സാധ്യതയില്ലാത്ത റെക്കോഡുകളുടെ ഗണത്തിലേക്ക്. തന്നെക്കാൾ വലിയവൻ പിന്നാലെ എന്നാണല്ലോ. ഈ റെക്കോഡ് തിരുത്തപ്പെടുമോ എന്ന ചോദ്യത്തിന് 'ഇന്ത്യക്കാരൻ ഈ ഇരിക്കുന്ന എന്റെ സഹതാരം തന്നെ എന്ന് അന്ന് സച്ചിൻ പറഞ്ഞത് എത്രകൃത്യം. രോഹിത്തോ കോലിയോ എന്നായിരുന്നു സച്ചിന്റെ പ്രവചനം. ആ നിയോഗം കോലിക്ക് തന്നെ. കോലി തന്റെ റെക്കോഡ് തിരുത്തുമ്പോൾ എല്ലാത്തിനും ക്രിക്കറ്റ് 'ദൈവം' തന്നെ സാക്ഷി. ക്രിക്കറ്റ് ദൈവത്തിന്റെ മെക്കയായ വാഖഡെയിൽ തന്നെ ആ റെക്കോഡ് തിരുത്തപ്പെടുന്നു.

ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി പഴങ്കഥയാക്കിയത്.

സെഞ്ചുറികളുടെ കണക്കിൽ 31 സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുന്നാമത്. റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങൾ. 117 റൺസ് നേടിയ കോലി പിന്നാലെ മടങ്ങിയിരുന്നു. ഒമ്പത് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സച്ചിനിൽ നിന്നും കോലി തട്ടിയെടുത്തിരുന്നു. 2003 ലോകകപ്പിൽ 673 റൺസാണ് കോലി നേടിയിരുന്നത്. ന്യൂസിലൻഡിനെതിരെ വ്യക്തിഗത സ്‌കോർ 80 പിന്നിട്ടപ്പോൾ റെക്കോർഡ് കോലിയുടെ പേരിലായി. ഇക്കാര്യത്തിൽ മുൻ ഓസീസ് താരം മാത്യൂ ഹെയ്ഡൻ മൂന്നാമതായി. 2007ൽ ലോകകപ്പിലാണ് ഹെയ്ഡൻ ഇത്രയും റൺസ് അടിച്ചുകൂട്ടിയത്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നാലാം സ്ഥാനത്ത്. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ 648 റൺസാണ് രോഹിത് നേടിയത്. അതേ ലോകകപ്പിൽ 647 റൺസ് നേടിയ ഡേവിഡ് വാർണർ അഞ്ചാമത്. ടി20 ലോകകപ്പിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും കോലിയാണ്. 2016 ലോകകപ്പിൽ 319 റൺസാണ് കോലി നേടിയത്. ഒരു ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസും കോലിയുടെ പേരിൽ. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 558 റൺസാണ് കോലി അടിച്ചെടുത്തത്.

ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാവാവും കോലിക്ക് സാധിച്ചു. ഇന്ന് റിക്കി പോണ്ടിംഗിനെയാണ് (13,704)യാണ് കോലി മറികടന്നത്. നിലവിൽ മൂന്നാമനാണ് കോലി. സച്ചിൻ (18426), കുമാർ സംഗക്കാര (14234) എന്നിവരാണ് കോലിയുടെ മുന്നിൽ. സനത് ജയസൂര്യ (13430) അഞ്ചാമത്.