- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിൽ ജയിച്ചത് നാല് മത്സരങ്ങളിൽ മാത്രം; പാക്കിസ്ഥാൻ ടീമിന്റെ നായക സ്ഥാനം രാജിവച്ച് ബാബർ അസം; ദേശീയ ടീമിനെ നയിക്കാനായതിൽ അഭിമാനമെന്ന് താരം; പകരക്കാരനെ പ്രഖ്യാപിക്കാതെ പിസിബി
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിൽ അഞ്ച് മത്സരങ്ങളിലും തോറ്റ് സെമി കാണാതെ പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബർ അസം രാജിവിച്ചു. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ രാജി. ഏറെ പ്രതീക്ഷയോടെ വന്ന പാക്കിസ്ഥാന് അഞ്ചാം സ്ഥാനത്ത് മാത്രമാണ് അവസാനിപ്പിക്കാൻ സാധിച്ചത്. മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി താരം എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളോട് അടക്കം പരാജയപ്പെടുകയും ചെയ്തു. താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പകരക്കാരനെ ഇതുവരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രീദി എന്നിവരിൽ ഒരാൾ നായകനായേക്കും.
ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാൽ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബർ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാന് വേണ്ടി മൂന്ന് ഫോർമാറ്റിലും ഇനിയും കളിക്കുമെന്നും ബാബർ വ്യക്തമാക്കി. തന്നെ ഉത്തരവാദിത്തം ഏൽപ്പിച്ച പിസിബിക്ക് ബാബർ നന്ദി പറഞ്ഞു.
പ്രസ്താവനയിൽ വിശദീകരിക്കുന്ന ബാക്കി കാര്യങ്ങളിങ്ങനെ... ''2019ൽ എന്നെ ക്യാപ്റ്റനാക്കികൊണ്ടുള്ള പിസിബിയുടെ ഫോൺ സന്ദേശം ഞാൻ ഓർക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ കരിയറിൽ കയറ്റിറങ്ങളുണ്ടായി. എന്നാൽ എപ്പോഴും പാക്കിസ്ഥാന്റെ പ്രതാപം ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകത്തെ ബഹുമാനിക്കുകയും ചെയ്തു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഒന്നാം നമ്പറാവാൻ പാക്കിസ്ഥാന് സാധിച്ചു. താരങ്ങൾ, പരിശീലകർ, ടീം മാനേജ്മെന്റ് എന്നിവരുടെ ശ്രമഫലം കൂടിയാണിത്. യാത്രയിൽ കൂടെ നിന്ന് പാക്കിസ്ഥാൻ ആരാധകരോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു.'' ബാബർ കുറിച്ചിട്ടു.
ലോകകപ്പിൽ കളിച്ച ഒമ്പത് ഗ്രൂപ്പ് മത്സരങ്ങളിൽ അഞ്ചും തോറ്റാണ് പാക്കിസ്ഥാൻ പുറത്തായത്. ബാറ്റിങ്ങിലും കാര്യമായി തിളങ്ങാൻ ബാബറിനായിരുന്നില്ല. ലോകകപ്പിന് മുൻപ് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാക്കിസ്ഥാൻ ലോകകപ്പിൽ അമ്പേ പരാജയപ്പെടുകയായിരുന്നു. സ്റ്റാർ ബാറ്ററായ ബാബർ അസമിന് പോലും 320 റൺസ് മാത്രമാണ് ഒമ്പത് മത്സരങ്ങളിൽ നിന്ന് നേടാനായത്. ഷഹീൻ അഫ്രീദിയോ ഷദാബ് ഖാനോ നായകസ്ഥാനത്തേക്ക് വരാനാണ് സാധ്യത.
പാക്കിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെ ബൗളിങ് മോർണെ മോർക്കൽ നേരത്തെ രാജിവച്ചിരുന്നു. ബാബറിനെ മാറ്റുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. നാല് മത്സരങ്ങളിൽ മാത്രമാണ് പാക്കിസ്ഥാന് ജയിക്കാൻ സാധിച്ചിരുന്നത്. ഇന്ത്യ, അഫ്ഗാൻ എന്നിവർക്ക് പിന്നാലെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവർക്കെതിരെയും പാക്കിസ്ഥാൻ തോറ്റു. ന്യൂസിലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നിവരെയാണ് പാക്കിസ്ഥാൻ തോൽപ്പിച്ചത്.
സ്പോർട്സ് ഡെസ്ക്