- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറിയുമായി ഡാരിൽ മിച്ചൽ; വില്യംസണൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച കിവീസിനെ പ്രതിരോധത്തിലാക്കി വീണ്ടും മുഹമ്മദ് ഷമി; ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി തിരിച്ചുവരവ്; ലോകകപ്പ് സെമി പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
മുംബൈ: ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കെതിരേ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസീലൻഡ് പൊരുതുന്നു. 35 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 224 റൺസെന്ന നിലയിലാണ് കിവീസ്. ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയാണ് കിവീസിന്റെ ഇന്നിങ്‌സിൽ നിർമ്മായകമായത്. നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് കീവിസിന്റെ ആക്രമണത്തിന് കടിഞ്ഞാണിട്ടത്.
39 റൺസ് എടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായ ന്യൂസിലൻഡിനെ മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസൺ - ഡാരിൽ മിച്ചൽ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 181 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മിച്ചൽ 85 പന്തിൽ അഞ്ച് സിക്‌സും എട്ട് ബൗണ്ടറിയും പറത്തിയാണ് സെഞ്ചുറി നേടിയത്. വില്യംസൺ 73 പന്തിൽ 69 റൺസ് നേടി മുഹമ്മദ് ഷമിയുടെ പന്തിൽ പുറത്തായി. അതേ ഓവറിൽ സ്‌കോർബോർഡ് തുറക്കുംമുമ്പ് ടോം ലാഥമിനെയും പുറത്താക്കി. നേരത്തേ ഡെവോൺ കോൺവെ (13), രചിൻ രവീന്ദ്ര (13) എന്നിവരുടെ വിക്കറ്റുകൾ കിവീസിന് നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയാണ് നാല് വിക്കറ്റും വീഴ്‌ത്തിയത്.
മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന് ക്യാച്ച് നൽകിയാണ് ഓപ്പണർമാരായ ഡെവോൺ കോൺവേയും രചിൻ രവീന്ദ്രയും പുറത്തായത്. ഇരുവരും 13 റൺസ് വീതമാണ് നേടിയത്.
നേരത്തേ ഇന്ത്യ നിശ്ചിത 50-ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തിരുന്നു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏകദിനത്തിൽ 50-ാം സെഞ്ചുറി, ഒരു ലോകകപ്പിൽ കൂടുതൽ 50-ൽ അധികം റൺസ് എന്നിങ്ങനെ റെക്കോഡുകൾ ഓരോന്നായി കോലി തിരുത്തിയെഴുതിയ മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ കിവീസിനു മുന്നിൽവെച്ചത്. സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ കോലിയും ശ്രേയസ്സ് അയ്യരുമാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂൺ. കിവീസ് ബൗളർമാരെ ഒന്നടങ്കം പ്രഹരിച്ച ബാറ്റർമാർ വാംഖഡേയിൽ മിന്നുംപ്രകടനമാണ് കാഴ്ചവെച്ചത്.
സെമിയിൽ ടോസിന്റെ ഭാഗ്യം തുണച്ചതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. കിവികൾക്കെതിരായ സെമിയിലെ ചരിത്രത്തിലെക്കൊന്നും തിരിഞ്ഞുനോക്കാതെ രോഹിത്തും സംഘവും തുടങ്ങി. വെടിക്കെട്ടോടെ. കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടു തന്നെ ഗില്ലും രോഹിത്തും ആദ്യ ഓവറുമുതൽ തന്നെ കിവീസ് ബൗളർമാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയിൽ കളംനിറഞ്ഞതോടെ ഇന്ത്യൻ സ്‌കോർ വേഗത്തിൽ 50-കടന്നു. പിന്നാലെ ടീം സ്‌കോർ 71-ൽ നിൽക്കേ രോഹിത്ത് പുറത്തായി. സൗത്തിയുടെ പന്തിൽ രോഹിത്ത് വില്യംസന്റെ കൈകളിൽ ഒതുങ്ങി. 29 പന്തിൽ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 47 റൺസെടുത്താണ് രോഹിത് പുറത്തായത്.
പിന്നാലെ ഇറങ്ങിയ കോലി പതിയെയാണ് തുടങ്ങിയത്. മറുവശത്ത് ഗിൽ വേഗത്തിൽ റൺസ് കണ്ടെത്തി. പിന്നാലെ കിവീസ് ബൗളർമാർക്ക് പിടികൊടുക്കാതെ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചു. മികച്ച കൂട്ടുകെട്ടും പടുത്തുയർത്താൻ തുടങ്ങി. പിന്നെ കോലി റെക്കോഡുകൾ ഓരോന്നായി വെട്ടിപ്പിടിക്കുന്നതിനാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് കോലി ആദ്യം എത്തിപ്പിടിച്ചത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെയാണ് മറികടന്നത്. പിന്നാലെ 22.4 ഓവറിൽ ടീം 164-1 എന്ന നിലയിൽ നിൽക്കേ ശുഭ്മാൻ ഗിൽ പരിക്കേറ്റ് പുറത്തായി. താരം റിട്ടയേഡ് ഹർട്ടായി മടങ്ങിയതോടെ പകരം ശ്രേയസ്സ് അയ്യർ ക്രീസിലെത്തി.
പിന്നെ ഇരുവരും കിവീസിനെതിരായ പോരാട്ടത്തിന് ചുക്കാൻപിടിച്ചു. വൈകാതെ 50-തികച്ച കോലി വീണ്ടും ചരിത്രമെഴുതി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50-ലധികം റൺസ് നേടുന്ന താരമായാണ് കോലി മാറിയത്. എട്ട് തവണ 50-ലധികം റൺസ് നേടിയ കോലി സച്ചിൻ(2003), ഷാക്കിബ്(2019) എന്നിവരുടെ നേട്ടമാണ് മറികടന്നത്. ശ്രേയസ്സ് അയ്യരും വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറയുന്നതാണ് പിന്നീട് വാംഖഡേയിൽ കണ്ടത്.
80-റൺസ് കണ്ടെത്തിയ കോലി മറ്റൊരു ചരിത്രവും കുറിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് കോലി മാറിയത്. 673-റൺസ് നേടിയ (2003) സച്ചിന്റെ റെക്കോഡാണ് കോലി തകർത്തത്. മറുവശത്ത് അർധസെഞ്ചുറി തികച്ച ശ്രേയസ് അയ്യരും കോലിക്ക് മികച്ച പിന്തുണ നൽകി. പിന്നെ കോലിയുടെ 50-ാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ഇമ ചിമ്മാതെ ലോകം ഒന്നടങ്കം ആ നിമിഷത്തിനായി കാത്തിരുന്നു. ഒടുക്കം അയാൾ ആ റെക്കോഡും സ്വന്തമാക്കി.
ഇന്ത്യൻ സ്‌കോർ 300 കടന്നു. ഇരുവരും നോക്കൗട്ട് റൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നും പടുത്തുയർത്തി. ടീം സ്‌കോർ 327 നിൽക്കേ കോലിയുടെ വിക്കറ്റ് നഷ്ടമായി. 113 പന്തിൽ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 117 റൺസെടുത്താണ് കോലി മടങ്ങിയത്. ചരിത്രം കുറിച്ച് കോലി മടങ്ങുമ്പോൾ ഗാലറികളിൽ നിന്ന് കയ്യടികളുയർന്നു. 44-ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ശ്രേയസ്സും സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി. 70 പന്തിൽ നിന്ന് നാല് ഫോറും എട്ട് സിക്സും പറത്തി 105 റൺസാണ് ശ്രേയസ് നേടിയത്.
പിന്നാലെ കെഎൽ രാഹുലും(39) തിരിച്ചുവന്ന ഗില്ലിന്റേയും പ്രകടനത്തിൽ ഇന്ത്യൻ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 397-ൽ അവസാനിച്ചു. ഗിൽ 66 പന്തിൽ നിന്ന് 80 റൺസോടെ പുറത്താകാതെ നിന്നു. ഒരു റൺ മാത്രമെടുത്ത സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി. കിവീസിനായി ടീം സൗത്തി 3 വിക്കറ്റെടുത്തപ്പോൾ ബോൾട്ട് ഒരു വിക്കറ്റെടുത്തു.
സ്പോർട്സ് ഡെസ്ക്