- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ സ്വപ്നക്കുതിപ്പ് ഫൈനലിൽ! വാംഖഡെയും പിന്നിട്ട് രോഹിതും സംഘവും അഹമ്മദബാദിലേക്ക്; ഏഴ് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമി; ഡാരിൽ മിച്ചലിന്റെ സെഞ്ചുറി പോരാട്ടം പാഴായി; ന്യൂസിലൻഡിനെ 70 റൺസിന് കീഴടക്കി ഇന്ത്യ; 2019 സെമിയിലെ തോൽവിക്ക് മധുരപ്രതികാരം
മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ സ്വപ്‌ന സഞ്ചാരം ഒടുവിൽ കലാശപ്പോരാട്ടത്തിനായി അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്ക്. സെമിയിലെ വലിയ കടമ്പയായ ന്യൂസീലൻഡും അനായാസം മറികടന്ന രോഹിത് ശർമയും സംഘവും കിരീടപോരാട്ടത്തിനായി ഞായറാഴ്ച ഇറങ്ങും. ന്യൂസിലൻഡിന്റെ പോരാട്ടവീര്യത്തെ മറികടന്നാണ് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 70 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. വ്യാഴാഴ്ച നടക്കുന്ന ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറി കരുത്തിൽ 397 റൺസാണ് നേടിയത്. ശുഭ്മാൻ ഗിൽ 80 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് 48.5 ഓവറിൽ 327 എല്ലാവരും പുറത്തായി. 9.5 ഓവറിൽ 57ന് ഏഴ് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകർത്തത്. ഇതോടെ വിക്കറ്റ് വേട്ടയിൽ ഒന്നാമെത്താനും ഷമിക്ക് (23) സാധിച്ചു. ഡാരിൽ മിച്ചൽ (119 പന്തിൽ 134) വിജയപ്രതീക്ഷ നൽകിയെങ്കിലും കിവീസിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല.
കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് അതേ കെയ്ൻ വില്യംസണോടും സംഘത്തോടും കണക്ക് തീർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. കൂറ്റൻ വിജയലക്ഷ്യം ഒരുക്കിയ ശേഷം 70 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാം ഫൈനൽ. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറിൽ 327 റൺസിന് കൂടാരം കയറി.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പതറാതെ തകർപ്പൻ പോരാട്ടം കാഴ്ചവെച്ച് തല ഉയർത്തി തന്നെയാണ് കിവീസ് മടങ്ങുന്നത്. സെഞ്ചുറി നേടിയ ഡാരിൽ മിച്ചൽ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക വിതച്ച ശേഷമാണ് കീഴടങ്ങിയത്. 119 പന്തിൽ ഏഴ് സിക്സും ഒമ്പത് ഫോറുമടക്കം 134 റൺസെടുത്ത മിച്ചൽ 46-ാം ഓവറിൽ മടങ്ങിയതോടെ കിവീസിന്റെ പോരാട്ടവീര്യത്തിനും അവസാനമായി. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് സെമിയിലും ഇന്ത്യൻ പേസാക്രമണം നയിച്ചത്. ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പിൽ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ന്യൂസിലൻഡിന്. സ്‌കോർബോർഡിൽ 39 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരെ ന്യൂസിലൻഡിന് നഷ്ടമായി. ഡെവോൺ കോൺവെ (13), രചിൻ രവീന്ദ്ര (13) എന്നിവർക്ക് തിളങ്ങാനായില്ല. ഇരുവരേയും വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ പിടിച്ച് പുറത്താക്കി. നാലാം വിക്കറ്റിൽ കെയ്ൻ വില്യംസൺ (69) മിച്ചൽ സഖ്യം 181 റൺസ് കൂട്ടിചേർത്തു. വില്യംസൺ സൂക്ഷ്മതയോടെ കളിച്ചെങ്കിലും പാതിവഴിയിൽ വീണു. ഷമിയുടെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച്.
മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസൺ - ഡാരിൽ മിച്ചൽ സഖ്യം 181 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ആരാധകരുടെ നെഞ്ചിൽ തീ കോരിയിട്ടാണ് മുന്നേറിയത്. എന്നാൽ ബുംറയുടെ പന്തിൽ വില്യംസണെ കൈവിട്ട ഷമി 33-ാം ഓവറിൽ വില്യംസണെ പുറത്താക്കി പ്രായശ്ചിത്തം ചെയ്തു. പിന്നാലെ അതേ ഓവറിൽ ടോം ലാഥത്തെ (0) വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സിനെ കൂട്ടുപിടിച്ച് മിച്ചൽ 75 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ വീണ്ടും വിറച്ചു. പക്ഷേ 43-ാം ഓവറിൽ ഫിലിപ്സിനെ മടക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തിൽ 41 റൺസായിരുന്നു ഫിലിപ്സിന്റെ സമ്പാദ്യം. പിന്നാലെ മാർക്ക് ചാപ്മാനെ (2) മടക്കി കുൽദീപും വിക്കറ്റ് വേട്ടയിൽ പങ്കാളിയായി. 46-ാം ഓവറിൽ മിച്ചലും മടങ്ങിയതോടെ ഇന്ത്യയ്ക്ക് ആശ്വാസം.
നേരത്തേ ഇന്ത്യ നിശ്ചിത 50-ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തിരുന്നു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏകദിനത്തിൽ 50-ാം സെഞ്ചുറി, ഒരു ലോകകപ്പിൽ കൂടുതൽ 50-ൽ അധികം റൺസ് എന്നിങ്ങനെ റെക്കോഡുകൾ ഓരോന്നായി കോലി തിരുത്തിയെഴുതിയ മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ കിവീസിനു മുന്നിൽവെച്ചത്. സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ കോലിയും ശ്രേയസ്സ് അയ്യരുമാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂൺ. കിവീസ് ബൗളർമാരെ ഒന്നടങ്കം പ്രഹരിച്ച ബാറ്റർമാർ വാംഖഡേയിൽ മിന്നുംപ്രകടനമാണ് കാഴ്ചവെച്ചത്.
സെമിയിൽ ടോസിന്റെ ഭാഗ്യം തുണച്ചതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. കിവികൾക്കെതിരായ സെമിയിലെ ചരിത്രത്തിലെക്കൊന്നും തിരിഞ്ഞുനോക്കാതെ രോഹിത്തും സംഘവും തുടങ്ങി. വെടിക്കെട്ടോടെ. കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടു തന്നെ ഗില്ലും രോഹിത്തും ആദ്യ ഓവറുമുതൽ തന്നെ കിവീസ് ബൗളർമാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയിൽ കളംനിറഞ്ഞതോടെ ഇന്ത്യൻ സ്‌കോർ വേഗത്തിൽ 50-കടന്നു. പിന്നാലെ ടീം സ്‌കോർ 71-ൽ നിൽക്കേ രോഹിത്ത് പുറത്തായി. സൗത്തിയുടെ പന്തിൽ രോഹിത്ത് വില്യംസന്റെ കൈകളിൽ ഒതുങ്ങി. 29 പന്തിൽ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 47 റൺസെടുത്താണ് രോഹിത് പുറത്തായത്.
പിന്നാലെ ഇറങ്ങിയ കോലി പതിയെയാണ് തുടങ്ങിയത്. മറുവശത്ത് ഗിൽ വേഗത്തിൽ റൺസ് കണ്ടെത്തി. പിന്നാലെ കിവീസ് ബൗളർമാർക്ക് പിടികൊടുക്കാതെ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചു. മികച്ച കൂട്ടുകെട്ടും പടുത്തുയർത്താൻ തുടങ്ങി. പിന്നെ കോലി റെക്കോഡുകൾ ഓരോന്നായി വെട്ടിപ്പിടിക്കുന്നതിനാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് കോലി ആദ്യം എത്തിപ്പിടിച്ചത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെയാണ് മറികടന്നത്. പിന്നാലെ 22.4 ഓവറിൽ ടീം 164-1 എന്ന നിലയിൽ നിൽക്കേ ശുഭ്മാൻ ഗില്ലിനെ മുംബൈയിലെ കൊടും ചൂടിൽ പേശീവലിവ് അലട്ടി. ഇതോടെ താരം റിട്ടയേഡ് ഹർട്ടായി മടങ്ങി. പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി.
തുടർന്ന് കോലിയും ശ്രേയസും കിവീസിനെതിരായ പോരാട്ടത്തിന് ചുക്കാൻപിടിച്ചു. വൈകാതെ 50-തികച്ച കോലി വീണ്ടും ചരിത്രമെഴുതി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50-ലധികം റൺസ് നേടുന്ന താരമായാണ് കോലി മാറിയത്. എട്ട് തവണ 50-ലധികം റൺസ് നേടിയ കോലി സച്ചിൻ(2003), ഷാക്കിബ്(2019) എന്നിവരുടെ നേട്ടമാണ് മറികടന്നത്. ശ്രേയസും വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറയുന്നതാണ് പിന്നീട് വാംഖഡേയിൽ കണ്ടത്.
80-റൺസ് കണ്ടെത്തിയ കോലി മറ്റൊരു ചരിത്രവും കുറിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡ് തിരുത്തിയെഴുതി. 2003 ലോകകപ്പിൽ 673 റൺസായിരുന്നു സച്ചിന്റെ സമ്പാദ്യം. മറുവശത്ത് അർധസെഞ്ചുറി തികച്ച ശ്രേയസ് അയ്യരും കോലിക്ക് മികച്ച പിന്തുണ നൽകി. പിന്നെ കോലിയുടെ 50-ാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ഇമ ചിമ്മാതെ ലോകം ഒന്നടങ്കം ആ നിമിഷത്തിനായി കാത്തിരുന്നു. ഒടുക്കം അയാൾ ആ റെക്കോഡും സ്വന്തമാക്കി.
ഇന്ത്യൻ സ്‌കോർ 300 കടന്നു. ഇരുവരും നോക്കൗട്ട് റൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നും പടുത്തുയർത്തി. ടീം സ്‌കോർ 327 നിൽക്കേ കോലിയുടെ വിക്കറ്റ് നഷ്ടമായി. 113 പന്തിൽ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 117 റൺസെടുത്താണ് കോലി മടങ്ങിയത്. ചരിത്രം കുറിച്ച് കോലി മടങ്ങുമ്പോൾ ഗാലറികളിൽ നിന്ന് കയ്യടികളുയർന്നു. 44-ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ശ്രേയസും സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി. 70 പന്തിൽ നിന്ന് നാല് ഫോറും എട്ട് സിക്സും പറത്തി 105 റൺസാണ് ശ്രേയസ് നേടിയത്.
പിന്നാലെ കെഎൽ രാഹുലും(20 പന്തിൽ 39) തിരിച്ചുവന്ന ഗില്ലിന്റേയും പ്രകടനത്തിൽ ഇന്ത്യൻ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 397-ൽ അവസാനിച്ചു. ഗിൽ 66 പന്തിൽ നിന്ന് 80 റൺസോടെ പുറത്താകാതെ നിന്നു. ഒരു റൺ മാത്രമെടുത്ത സൂര്യകുമാർ യാദവ് ഒരു റണ്ണെടുത്ത് പുറത്തായി. കിവീസിനായി ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തപ്പോൾ ബോൾട്ട് ഒരു വിക്കറ്റെടുത്തു.
സ്പോർട്സ് ഡെസ്ക്