മുംബൈ: ഷോട്ട് ഫൈൻ ലെഗിൽ നിന്നുള്ള ഗുപ്റ്റിലിന്റെ ആ ത്രോയും ധോനിയുടെ തിരിച്ചുനടക്കലും മുറിപ്പെടുത്തിയ ആ കറുത്ത ദിനം ഇനി മറന്നേക്കു. കഴിഞ്ഞ ലോകകപ്പിൽ ഓൾഡ് ട്രാഫോർഡിലേറ്റ പരാജയത്തിന്റെ പ്രതികാരം ഇന്ന് വാങ്കഡെയിൽ രോഹിതും സംഘവും തീർത്തു. ഏറെക്കാലം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസിൽ ഉണങ്ങാത്ത മുറിവായി ശേഷിച്ച ലോകകപ്പ് സെമിയിലെ തോൽവിക്ക് വാംഖഡെയിൽ ഇന്ത്യയുടെ മധുരപ്രതികാരം. 

സൂപ്പർ താരം വിരാട് കോലിയും ശ്രേയസ് അയ്യരും ബാറ്റിങ്ങിലും, പേസർ മുഹമ്മദ് ഷമി ബോളിങ്ങിലും തിളങ്ങിയപ്പോൾ കിവീസിനെതിരെ 70 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലൻഡിന്റെ മറുപടി 327 റൺസിൽ അവസാനിച്ചു. സ്‌കോർ: ഇന്ത്യ 50 ഓവറിൽ 4ന് 397. ന്യൂസീലൻഡ് 48.5 ഓവറിൽ 327ന് പുറത്ത്.

സെമിയിലെ കഴിഞ്ഞ രണ്ട് ലോകകപ്പ് ചരിത്രം മാത്രമായിരുന്നില്ല 2023 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് കിവീസിനെ നേരിടുമ്പോൾ തിരിച്ചടി പോലെ മുഴങ്ങിയത്. ഐസിസി വൈറ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിൽ ഇതുവരെ കിവീസിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വസ്തുതയുമായിരുന്നു. 2019 ലോകകപ്പ് സെമിക്ക് പുറമേ 2000-ലെ ചാമ്പ്യൻസ് ട്രോഫിയിലും കിവികളോട് തോൽക്കാനായിരുന്നു വിധി. 2019-21 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തോൽവിയും മുന്നിലുണ്ടായിരുന്നു.



വിഖ്യാതമായ വാംഖഡേയിൽ കലാശപ്പോരിലേക്കുള്ള വഴിതേടിയിറങ്ങിയ രോഹിതിനും സംഘത്തിനും മുന്നിൽ ആ രണ്ട് ചരിത്രങ്ങൾ ബാലികേറാമലയെന്നപോലെ നിൽപ്പുണ്ടായിരുന്നു. ഒന്ന് ഐസിസി വൈറ്റ്ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളിലെ നോക്കൗട്ടിൽ ചരിത്രത്തിലിന്നുവരെ കിവീസിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നത്. മറ്റൊന്ന് 2011-ന് ശേഷം കളിച്ച രണ്ട് ലോകകപ്പുകളിലും ആധികാരികമായി സെമിയിലെത്തിയിട്ടും ഫൈനലിൽ കടക്കാനാവാത്ത യാഥാർഥ്യം.

വാംഖഡേയിൽ പക്ഷേ കൂട്ടിവെച്ച ഈ ചരിത്രങ്ങൾ കിവീസിന്റെ രക്ഷക്കെത്തിയില്ല. ഈ ടീമിന് മുന്നിൽ ചരിത്രം വഴി മാറി. സ്വന്തം മണ്ണിൽ വിശ്വകിരീടം തേടിയിറങ്ങിയവർക്ക് മുന്നിൽ കിവീസ് പൊരുതിവീണു. ഇന്ത്യ അപരാജിതരായി കലാശപ്പോരിലേക്ക്. ഒരു ജയമകലെ ലോകകപ്പ്. കപിലും ധോനിയും നേടിത്തന്നത് രോഹിത്തിന് സാധിക്കുമോ എന്ന കാത്തിരിപ്പിലാണ് ഏവരും. ചരിത്രങ്ങൾക്കും കണക്കുകൾക്കും ഇനി പ്രസക്തിയില്ല. മൂന്നാം കിരീടം നേടാനുറച്ച് ഇന്ത്യ മുന്നോട്ടുതന്നെ.

ദീപാവലി കഴിഞ്ഞെങ്കിലും വാങ്കഡെയിലെ കാണികൾക്ക് കാഴ്ചവിരുന്നൊരുക്കാൻ താരങ്ങൾ മത്സരിച്ച ദിനം കൂടിയാണിന്ന്. റെക്കോർഡ് പ്രകടനങ്ങളുമായി വിരാട് കോലിയും മുഹമ്മദ് ഷമിയും നിറഞ്ഞാടിയ മത്സരത്തിൽ ശ്രേയസ് അയ്യരും രോഹിത് ശർമയും, കിവീസ് നിരയിൽ ഡാരിൽ മിച്ചലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. സെഞ്ചറിയുമായി കളം നിറഞ്ഞ ഡാരിൽ മിച്ചലിന്റെ ഒറ്റയാൾ പോരാട്ടം ന്യൂസീലൻഡിനെ ജയത്തിലെത്തിക്കാൻ പ്രാപ്തമായില്ല. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഞായറാഴ്ച ഇന്ത്യ ഫൈനലിൽ ഏറ്റുമുട്ടും.

നോക്കൗട്ടിലെ ഇന്ത്യയുടെ തോൽവിയുടെ കണക്കുകൾ കൂട്ടിവെച്ച് കളത്തിലിറങ്ങിയ കിവീസിന് പക്ഷേ ചരിത്രം കുറിക്കാൻ തുനിഞ്ഞിറിങ്ങിയ ഒരാളുടെ ഐതിഹാസിക പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. വിരാട് കോലിയെന്ന റൺമെഷീന്റെ. അയാൾ ക്രീസിലിറങ്ങി റൺവേട്ടയ്ക്ക് തുടക്കമിട്ടതോടെ റെക്കോഡുകളെല്ലാം കടപുഴകി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ റൺസ്, ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി എന്നിവയെല്ലാം ഈ ഇന്നിങ്സിൽ വിരാട് കോലി സ്വന്തമാക്കി. കോലിക്ക് പിന്നാലെ ശ്രേയസ്സ് അയ്യരും സെഞ്ചുറി നേടിയതോടെ ഇന്ത്യ കൂറ്റൻ സ്‌കോറുയർത്തി. നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡും പോരാടാനുറച്ചവരായിരുന്നു. തുടക്കം മോശമായെങ്കിലും നായകൻ വില്ല്യംസണും ഡാരി മിച്ചലും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 39-2 എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് ടീം സ്‌കോർ 200-കടത്തി. എന്നാൽ വില്ല്യംസണും പിന്നാലെ വന്ന ലാഥവും വേഗത്തിൽ പുറത്തായത് കിവീസിന് തിരിച്ചടി നൽകി. മിച്ചലും ഗ്ലെൻ ഫിലിപ്സും സ്‌കോറുയർത്തിയപ്പോൾ കിവീസിന് ജയപ്രതീക്ഷ കൈവന്നു. എന്നാൽ ആ പോരാട്ടങ്ങളെല്ലാം വിഫലമായി. 2019-ലെ സെമിയിലേറ്റ തോൽവിക്ക് ഇന്ത്യ പകരം വീട്ടി.



അപരാജിതരായാണ് ഇന്ത്യ ഇക്കുറി സെമിയിലെത്തിയത്. ആദ്യ കളിയിൽ ഓസീസിനെ വീഴ്‌ത്തിയാണ് തുടങ്ങിയത്. പിന്നാലെ അഫ്ഗാനേയും പാക്കിസ്ഥാനേയും തകർത്തു. ആദ്യ അഞ്ച് മത്സരങ്ങളിലും ചേസ് ചെയ്താണ് ഇന്ത്യ മുന്നേറിയത്. പിന്നെ എതിരാളികളെ എറിഞ്ഞിട്ടും. ബാറ്റിങ്ങിലും ബൗളിങ്ങിലും തുടങ്ങി കളിയുടെ സർവ്വ മേഖലകളിലും ആധിപത്യം പുലർത്തിയാണ് മൂന്നാം കിരീടം ലക്ഷ്യം വെച്ചുള്ള ഇന്ത്യയുടെ പോക്ക്. ശ്രീലങ്കയെ 302 റൺസിനും ദക്ഷിണാഫ്രിക്കയെ 243 റൺസിനും കീഴടക്കിയപ്പോൾ ക്രിക്കറ്റ് ലോകം അമ്പരപ്പോടെ നിന്നു. കോലിയും രോഹിത്തുമെല്ലാം അണിനിരന്ന ഈ സംഘം മൂന്നാം ലോകകപ്പ് നേടുമെന്നു തന്നെയാണ് ഇന്ത്യ സ്വപ്നം കാണുന്നത്.

കിവീസിനെതിരായ ചരിത്രത്തിലെക്കാലവും നിഴലിക്കുന്നതാണ് 2019-ലോകകപ്പിലെ സെമി പോരാട്ടം. അന്ന് 49-ാം ഓവറിലെ മൂന്നാം പന്തിൽ സെന്റിമീറ്ററുകളുടെ ദൂരത്തിൽ ഇന്ത്യൻ സ്വപ്നങ്ങൾ തകർന്നുടയുന്നതാണ് കണ്ടത്. ഗുപ്റ്റിലിന്റെ ത്രോയിൽ ധോനി പുറത്താകുമ്പോൾ ഇന്ത്യയുടെ വിധിയും കുറിക്കപ്പെട്ടിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. നായകൻ കെയ്ൻ വില്ല്യംസന്റേയും റോസ് ടെയ്ലറുടേയും അർധ സെഞ്ചുറി പ്രകടനങ്ങളാണ് കിവീസിന് തുണയായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. മുൻനിര ബാറ്റർമാരെല്ലാം ഒന്നിന് പിറകേ ഒന്നായി കൂടാരം കയറി. ഋഷഭ് പന്തിന്റേയും ഹാർദിക് പാണ്ഡ്യയുടേയും രക്ഷാപ്രവർത്തനത്തിന് പിറകേ ധോനിയും ജഡേജയും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ ജഡേജ പുറത്തായതോടെ നീലപ്പടയ്ക്ക് തിരിച്ചടിയേറ്റു. ധോനിയിലേക്ക് മാത്രമായി എല്ലാ കണ്ണുകളും. എന്നാൽ 49-ാം ഓവറിലെ മൂന്നാം പന്തിൽ പക്ഷേ ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർന്നു. ഷോട്ട് ഫൈൻ ലെഗിൽ നിന്നുള്ള ഗുപ്റ്റിലിന്റെ ത്രോയിൽ റണ്ണൗട്ടായി ധോനി തിരിഞ്ഞുനടക്കുമ്പോൾ സ്റ്റേഡിയം നിശബ്ദമായിരുന്നു. പിന്നാലെ 221-റൺസിന് ഇന്ത്യ ഓൾഔട്ടായി പുറത്തേക്ക്.



ആധികാരികമായി സെമി ടിക്കറ്റെടുത്ത ഇന്ത്യയുടെ പതനം അവിശ്വസനീയതയോടെയാണ് ആരാധകർ നോക്കിനിന്നത്. പോയന്റ് പട്ടികയിൽ തലപ്പത്ത് നിന്നാണ് ഇന്ത്യ സെമി കളിക്കാനെത്തിയത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങളോടെ 15-പോയന്റാണ് പ്രാഥമിക റൗണ്ടിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ തകർപ്പൻ വിജയവുമായാണ് ഇന്ത്യ ലോകകപ്പിൽ തുടങ്ങിയത്. നിശ്ചിത 50-ഓവറിൽ 227-9 എന്ന നിലയിൽ പ്രോട്ടീസിനെ വരിഞ്ഞുകെട്ടിയ ഇന്ത്യ 47.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി. രണ്ടാം മത്സരത്തിൽ ഓസീസിനെ 36-റൺസിന് പരാജയപ്പെടുത്തി. ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. പാക്കിസ്ഥാനെ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തിൽ 89 റൺസിന് തോൽപ്പിച്ചപ്പോൾ അഫ്ഗാനെ 11 റൺസിനും വിൻഡീസിനെ 125 റൺസിനും പരാജയപ്പെടുത്തി.

എന്നാൽ അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനോട് 31 റൺസിന് പരാജയപ്പെട്ടു. പക്ഷേ ഇന്ത്യയുടെ തിരിച്ചുവരവാണ് ബാക്കി മത്സരങ്ങളിൽ കണ്ടത്. ബംഗ്ലാദേശിനേയും ശ്രീലങ്കയേയും തകർത്തെറിഞ്ഞ് പോയന്റ് പട്ടികയിൽ ഒന്നാമതായാണ് സെമി പ്രവേശം. 14 പോയന്റുമായി ഓസീസ് രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതും നിലയുറപ്പിച്ചു. നാലാമതായി തപ്പിത്തടഞ്ഞാണ് കിവികൾ സെമിയിലെത്തിയത്. അതും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ. പാക്കിസ്ഥാനും ന്യൂസിലൻഡിനും 11 പോയന്റാണുണ്ടായിരുന്നത്. എന്നാൽ മികച്ച റൺറേറ്റിൽ സെമിയിലെത്തി. പക്ഷേ പ്രാഥമിക റൗണ്ടിലെ പ്രകടനങ്ങൾ സെമിയിൽ അപ്രസക്തമാണെന്ന് ഇന്ത്യയെ അവർ ഓർമിപ്പിച്ചു.



2015-ലും സമാനമായ ചിത്രമായിരുന്നു. രണ്ട് പൂളുകളിലായി ടീമുകളെ തരംതിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നത്. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, വിൻഡീസ് എന്നിവർ ഉൾപ്പെടെയുള്ള പൂൾ ബിയിലാണ് ഇന്ത്യ ഉൾപ്പെട്ടത്. പ്രാഥമിക റൗണ്ടിൽ ആധികാരിക പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. കളിച്ച ആറ് മത്സരങ്ങളും വിജയിച്ച് അപരാജിതരായാണ് നീലപ്പട ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കിക്കൊണ്ട് ഇന്ത്യ തുടങ്ങി. 76 റൺസിന് ഇന്ത്യ ജയിച്ചുകയറിയപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 130-റൺസിന്റെ തകർപ്പൻ ജയം. പിന്നെ എതിരാളികളെല്ലാം ഒന്നൊന്നായി ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി. യു.എ.ഇ, വിൻഡീസ്, അയർലൻഡ്, സിംബാബ്വെ എന്നിവർക്കും കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.

തുടർച്ചയായ രണ്ടാം കിരീടം നേടാനാകുമെന്ന് ഒരുവേള ആരാധകർ കരുതിക്കാണണം. ആ ലക്ഷ്യത്തിൽ ക്വാർട്ടർ പോരാട്ടത്തിനായി ഇന്ത്യ കളത്തിലിറങ്ങി. ബംഗ്ലാദേശായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത് 303 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ 193 റൺസിന് ബംഗ്ലാദേശിനെ എറിഞ്ഞിട്ടു. 109 റൺസിന്റെ ഗംഭീര ജയവുമായി സെമിയിലേക്ക്. സെമിയിൽ ഓസീസ് കടമ്പയും മറികടക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ക്യാമ്പ്. പക്ഷേ മൈതാനത്ത് കളി മാറി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 328 റൺസാണെടുത്തത്.

സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയും ആരോൺ ഫിഞ്ചിന്റെ അർധസെഞ്ചുറിയുമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് പിഴച്ചു. രോഹിത്തും ധവാനും ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും കോലിയും റെയ്നയും നിരാശപ്പെടുത്തി. അർധസെഞ്ചുറി നേടിയ ധോനിയുടെ ഇന്നിങ്സ് ഇന്ത്യയ്ക്ക് പതിവുപോലെ പ്രതീക്ഷ നൽകിയെങ്കിലും ജയത്തിലെത്തിക്കാനായില്ല. പിന്നീട് വന്നവരെ നിരനിരയായി കൂടാരം കയറ്റി ഓസീസ് 233 റൺസിന് ഇന്ത്യയെ ഓൾഔട്ടാക്കി.

പ്രാഥമിക റൗണ്ടിൽ മിന്നും ജയങ്ങൾ നേടിയിട്ടും നോക്കൗട്ടിൽ പതറുന്ന ഇന്ത്യയെയാണ് വാംഖഡെയിലും കിവീസ് പ്രതീക്ഷിച്ചിട്ടുണ്ടാകുക. എന്നാൽ തോൽവിയുടെ ആ ചരിത്രങ്ങളൊന്നും പക്ഷേ 2023 ലോകകപ്പ് സെമിയിൽ കിവീസിനെ തുണച്ചില്ല. സ്വന്തം മണ്ണിൽ വിശ്വകിരീടം മോഹിച്ചിറങ്ങിയവർക്ക് മുന്നിൽ കഴിയും വിധം പൊരുതിയെന്നുമാത്രം. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് സധൈര്യം ബാറ്റേന്തിയ കിവീസിന് വെല്ലുവിളി ഉയർത്താനുമായി. പക്ഷേ ജയം മാത്രം അകന്നു. വാംഖഡേയിൽ ഇന്ത്യ കണക്കു തിർത്തു. കലാശപ്പോരിന് ടിക്കറ്റെടുത്തു. ഒരു ജയമകലെ ആ വിശ്വ കിരീടം അവകാശികളേയും കാത്തിരിപ്പാണ്. ഒരു ജനത ഒന്നടങ്കം സ്വപ്നം കാണുകയാണ്. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഇന്ത്യ ഞായറാഴ്ച ഫൈനലിൽ ഏറ്റുമുട്ടും.