- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രോട്ടീസിന്റെ ഫൈനൽമോഹം 1999ലും 2007ലും തട്ടിത്തെറിപ്പിച്ചവർ; സെമി ഫൈനലിൽ വീണ്ടും കൊമ്പുകോർത്തപ്പോഴും വിറപ്പിച്ച് ഓസ്‌ട്രേലിയ; തെംബ ബവൂമയും ഡികോക്കും മാർക്രവും മടങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച
കൊൽക്കത്ത: ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരുടെതടക്കം മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ തെംബ ബവൂമ, ക്വിന്റൺ ഡികോക്ക് മധ്യനിര ബാറ്റർ എയ്ഡൻ മാർക്രം എന്നിവരെ ഓസിസ് പേസർമാർ മടക്കി. നിലവിൽ പതിനൊന്ന് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
ഇന്നിങ്‌സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമ റൺസെടുക്കാതെ മടങ്ങി. പിന്നാലെ റൺസെടുക്കാൻ ബുദ്ധിമുട്ടിയ ഡികോക്കും പുറത്തായി. 14 പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്ത ഡി കോക്കിനെ ജോഷ് ഹെയ്‌സൽവുഡ് പാറ്റ് കമ്മിൻസിന്റെ കൈയിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റൺസിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
പ്രതിരോധിച്ചു കളിക്കുന്നതിനിടെ പ്രോട്ടീസിന് വീണ്ടും ഓസിസ് തിരിച്ചടി നൽകി. 20 പന്തിൽ രണ്ട് ബൗണ്ടറികളടക്കം പത്ത് റൺസ് എടുത്ത എയ്ഡൻ മാർക്രമിന്റെ വിക്കറ്റും പ്രോട്ടീസിന് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഡേവിഡ് വാർണർക്ക് ക്യാച്ച് സമ്മാനിച്ച് മാർക്രം മടങ്ങിയത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവൂമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ട് മാറ്റമുണ്ട്. ലുങ്കി എൻഗിഡിക്ക് പകരം തബ്‌റൈസ് ഷംസി ടീമിലിടം നേടി. ഫെലുകുവായോയ്ക്ക് പകരം മാർക്കോ യാൻസൺ ടീമിൽ തിരിച്ചെത്തി. ഓസ്‌ട്രേലിയൻ ടീമിൽ രണ്ട് മാറ്റമാണുള്ളത്. മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്‌സ്വെൽ എന്നിവർ ടീമിൽ തിരിച്ചെത്തി. ഷോൺ അബോട്ടിനും മാർക്കസ് സ്റ്റോയിനിസിനും സ്ഥാനം നഷ്ടമായി. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
പ്രാഥമികറൗണ്ടിൽ 14 പോയന്റുമായി രണ്ടാംസ്ഥാനത്തായിരുന്നു ദക്ഷിണാഫ്രിക്ക. ഇതുവരെ ലോകകപ്പ് ഫൈനലിലെത്താത്ത ദക്ഷിണാഫ്രിക്ക ഇക്കുറി നിറഞ്ഞ പ്രതീക്ഷയിലാണ്. നിലവിലെ ഫോമിൽ ഓസ്‌ട്രേലിയയെ മറികടക്കാനാവുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഒപ്പം 1999, 2007 സെമിഫൈനലുകളിൽ ഓസ്‌ട്രേലിയയോടേറ്റ തോൽവികൾക്ക് കണക്കുതീർക്കുകയും വേണം.
അഞ്ചുവട്ടം ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ ലക്ഷ്യം എട്ടാം ഫൈനലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴുമത്സരം ജയിച്ച ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തായിരുന്നു. പ്രാഥമികറൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു.
1999ലും 2007ലും പ്രോട്ടീസിന്റെ ഫൈനൽമോഹം തട്ടിത്തെറിപ്പിച്ച ഓസീസിസിനോട് പകരംവീട്ടാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇരുടീമും ഏഴ് മത്സരം വീതം ജയിച്ചു. ദക്ഷിണാഫ്രിക്ക ഇന്ത്യയോടും നെതർലൻഡ്സിനോടും തോറ്റപ്പോൾ, ഓസ്ട്രേലിയയ്ക്ക് ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും അടിതെറ്റി. ഗ്രൂപ്പ് ഘട്ടത്തിൽ ലക്നൗവിൽ ഏറ്റുമുട്ടിയപ്പോൾ 134 റൺസ് വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം.
സ്പോർട്സ് ഡെസ്ക്