- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈതാനത്ത് നിർഭയത്വം മുഖമുദ്രയാക്കിയ നായകൻ; ഡ്രസിങ് റൂമിൽ ക്യാപ്റ്റൻ കൂൾ; ശ്രേയസിന്റെ സെഞ്ചുറി ആഘോഷവും അനുകരിച്ച് രോഹിത്! പൊട്ടിച്ചിരിച്ച് ഗില്ലും കുൽദീപും സൂര്യകുമാറും; വീഡിയോ ഏറ്റെടുത്ത് ആരാധകർ
മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ കൂറ്റൻ സ്‌കോർ ഉയർത്തുന്നതിൽ നിർണായകമായത് വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളായിരുന്നു. തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ശ്രേയസ് അയ്യർ ലോകകപ്പിൽ നേടിയത്. ഇന്നലെ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 105 റൺസായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. 70 പന്തുകൾ നേരിട്ട ശ്രേയസ് എട്ട് സിക്സും നാല് ഫോറും നേടിയിരുന്നു. 49-ാം ഓവറിലാണ് ശ്രേയസ് മടങ്ങുന്നത്. ശ്രേയസിന്റെയും വിരാട് കോലിയുടേയും (117) കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് ഇന്ത്യ നേടിയത്. ശുഭ്മാൻ ഗിൽ (80) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
മൈതാനത്ത് ശ്രേയസ് സെഞ്ചുറി ആഘോഷിക്കുമ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ ഡ്രസിങ് റൂമിൽ നടത്തിയ അനുകരണം സഹതാരങ്ങളിൽ പോലും ചിരിപടർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സെഞ്ചുറി നേടിയ ശേഷം ഗാലറിയെ അഭിവാദ്യം ചെയ്ത ശ്രേയസിനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഡ്രസിങ് റൂമിൽ അനുകരിക്കുന്നതാണത്. ശ്രേയസ് ബാറ്റ് ഉയർത്തുന്നത് പോലെ രോഹിത് ചെയ്യുകയായിരുന്നു. ഇതുകണ്ട് അടുത്തുണ്ടായിരുന്ന സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ് എന്നിവർ പൊട്ടിച്ചിരിക്കുന്നുമുണ്ട്.
Rohit Sharma imitating Shreyas Iyer's century celebration in WC final......... ???????????? pic.twitter.com/xk7d3cDCZs
- श्रवण बिश्नोई (किसान) (@SharwanKumarBi7) November 15, 2023
പത്തിൽ പത്ത് വിജയങ്ങളുമായി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചെത്തുമ്പോൾ ആ മുന്നേറ്റത്തിന്റെ ചാലക ശക്തിയും ഊർജ്ജവും എന്താണെന്ന ചോദ്യത്തിന്... വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ... ഉത്തരങ്ങൾ പലതും പറയാം. എന്നാൽ അതിലെല്ലാം ഉപരിയായി ഒരു മനുഷ്യൻ നിൽക്കുന്നുണ്ട്. അത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്.
നിർഭയത്വം മുഖമുദ്രയാക്കിയ ക്യാപ്റ്റൻ രോഹിതിനെയാണ് ലോകകപ്പിൽ ഉടനീളം കണ്ടത്. ഹിറ്റ്മാൻ നൽകുന്ന മിന്നൽ തുടക്കമാണ് പിന്നീടെത്തുന്ന ബാറ്റർമാർക്ക് അതേ താളം നിലനിർത്തി ബാറ്റ് ചെയ്യാനുള്ള ആവേശവും അടിത്തറയും ഒരുക്കുന്നതെന്നു നിസംശയം പറയാം. പേടിയില്ലായ്മയും പ്രചോദിപ്പിക്കുന്നതുമായി ക്യാപ്റ്റൻസിയും രോഹിതിനെ മറ്റ് നായകന്മാരിൽ നിന്നു വേറിട്ടതാക്കുന്നു.
ഇന്നലെ കോഹ്ലി ക്രീസിലെത്തിയപ്പോൾ കമന്റേറ്റർമാർ പറഞ്ഞതും അതു തന്നെയാണ്. ക്ഷണത്തിൽ മടങ്ങുന്നുണ്ടെങ്കിലും രോഹിത് അതിവേഗം ഇടുന്ന അടിത്തറ പിന്നീടെത്തുന്ന കോഹ്ലി മുതൽക്കുള്ള ബാറ്റർമാർക്ക് റിലാക്സ് ചെയ്ത് സമയമെടുത്തു ഇന്നിങ്സ് കെട്ടിപ്പടുക്കാൻ അവസരം ഒരുക്കുന്നതാണ് അവർ ചൂണ്ടിക്കാട്ടി.
എതിർ ടീമിലെ ലീഡിങ് ബൗളർമാർക്ക് മേൽ തുടക്കത്തിൽ നായകൻ സ്ഥാപിച്ചെടുക്കുന്ന സർവാധിപത്യമാണ് മറ്റ് ടീമുകളിൽ നിന്നു ഇന്ത്യയെ പത്ത് മത്സരങ്ങളിലും വേറിട്ടു നിർത്തിയത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ കടന്നാക്രമണം മക്കല്ലത്തിന്റെ ബാസ് ബോളായപ്പോൾ ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റം യഥാർഥത്തിൽ റോ- ബോളിന്റെ കരുത്തിലാണ്.
ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും അതു വ്യക്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ നൽകുന്ന മികച്ച തുടക്കമാണ് ഇന്ത്യൻ മുന്നേറ്റത്തിന്റെ ആണിക്കല്ലെന്നു ഇരുവരും വ്യക്തമാക്കുന്നു. അദ്ദേഹം ഗ്രൗണ്ടിൽ പ്രകടിപ്പിക്കുന്ന നിർഭയ സമീപനം ഇന്ത്യൻ ടീമിനെ അടിമുടി മാറ്റിയതായും ഇരു താരങ്ങളും പറയുന്നു. ക്യാപ്റ്റൻസിയിലെ ചില നിർണായക തീരുമാനങ്ങളും രോഹിതിനെ ശ്രദ്ധേയനാക്കി.
രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി. 131 റൺസ് വെറും 84 പന്തിൽ. പാക്കിസ്ഥാനെതിരെ 63 പന്തിൽ 86 റൺസ്. ബംഗ്ലാദേശിനെതിരെ 40 പന്തിൽ 48. ന്യൂസിലൻഡിനെതിരെ 40 പന്തിൽ 46. ഇംഗ്ലണ്ടിനെതിരെ 87. ഈ മത്സരത്തിൽ മാത്രമാണ് റൺസിനേക്കാൾ കൂടുതൽ പന്തുകൾ ഉള്ളത്. നായകൻ 101 പന്തിലാണ് ഇത്രയും റൺസെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരെ 24 പന്തിൽ 40 റൺസ്. നെതർലൻഡ്സിനെതിരെ 54 പന്തിൽ 61 റൺസ്. ഒടുവിൽ സെമിയിൽ ന്യൂസിലൻഡിനെതിരെ 29 പന്തിൽ 47.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ പൂജ്യത്തിൽ പുറത്തായാണ് രോഹിത് തുടങ്ങിയത്. പീന്നീട് ശ്രീലങ്കക്കെതിരെ മാത്രമാണ് നായകൻ പരാജയപ്പെട്ടത്. ബാക്കി എട്ട് മത്സരങ്ങളിലും ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ രോഹിതിനു സാധിച്ചു. ശ്രീലങ്കക്കെതിരെ നാല് റൺസിലാണ് നായകൻ പുറത്തായത്.
സെമി പോരാട്ടത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് മറികടന്നാണ് ഇന്ത്യ ഫൈനലിൽ കടന്നത്. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി വിരാട് കോലിക്ക് പുറമെ ശ്രേയസ് അയ്യർ (105) സെഞ്ചുറി നേടിയിരുന്നു. ഇരുവരുടേയും ബാറ്റിങ് കരുത്തിൽ 397 റൺസാണ് ഇന്ത്യ നേടിയത്.
ശുഭ്മാൻ ഗിൽ 80 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് 48.5 ഓവറിൽ 327 എല്ലാവരും പുറത്തായി. ഡാരിൽ മിച്ചൽ (119 പന്തിൽ 134) വിജയപ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഏകദിന ലോകകപ്പിൽ ഒരു ഇന്ത്യൻ താരം ഏഴ് വിക്കറ്റുകൾ വീഴ്‌ത്തുന്നത്. ഇതോടെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്താനും ഹാർദിക്കിന് സാധിച്ചിരുന്നു. നിലവിൽ 23 വിക്കറ്റാണ് ഷമിക്കുള്ളത്.
സ്പോർട്സ് ഡെസ്ക്