മുംബൈ: ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പിൽ അസഹിഷ്ണത കാരണം വിചിത്രമായ ആരോപണങ്ങൾ ഉന്നയിച്ച് മുൻ പാക്കിസ്ഥാൻ താരങ്ങൾ. ഇന്ത്യക്കാർക്ക് മാത്രം പ്രത്യേക പന്ത് ഐസിസി തയ്യാറാക്കി നൽകുന്നുവെന്ന ഹസൻ റാസയുടെ വിചിത്ര വാദങ്ങൾ നേരത്തെ വിവാദമായിരുന്നു. ഇപ്പോൾ മറ്റൊരു പാക് താരവും മുൻ പേസറുമായി സിക്കന്ദർ ഭക്താണ് വിചിത്ര വാദം ഉന്നയിച്ച് രംഗത്തെത്തിയത്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടോസിൽ കൃത്രിമത്വം കാണിക്കുന്നുവെന്നാണ് സിക്കന്ദർ ആരോപിക്കുന്നത്. ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാക്കാൻ രോഹിത് എതിർ ക്യാപ്റ്റന്മാർ ശ്രദ്ധിക്കാത്ത തരത്തിൽ ടോസ് ചെയ്ത് ഇതു സാധ്യമാക്കുന്നുവെന്നാണ് സിക്കന്ദറിന്റെ ആരോപണം.

ടോസിനായി ഇരു നായകരും നിൽക്കുമ്പോൾ രോഹിത് ടോസ് അകലേയ്ക്കാണ് ചെയ്യുന്നത്. എതിർ ക്യാപ്റ്റനു അവിടെ പോയി ഇതു സൂക്ഷ്മമായി വിലയിരുത്താൻ സാധിക്കില്ല. അതുകൊണ്ടു തന്നെ എല്ലായ്‌പ്പോഴും രോഹിതിനു അനൂകലമായിരിക്കും ടോസ്- സിക്കന്ദർ പറഞ്ഞു. പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുൻ താരത്തിന്റെ വിചിത്ര വാദം.

അദ്ദേഹം പറഞ്ഞുവെക്കുന്നത്, ടോസിൽ എന്താണ് വീണതെന്ന് എതിർ ക്യാപ്റ്റന്മാർക്ക് അറിയാൻ കഴിയില്ലെന്നാണ്. ഓരോ മത്സരത്തിലും ടോസ് വളരെ നിർണായകമാണ്. ടോസിൽ ഇന്ത്യൻ സ്വാധീനം ചെലുത്തുവെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. എന്നാൽ ലോകകപ്പ് മത്സരത്തിന് മുമ്പ് ടോസ് ഇടുമ്പോൾ അത് പരിശോധിക്കുന്നത് ഐസിസിയുടെ പ്രതിനിധിയായ മാച്ച് റഫറിയാണ് എന്നത് പോലും വിസ്മരിച്ചാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിക്കന്ദർ 26 ടെസ്റ്റുകളിൽ പാക്കിസ്ഥാന് വേണ്ടി കളിച്ചു. 27 ഏകദിനങ്ങളിലും ഭാഗമായി. ടെസ്റ്റിൽ 67 വിക്കറ്റും ഏകദിനത്തിൽ 33 എണ്ണവും സ്വന്തമാക്കി.

നേരത്തെ ഇന്ത്യക്കാർക്ക് മാത്രം പ്രത്യേക പന്ത് ഐസിസി തയ്യാറാക്കി നൽകുന്നുവെന്ന ആരോപണവുമായാണ് ഹസൻ റാസ ആദ്യം എത്തിയത്. ഇതിനെതിരെ മുൻ പാക് ക്യാപ്റ്റൻ വസിം അക്രം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പിന്നീട് ഇന്ത്യ ഡിആർഎസ് സാങ്കേതിക വിദ്യയിൽ കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു ആരോപണം.

ന്യൂസിലൻഡിനെ 70 റൺസിന് മറികടന്നാണ് ഇന്ത്യ ഫൈനലിൽ കടന്നതോടെ കടുത്ത അസഹിഷ്ണുതയോടെയാണ് മുൻ പാക്കിസ്ഥാൻ താരങ്ങളുടെ പ്രതികരണം. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി വിരാട് കോലി (117), ശ്രേയസ് അയ്യർ (105) എന്നിവർ സെഞ്ചുറി നേടിയിരുന്നു. ഇരുവരുടേയും ബാറ്റിങ് കരുത്തിൽ 397 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ശുഭ്മാൻ ഗിൽ 80 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് 48.5 ഓവറിൽ 327 എല്ലാവരും പുറത്തായി. ഡാരിൽ മിച്ചൽ (119 പന്തിൽ 134) വിജയപ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

വിരാട് കോലി നേടിയ സെഞ്ചുറി സവിശേഷതൾ നിറഞ്ഞതായിരുന്നു. തന്റെ ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയാണ് കോലി പൂർത്തിയാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടക്കാനും കോലിക്ക് സാധിച്ചു. 113 പന്തുകൾ നേരിട്ട കോലി രണ്ട് സിക്സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെയാണ് ഇത്രയും റൺസ് അടിച്ചുക്കൂട്ടിയത്. സച്ചിനെ സാക്ഷിനിർത്തിയായിയിരുന്നു കോലിയുടെ പ്രകടനം. സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ കോലിക്ക് വേണ്ടി സച്ചിൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.