മുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെ 70 റൺസിന് കീഴടക്കി ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചതോടെ ആരാധകർ ഏറെ ആവേശത്തിലാണ്. ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ സെമിയിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടുക. സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെയും ശ്രേയസ്സ് അയ്യരുടെയും സെഞ്ച്വറിയും പേസർ മുഹമ്മദ് ഷമിയുടെ ഏഴു വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് 70 റൺസിന്റെ വിജയം സമ്മാനിച്ചത്. എന്നാൽ സഹതാരങ്ങളുടെ മികവിനൊപ്പം രോഹിത് ശർമയുടെ നായകമികവും ക്രിക്കറ്റ് വിദഗ്ധരുടെ പ്രശംസയ്ക്ക് ഇടയാക്കുന്നുണ്ട്.

ലോകകപ്പിൽ കളിച്ച 10 മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. ബാറ്റർമാരുടെയും ബൗളർമാരുടെയും ഓൾ റൗണ്ട് പ്രകടനത്തിനൊപ്പം രോഹിത്തിന്റെ ക്യാപ്റ്റൻസി തന്ത്രങ്ങളുമാണ് ഇന്ത്യൻ കുതിപ്പിനു പിന്നിലെ ചാലകശക്തി. ഇന്ത്യയുടെ സെമി വിജയത്തിനു പിന്നാലെ രോഹിത് 12 വർഷം മുമ്പ് സമൂഹമാധ്യമങ്ങളിലിട്ട ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായത്. 2011 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴയപ്പെട്ടതിനു പിന്നാലെ നിരാശ പരസ്യമാക്കി രോഹിത് ശർമ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. രോഹിത് ശർമയെ ടീമിൽ ആദ്യം ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ഒരു ബൗളറെ കൂടുതൽ ഉൾപ്പെടുത്താനായി രോഹിതിനെ ഒഴിവാക്കുകയായിരുന്നു.

'ലോകകപ്പ് ടീമിന്റെ ഭാഗമാകാൻ സാധിക്കാത്തതിൽ തീർത്തും നിരാശനാണ് ഞാൻ. എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ ഇതൊരു വലിയ തിരിച്ചടിയാണ്' -രോഹിത് അന്ന് ട്വീറ്റ് ചെയ്തു. 28 വർഷത്തെ കാത്തിരിപ്പിനു ശേഷം 2011ൽ ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ ആ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യം രോഹിത്തിനുണ്ടായിരുന്നില്ല. അത് കുറച്ചൊന്നുമല്ല താരത്തെ നിരാശനാക്കിയത്. മോശം ഫോമായിരുന്നു രോഹിത്തിന് ലോകകപ്പ് ടീമിലേക്കുള്ള വഴിയടച്ചത്.



പിന്നീടായിരുന്നു ഇന്ത്യയുടെ ഹിറ്റ്മാനിലേക്കുള്ള രോഹിത്തിന്റെ വളർച്ച. ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്റെ പിറവി അവിടെ തുടങ്ങുകയായിരുന്നു. ഇന്ന് ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സ് ഉൾപ്പെടെ ഒരുപിടി റെക്കോഡുകൾ താരത്തിന്റെ പേരിലുണ്ട്. സെമിയിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് പഴയ ട്വീറ്റ് വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഇന്ത്യൻ നായകന്റെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതിനുശേഷം താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് ഒരു ആരാധകൻ കുറിച്ചു. 'അന്ന് നിരാശ, ഇപ്പോൾ മഹത്തായ വിജയത്തിലേക്ക് നയിക്കുന്നു' -മറ്റൊരു ആരാധകൻ കുറിച്ചു.

വർഷങ്ങളോളം ഇന്ത്യയുടെ പരിമിത ഓവർ ടീമുകളിൽ പ്രധാനിയായിരുന്ന ഹിറ്റ്മാൻ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു. കരിയറിലെ ഓരോ വർഷം കഴിയുന്തോറും രോഹിത് കൂടുതൽ ശക്തനാകുന്നതായി തോന്നുമെങ്കിലും, ദേശീയ ടീമിലെ കരിയറിന്റെ തുടക്കം അത്ര ഭേദപ്പെട്ടതായിരുന്നില്ല. 2007-ലെ ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിച്ചെങ്കിലും 2011 ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല.

2010 ലെ ഐസിസി ട്വന്റി 20 ലോകകപ്പ് ടീമിലും രോഹിത് ഉണ്ടായിരുന്നു, എന്നിരുന്നാലും സെലക്ടർമാരുടെ തീരുമാനത്തിൽ വിശ്വസിക്കാത്തവർ ഉണ്ടായിരുന്നു. ട്വിറ്ററിൽ ഹിറ്റ്മാൻ ഇങ്ങനെ എഴുതിയിരുന്നു: ''ലോകകപ്പിനുള്ള ടീമിൽ അംഗമാകാൻ ഞാൻ യോഗ്യനാണോ എന്ന് ആളുകൾ ചോദ്യം ചെയ്തു, എന്റെ ബാറ്റിൽ മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അന്ന് രോഹിത് പറഞ്ഞത്.