കൊൽക്കത്ത: ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 24 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിൽ. ഓപ്പണർ ഡേവിഡ് വാർണറും (18 പന്തിൽ 29), മിച്ചൽ മാർഷും (പൂജ്യം), ട്രാവിസ് ഹെഡും (48 പന്തിൽ 62) മാർനസ് ലബുഷെയ്‌നും (31 പന്തിൽ 18) ഗ്ലെൻ മാക്‌സ്വെല്ലുമാണ് (അഞ്ച് പന്തിൽ ഒന്ന്) പുറത്തായത്. 60 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഓപ്പണർമാർ ഓസീസിനു നൽകിയത്.

വാർണറെ എയ്ഡൻ മാർക്രാം ബോൾഡാക്കുകയായിരുന്നു. ആറു പന്തുകൾ നേരിട്ട മിച്ചൽ മാർഷിനെ കഗിസോ റബാദയുടെ പന്തിൽ റാസി വാൻ ഡർ ദസൻ ക്യാച്ചെടുത്ത് മടക്കി. കേശവ് മഹാരാജിന്റെ പന്തിൽ ഹെഡ് ബോൾഡായി. മാർനസ് ലബുഷെയ്ൻ ഷംസിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. അഞ്ച് പന്തിൽ ഒരു റൺസ് എടുത്ത ഗ്ലെൻ മാക്‌സ്വെല്ലിനെയും ഷംസിയാണ് പുറത്താക്കിയത്. മാക്‌സി ബൗൾഡാകുകയായിരുന്നു. സ്റ്റീവൻ സ്മിത്തും ജോഷ് ഇംഗ്ലിസുമാണ് ക്രീസിൽ

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 212 റൺസെടുത്തു പുറത്തായി. തുടക്കത്തിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ദക്ഷിണാഫ്രിക്കയെ മധ്യനിര താരം ഡേവിഡ് മില്ലറിന്റെ സെഞ്ചറി പ്രകടനമാണു കരകയറ്റിയത്. 116 പന്തുകൾ നേരിട്ട മില്ലർ 101 റൺസെടുത്തു പുറത്തായി. ഹെന്റിച് ക്ലാസൻ 48 പന്തുകളിൽ 47 റൺസെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കുമാറി തിരിച്ചെത്തിയ ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്. ഇന്നിങ്‌സിലെ ആറാം പന്തിൽ ബാവുമയെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ചു.

ക്വിന്റൻ ഡികോക്ക് (മൂന്ന്), എയ്ഡൻ മാർക്രം (20 പന്തിൽ 10), റാസി വാൻ ഡർ ദസൻ (31 പന്തിൽ ആറ്) എന്നിവർ പിന്നാലെ പുറത്തായി ഗ്രൗണ്ട് വിട്ടു. ഡികോക്കിനെയും ദസനെയും പുറത്താക്കിയത് ജോഷ് ഹെയ്‌സൽവുഡാണ്. മത്സരത്തിലെ ആദ്യ പത്ത് ഓവറുകളിൽ 18 റൺസ് മാത്രമാണു ദക്ഷിണാഫ്രിക്ക നേടിയത്. ഡേവിഡ് മില്ലറും ഹെന്റിച് ക്ലാസനും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്‌കോർ 100 കടത്തി. 48 പന്തിൽ 47 റൺസെടുത്ത ക്ലാസൻ ട്രാവിസ് ഹെഡിന്റെ പന്തിൽ ബോൾഡാകുകയായിരുന്നു.

പിന്നാലെയെത്തിയ മാർകോ ജാൻസൻ ട്രാവിസ് ഹെഡിന്റെ ആദ്യ പന്തിൽ എൽബിഡബ്ല്യു ആയി മടങ്ങി. ജെറാൾഡ് കോട്‌സീ മില്ലർക്കു പിന്തുണയുമായി ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം അധികം നീണ്ടില്ല. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത് താരത്തെ പുറത്താക്കി. 39 പന്തുകൾ നേരിട്ട താരം 19 റൺസാണെടുത്തത്. 47ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് സിക്‌സ് അടിക്കാൻ ശ്രമിച്ച കേശവ് മഹാരാജിനെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു മടക്കി.

48ാം ഓവറിൽ സ്റ്റാർക്കിനെ സിക്‌സർ പറത്തിയാണ് മില്ലർ സെഞ്ചറി തികച്ചത്. 115 പന്തുകളിൽനിന്നാണ് താരം സെഞ്ചറിയിലെത്തിയത്. തൊട്ടുപിന്നാലെ വീണ്ടുമൊരു ബൗണ്ടറിക്കു ശ്രമിച്ച മില്ലറെ ട്രാവിസ് ഹെഡ് ക്യാച്ചെടുത്തു മടക്കി. എട്ട് ഫോറുകളും അഞ്ചു സിക്‌സുകളുമാണ് സെമി ഫൈനൽ പോരാട്ടത്തിൽ മില്ലർ ബൗണ്ടറി കടത്തിയത്.

ഇതോടെ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന നേട്ടവും മില്ലർ സ്വന്തമാക്കി. 2015 ലോകകപ്പിൽ ന്യൂസീലൻഡിനെതിരേ 82 റൺസെടുത്ത ഫാഫ് ഡുപ്ലെസിയായിരുന്നു നോക്കൗട്ട് മത്സരങ്ങളിലെ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ഇതാണിപ്പോൾ മില്ലർ തിരുത്തിയത്.ഓസീസിനായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്നു വിക്കറ്റു വീതം വീഴ്‌ത്തി. ഹെയ്‌സൽവുഡും ട്രാവിസ് ഹെഡും രണ്ടു വിക്കറ്റു വീതവും നേടി.