അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ ഇന്ത്യ-ഓസ്‌ട്രേലിയ സ്വപ്ന ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയ ഇന്ത്യയുടെ എതിരാളികളായി ഒരിക്കൽ കൂടി വരുമ്പോൾ ഇന്ത്യക്ക് തീർക്കാൻ കണക്കുകൾ ഏറെയാണ്. 2003ലെ സൗരവ് ഗാംഗുലിയുടെ ചുണക്കുട്ടികളെ പരാജയപ്പെടുത്തിയതിന്റെ പകരം ചോദിക്കാനുള്ള ഇന്ത്യയുടെ അവസരം.

ലോകകപ്പിൽ ഇതുവരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ വിജയങ്ങളിൽ നിർണായക പ്രകടനം പുറത്തെടുത്ത നിരവധി താരങ്ങളുണ്ട്. ഓരോ മത്സരങ്ങളിലും വെടിക്കെട്ട് തുടക്കം നൽകി എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയും, റൺവേട്ട നടത്തി റെക്കോർഡിട്ട വിരാട് കോലിയും വിക്കറ്റുകൾ എറിഞ്ഞിട്ട് എതിരാളികളുടെ പേടി സ്വപ്നമായ മുഹമ്മദ് ഷമിയുമെല്ലാം. എന്നാൽ ഇന്ത്യയുടെ വിജയക്കുതിപ്പിൽ നിർണായകമായ മറ്റൊരു താരം കൂടിയുണ്ട്. മധ്യനിരയിൽ ഇന്ത്യയുടെ വിശ്വാസം കാത്ത ശ്രേയസ് അയ്യർ.

സെമിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യൻ ജയത്തിന്റെ ആണിക്കല്ല് ശ്രേയസിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു. അധികം ആഘോഷിക്കപ്പെട്ടില്ലെങ്കിലും റൺസ് ചെയ്സ് ചെയ്ത് ന്യൂസിലൻഡ് ഒരു ഘട്ടത്തിൽ ഇന്ത്യയെ വിറപ്പിക്കുകയും ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനു അരികിൽ വരെ എത്തുകയും ചെയ്തു. എട്ട് സിക്സുകൾ സഹിതം ശ്രേയസ് എടുത്ത അതിവേഗ റൺസാണ് ഇന്ത്യക്ക് വേവലാതി ഇല്ലാതെ മത്സരം കിവികളുടെ കൈയിൽ നിന്നു മടക്കിയെടുക്കാൻ സഹായിച്ചത്.

ചരിത്രമെഴുതിയാണ് താരം ക്രീസ് വിട്ടത്. സെമിയിൽ താരം നേടിയത് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു. ഇതോടെ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ ശ്രേയസ് ഏഴാം സ്ഥാനത്തും എത്തി. താരം ഇതുവരെയായി 526 റൺസ് സ്വന്തമാക്കി. നാലാം നമ്പറിൽ ഇറങ്ങി ഒരു ലോകകപ്പ് എഡിഷനിൽ 500നു മുകളിൽ സ്‌കോർ ചെയ്യുന്ന ചരിത്രത്തിലെ മധ്യനിരയിലെ ആദ്യ ക്രിക്കറ്റ് താരമെന്ന അപൂർവ നേട്ടമാണ് താരം സ്വന്തമാക്കിയത്. 75.14 ആവറേജ്, 113 സ്ട്രൈക്ക് റേറ്റ്.

ഒരു ഏകദിന ലോകകപ്പിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ മധ്യനിര ബാറ്ററെന്ന റെക്കോഡ് ശ്രേയസ് സ്വന്തമാക്കി. ശ്രേയസിന്റെ കന്നി ലോകകപ്പിലാണ് ന്യൂസിലൻഡ് ആൾറൗണ്ടർ സ്‌കോട്ട് സ്‌റ്റൈറിസ് നേടിയ 499 റൺസ് എന്ന റെക്കോഡ് പഴങ്കഥയാക്കിയത്. നാലാം നമ്പറിൽ അല്ലെങ്കിൽ അതിൽ താഴെ ബാറ്റ് ചെയ്യുന്നവരാരും ഒരു ടൂർണമന്റെിൽ 500 റൺസ് കുറിച്ചിട്ടില്ല. 2007 ലോകകപ്പിലാണ് സ്‌റ്റൈറിസ് 499 റൺസ് നേടുന്നത്.

526 റൺസെടുത്ത് ശ്രേയസ് അയ്യർ ആ നാഴികകല്ലും മറികടക്കുകയായിരുന്നു. നാല് ഫോറും എട്ടു സിക്‌സറും ഉൾപ്പെടെ 70 പന്തിൽ നിന്ന് 105 റൺസെടുത്താണ് ശ്രേയസ് അയ്യർ മടങ്ങിയത്. നെതർലാൻഡ്‌സിനെതിരെ സെഞ്ച്വറി (128*) നേടിയ ശ്രേയസ് പാക്കിസ്ഥാൻ (53*), ശ്രീലങ്ക (82), ദക്ഷിണാഫ്രിക്ക (77) എന്നീ ടീമുകൾക്കെതിരെ അർധ സെഞ്ച്വറിയും നേടിയിരുന്നു.

സെമിയിലടക്കം തുടരെ രണ്ടാമത്തെ കളിയിലാണ് ശ്രേയസ് സെഞ്ച്വറി കണ്ടെത്തിയത്. നേരത്തേ നെതർലാൻഡ്സുമായുള്ള അവസാനത്തെ ലീഗ് മൽസരത്തിലും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു. ലോകകപ്പന്റെ സെമി ഫൈനൽ/ ഫൈനൽ എന്നിവയിൽ സെഞ്ച്വറികളടിച്ച ഇന്ത്യൻ താരങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ശ്രേയസും ഇടം പിടിച്ചിരിക്കുകയാണ്.

നേരത്തേ വെറും രണ്ടു പേർക്കു മാത്രമേ ഇതു സാധിച്ചിരുന്നുള്ളൂ. ഒരാൾ മുൻ ഇതിഹാസ നായകൻ സൗരവ് ഗാംഗുലിയാണെങ്കിൽ മറ്റൊരാൾ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. 2003ലെ ലോകകപ്പിന്റെ സെമി ഫൈനലിൽ കെനിയക്കെതിരേയായിരുന്നു ദാദയുടെ സെഞ്ച്വറി. അന്നു പുറത്താവാതെ 111 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്.

ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പാടുപെട്ട ശ്രേയസിന്റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഷോർട്ട് ബോളുകളിൽ തുടർച്ചയായി പുറത്തായതോടെ എതിരാളികൾ ശ്രേയസിനെതിരെ ഷോർട്ട് പിച്ച് പന്തുകളെറിഞ്ഞ് തന്ത്രം മെനഞ്ഞു.

എന്നാൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ അർധസെഞ്ചുറിയോടെ ആത്മവിശ്വാസം വീണ്ടെടുത്ത ശ്രേയസ് പിന്നീട് ബംഗ്ലാദേശിനും ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരെ വലിയ സ്‌കോറുകൾ നേടാതെ പുറത്തായതോടെ വീണ്ടും സമ്മർദ്ദത്തിലായി. ശ്രേയസിന് പകരം ഇഷാൻ കിഷനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന വാദവും ഉയർന്നു. എ്ന്നാൽ ഇന്ത്യൻ ടീം മാനേജ്മെന്റ് ശ്രേയസിൽ വിശ്വാസം കാത്തുസൂക്ഷിക്കുകയും ടീമിൽ നിലനിർത്തുകയുമായിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ ടീമിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീലങ്കക്കെതിരെ 56 പന്തിൽ 82 റൺസടിച്ച ശ്രേയസ് നെതർലൻഡ്‌സിനെതിരായ അടുത്ത മത്സരത്തിൽ 94 പന്തിൽ 128 റൺസടിച്ച് തിളങ്ങി. സെമിയിൽ ന്യൂസിലൻഡിനെതിരെ 70 പന്തിൽ 105 റൺസടിച്ച് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ ശ്രേയസിന്റെ വെടിക്കെട്ടാണ് ഇന്ത്യയെ 400ന് അടുത്തെത്തിച്ചത്.

10 മൽസരങ്ങളിൽ നിന്നും 75.14 ശരാശരിയിൽ 113.11 സ്ട്രൈക്ക് റേറ്റോടെ 526 റൺസാണ് ശ്രേയസിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റകളും ഇതിലുൾപ്പെടും. പുറത്താവാതെ നേടിയ 128 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞാൽ ഈ ലോകകപ്പിൽ ഏറ്റവുമധികം സിക്സറുകൾ പായിച്ചത് ശ്രേയസാണ്. 28 സിക്സറുകളോടെയാണ് ഹിറ്റ്മാൻ തലപ്പത്തുള്ളത്. 24 സിക്സറുകളുമായി ശ്രേയസ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

ഫൈനലിലെത്തിയതോടെ ഇന്ത്യയുടെ സാധ്യതകളും സുപ്രധാന താരങ്ങളെ സംബന്ധിച്ചുള്ള നിരീക്ഷണങ്ങളും പല കോണുകളിൽ നിന്നു വരുന്നുണ്ട്. ഇപ്പോൾ അഭിപ്രായവുമായി എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ ഓപ്പണറും രണ്ടാം ലോക കിരീടത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിൽ നിർണായക പങ്കും വഹിച്ച ഗൗതം ഗംഭീറാണ്.

'ഇന്ത്യയുടെ മുന്നേറ്റത്തിലെ നിർണായക സാന്നിധ്യം ശ്രേയസ് അയ്യരുടേതാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചെയ്ഞ്ചർ അദ്ദേഹമാണെന്നു ഞാൻ പറയും. പരിക്കേറ്റ് പുറത്തിരുന്നു പിന്നീടു തന്റെ സ്ഥാനത്തിനായി നന്നായി അധ്വാനിക്കേണ്ടി വന്ന താരമാണ്. മികച്ച ഫോമിലാണ് ലോകകപ്പിൽ കളിച്ചത്. നോക്കൗട്ടിൽ 70 പന്തിൽ നേടിയ സെഞ്ച്വറി തന്നെ മികച്ച ഇന്നിങ്സാണ്. മക്സ്വെല്ലും സാംപയും ഫൈനലിൽ ബൗൾ ചെയ്യുമ്പോൾ ഇന്ത്യൻ ടീമിൽ ബാറ്റ് കൊണ്ടു നിർണായക പങ്കു വഹിക്കുന്ന പ്രധാന താരവും ശ്രേയസ് ആയിരിക്കും'- സ്റ്റാർ സ്പോർട്സ് ചർച്ചയിൽ ഗംഭീർ പറഞ്ഞു.

പരിക്കിന്റെ പിടിയിൽ നിന്ന് മുക്തനായി ലോകകപ്പ് ടീമിലെ സ്ഥാനം പൊരുതി നേടിയ ശ്രേയസ് ആണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചേഞ്ചറന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ 70 പന്തിൽ സെഞ്ചുറി നേടിയ ശ്രേയസിന്റെ പ്രകടനം അസാമാന്യമെന്ന് മാത്രമെ പറയാനാവു. ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോഴും നാലാം നമ്പറിലിറങ്ങുന്ന ശ്രേയസിന്റെ പ്രകടനമാകും ഇന്ത്യക്ക് നിർണായകമാകുക. പ്രത്യേകിച്ച് മധ്യ ഓവറുകളിൽ ആദം സാംപയും ഗ്ലെൻ മാക്‌സ്വെല്ലും ഓസീസിനായി പന്തെറിയുമ്പോൾ- ഗംഭീർ പറഞ്ഞു.