കൊൽക്കത്ത: ലോകോത്തര താരങ്ങളുടെ വമ്പൻ നിരയുണ്ടായിട്ടും ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയും നിർഭാഗ്യം ഉള്ള മറ്റൊരു ടീമില്ല. പ്രാഥമിക റൗണ്ടിൽ എതിരാളികളെ വിറപ്പിച്ച് സെമിയിലേക്ക് മുന്നേറിയെങ്കിലും ഇത്തവണയും ദക്ഷിണാഫ്രിക്ക സെമിയിൽ തോറ്റ് പുറത്താകുമ്പോൾ നിർഭാഗ്യത്തിന്റെ ചരിത്രത്തിനു മാറ്റമില്ല. ഇത്തവണ അവരുടെ അഞ്ചാം സെമി മടക്കമാണ് കൊൽക്കത്തയിൽ കണ്ടത്.

വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിൽ അഞ്ചാം തവണയാണ് പ്രോട്ടീസ് സെമിഫൈനലിൽ തോറ്റ് പുറത്താവുന്നത്. പലപ്പോഴും നിർഭാഗ്യമാണ് അവരുടെ വഴി മുടക്കിയതെങ്കിൽ മറ്റുചിലപ്പോൾ നിർണായക മത്സരങ്ങളിലെ ഇടർച്ചയാണ് തിരിച്ചടിയായത്.

ആദ്യമായി പങ്കെടുത്ത 1992ലെ ലോകകപ്പിൽ മഴ നിയമമാണ് ദക്ഷിണാഫ്രിക്കയെ ചതിച്ചത്. സിഡ്‌നിയിൽ നടന്ന സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 ഓവറിൽ അടിച്ചെടുത്തത് ആറ് വിക്കറ്റ് നഷട്ത്തിൽ 252 റൺസായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 19 പന്തിൽ 22 റൺസ് വേണ്ടപ്പോൾ മഴയെത്തി. മഴയൊഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം കണ്ട് ഏവരും ഞെട്ടി. ഒരു പന്തിൽ 22 റൺസ്!. അങ്ങനെ വിജയം ദക്ഷിണാഫ്രിക്കയിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു. അസാധ്യ ലക്ഷ്യത്തിൽ തട്ടി അവർ കണ്ണീരോടെ മടങ്ങി. ക്രിക്കറ്റിലെ ഏറ്റവും വിവാദ മത്സരങ്ങളിലൊന്നായിരുന്നു അത്.

1999ൽ എഡ്ജ്ബാസ്റ്റണിൽ നടന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയയായിരുന്നു എതിരാളികൾ. എന്നാൽ, അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും തമ്മിലുള്ള കൂട്ടുകെട്ട് അവസാന പന്തിൽ റണ്ണൗട്ടിൽ കലാശിച്ചതോടെ മത്സരം ടൈയിൽ അവസാനിച്ചു. നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു അത്.

അവസാന ഓവറിൽ അന്ന് ഒൻപത് റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും ക്ലൂസ്‌നർ ഫോറുകൾ തൂക്കിയതോടെ മത്സരം നാല് പന്തിൽ ഒരു റൺസെന്ന നിലയിൽ. എന്നാൽ ആ ലക്ഷ്യത്തിലേക്ക് എത്തും മുൻപ് അലൻ ഡൊണാൾഡ് റണ്ണൗട്ടായി. മത്സരം ടൈ കെട്ടി. സൂപ്പർ സിക്‌സിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയതിന്റെ ബലത്തിൽ ഓസ്‌ട്രേലിയ ഫൈനലിലേക്ക്. പ്രോട്ടീസിന്റെ രണ്ടാം നിർഭാഗ്യം.

2007ലെ സെമിയിലും ഓസ്‌ട്രേലിയയായിരുന്നു എതിരാളികൾ. എന്നാൽ, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 149 റൺസിന് പുറത്തായി. ഓസ്‌ട്രേലിയ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസ ജയം നേടി. നാല് വിക്കറ്റെടുത്ത ഷോൺ ടെയ്റ്റും മൂന്ന് വിക്കറ്റ് നേടിയ ഗ്ലെൻ മഗ്രാത്തുമായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകളെ എറിഞ്ഞിട്ടത്.

2015ൽ ന്യൂസിലാൻഡാണ് ഫൈനലിലേക്കുള്ള വഴിമുടക്കിയത്. അന്നും മഴ വില്ലനായി. ഓവറുകൾ ചുരുക്കിയതും ഫീൽഡിങിലെ പിഴവുകളും അവരുടെ വഴിയടച്ചു. ഓക്‌ലൻഡിൽ നടന്ന മത്സരം മഴ കാരണം ഓവറുകൾ ചുരുക്കിയതും ഫീൽഡിങ് പിഴവുകളുമാണ് ഇത്തവണ തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 43 ഓവറിൽ അഞ്ചിന് 281 റൺസടിച്ചപ്പോൾ ന്യൂസിലാൻഡിന്റെ ലക്ഷ്യം 43 ഓവറിൽ 298 റൺസായി നിർണയിച്ചു. എന്നാൽ, ഡെയ്ൽ സ്റ്റെയിൻ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സടിച്ച് ഗ്രാന്റ് എലിയട്ടാണ് കിവികൾക്ക് നാല് വിക്കറ്റിന്റെ വിജയം സമ്മാനിച്ച് ഫൈനലിലേക്ക് വഴി തുറന്നത്.

2023ൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പതിൽ ഏഴ് മത്സരങ്ങളും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ ഇടം നേടിയത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സെമിയിൽ ടോസ് നേടിയ അവർ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ, 24 റൺസെടുക്കുമ്പോഴേക്കും അവരുടെ നാല് മുൻനിര വിക്കറ്റുകൾ ഓസീസ് എറിഞ്ഞുവീഴ്‌ത്തി. ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ ഓസ്‌ട്രേലിയക്ക് മുമ്പിൽ 213 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ ഓസീസ് 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുക്കുകയായിരുന്നു. ഇതോടെ അഞ്ചാം തവണയും ദക്ഷിണാഫ്രിക്കയുടെ ഫൈനൽ സ്വപ്നം ഇരുളടഞ്ഞു.

ബാറ്റ് ചെയ്തപ്പോൾ ടൂർണമെന്റിൽ മിക്ക മത്സരത്തിലും വൻ സ്‌കോറുകൾ നേടിയ ബാറ്റർമാർ ഒരു ചെറുത്തു നിൽപ്പുമില്ലാതെ കീഴടങ്ങി. ഡേവിഡ് മില്ലർ സെഞ്ച്വറിയുമായി ഒരറ്റം കാത്തു. എന്നാൽ പിന്തുണയ്ക്കാൻ ഒരാളും ഇല്ലാതെ പോയപ്പോൾ തന്നെ അവർ പകുതി തോറ്റ നിലയിലായിരുന്നു. എന്നിട്ടും കുറഞ്ഞ സ്‌കോറിൽ പുറത്തായിട്ടും ബൗളിങ് മികവിൽ അവസാനം വരെ ഓസ്‌ട്രേലിയയെ വെള്ളം കുടിപ്പിക്കാൻ അവർക്ക് സാധിച്ചു.

അവസാന ഘട്ടത്തിൽ മത്സരത്തിന്റെ നിർണായക നിമിഷത്തിൽ ക്യാച്ചുകൾ കൈവിട്ടാണ് അവർ തങ്ങളുടെ നിർഭാഗ്യത്തിന്റെ പുസ്തകത്തിൽ മറ്റൊരു അധ്യായം കൂടി തുന്നിച്ചേർത്തത്. ആ രണ്ട് ക്യാച്ചുകൾ കൈയിൽ ഒതുക്കിയിരുന്നെങ്കിൽ ടീമിന് കന്നി ഫൈനൽ ബർത്ത് ഉറപ്പിക്കാമായിരുന്നു. പക്ഷേ പഴയ പല്ലവി തന്നെ പുതു തലമുറയും ആവർത്തിക്കുന്നു.

37ാം ഓവറിൽ ജോഷ് ഇംഗ്ലിസ് പുറത്തായതിനു പിന്നാലെ എത്തിയ പാറ്റ് കമ്മിൻസിനെ ജെറാർഡ് കോറ്റ്‌സി വിക്കറ്റിനു മുന്നിൽ കുരുക്കി. അംപയർ ഔട്ട് നൽകിയില്ല. ഡിആർഎസിൽ വിക്കറ്റിലേക്ക് പോകുന്ന പന്ത് പിച്ച് ചെയ്തത് ലെഗ് സ്റ്റംപിനു പുറത്ത്. ഫലം നോട്ടൗട്ട്. അങ്ങനെ ഒരു റിവ്യു അവർക്ക് നഷ്ടമായി.

41ാം ഓവറിൽ മാർക്രത്തിന്റെ പന്ത് ഫ്‌ളിക് ചെയ്യാനുള്ള മിച്ചൽ സ്റ്റാർക്കിന്റെ ശ്രമം. എഡ്ജ് ചെയ്ത പന്ത് മാർക്രത്തിനു തൊട്ടു മുന്നിൽ പിച്ച് ചെയ്തു. ഒന്നു ശ്രമിച്ചിരുന്നെങ്കിൽ ആ ക്യാച്ച് താരത്തിനു കൈയിൽ ഒതുക്കാൻ സാധിക്കുമായിരുന്നു.

43ാം ഓവറിൽ വീണ്ടും മാർക്രം പന്തെറിയുന്നു. ലെങ്ത് പന്ത് ഫ്‌ളിക് ചെയ്യാൻ കമ്മിൻസിന്റെ ശ്രമം. മിഡ് വിക്കറ്റിൽ ഡേവിഡ് മില്ലറുടെ നേർക്ക്. മില്ലർ ക്യാച്ചെടുക്കാൻ ഡൈവ് ചെയ്തു. നേരിയ വ്യത്യാസത്തിൽ വീണ്ടും ക്യാച്ച് നഷ്ടം.

മാർക്രത്തിന്റെ 45ാം ഓവർ. ഗുഡ് ലെങ്തിൽ പിച്ച് ചെയ്ത പന്ത് ഡ്രൈവ് ചെയ്യാനുള്ള കമ്മിൻസിന്റെ ശ്രമം. അകത്തേക്ക് ടേൺ ചെയ്ത പന്ത് ബാറ്റിൽ തട്ടി പിന്നിലേക്ക്. ക്വിന്റൻ ഡി കോക്കിനു അനായാസം കൈയിലൊതുക്കാൻ സാധിക്കുമായിരുന്നു. താരത്തിന്റെ ഗ്ലൗവിൽ തട്ടി പന്ത് നിലത്ത്. അടുത്ത നഷ്ടം. പിന്നീട് ഒരവസരവും നൽകാതെ സ്റ്റാർക്ക്- കമ്മിൻസ് സഖ്യം ഓസീസിനെ ഫൈനലിലേക്ക് നയിച്ചു.