അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മുമ്പ് ആരാധകരെ വിസ്മയിപ്പിക്കുന്ന വമ്പൻ എയർ ഷോ. ഇന്ത്യൻ വായുസേനയുടെ സൂര്യകിരൺ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളിൽ എയർ ഷോ നടത്തുക.ഫൈനലിലെ എയർ ഷോയുടെ റിഹേഴ്‌സൽ സ്റ്റേഡിയത്തിന് മുകളിൽ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. പത്ത് മിനിറ്റ് നേരം നീണ്ടു നിൽക്കുന്നതായിരിക്കും എയർ ഷോ.

അതേസമയം, ഫൈനൽ പോരാട്ടം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെയും മത്സരം കാണാൻ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണാൻ മോദിയും ആന്റണി ആൽബനീസും എത്തിയിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഗുജറാത്ത് സർക്കാരും ബി.സി.സിഐ.യും തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യ ഫൈനലിൽ എത്തിയതിനെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. വിരാട് കോലിയുടെ റെക്കോഡ് നേട്ടത്തെയും മുഹമ്മദ് ഷമിയുടെ പ്രകടനത്തെയും പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ന്യൂസിലൻഡിനെതിരെ നേടിയ ഉജ്ജ്വലവിജയമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചത്. സെമി വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അനുമോദിച്ചിരുന്നു. 'അസാമാന്യ പ്രകടനങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെ'- പ്രധാനമന്ത്രി ആശംസിച്ചു. വിരാട് കോഹ്ലിയുടെ റെക്കോഡ് നേട്ടത്തെയും മുഹമ്മദ് ഷമിയുടെ പ്രകടനത്തെയും പ്രത്യേകം പരാമർശിക്കുകയും ചെയ്തു.

മുംബൈയിൽനിന്ന് ഇന്ത്യൻ ടീം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അഹമ്മദാബാദിലെത്തി. ടീം ഇന്നുമുതൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. 20 വർഷത്തിന് ശേഷമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ ടീമിനെ സൗരവ് ഗാംഗുലിയും ഓസ്‌ട്രേലിയൻ ടീമിനെ റിക്കി പോണ്ടിങ്ങുണ് നയിച്ചത്.

ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഇന്ത്യ അവസാനം ലോകകപ്പ് നേടിയപ്പോൾ ടൂർണമെന്റിലെ താരമായിരുന്ന യുവരാജ് സിങ്, തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത്, ബോളിവുഡ് താരങ്ങൾ അടക്കം നിരവധി പ്രമുഖരാണ് മത്സരം കാണാനെത്തുക എന്നാണ് റിപ്പോർട്ട്. അതേസമയം, മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് ഗായിക ഡുവാ ലിപയുടെ സംഗീത പരിപാടി ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.