ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിൽ സെമി കാണാതെ പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞ ബാബർ അസമിന് പകരക്കാരനായി ട്വന്റി 20 ക്രിക്കറ്റിൽ ഷഹീൻ അഫ്രീദിയെ നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി മുൻ നായകൻ ഷാഹിദ് അഫ്രീദി. ഷഹീനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കെതിരെ കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഷഹീന്റെ ഭാര്യാപിതാവ് കൂടിയായ ഷാഹിദ് അഫ്രീദി ഇടപെട്ടാണ് പാക് പേസറെ ക്യാപ്റ്റനാക്കിയതെന്നായിരുന്നു ആരോപണം.

വിവാദങ്ങളിൽ പ്രതികരിക്കുകയാണ് അഫ്രീദിയിപ്പോൾ. ''നിശ്ചിത ഓവർ ക്രിക്കറ്റിൽ മുഹമ്മദ് റിസ്വാൻ നയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷഹീൻ ടീമിനെ നയിക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. കൂടാതെ, ടെസ്റ്റിൽ ബാബർ ക്യാപ്റ്റനായി തുടരണമെന്നും എനിക്കുണ്ടായിരുന്നു. ഷഹീനെ ക്യാപ്റ്റനാക്കിയത് പൂർണമായും മുഹമ്മദ് ഹഫീസിന്റെയും പിസിബി ചെയർമാന്റെയും തീരുമാനമാണ്. എനിക്ക് അതുമായി ഒരു ബന്ധവുമില്ല. ഞാൻ ഒരിക്കലും ഷഹീന്റെ ക്യാപ്റ്റൻസിക്ക് വേണ്ടി വാദിച്ചിട്ടില്ല. ഷഹീനെ ക്യാപ്റ്റൻസിയിൽ നിന്ന് അകറ്റി നിർത്താൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.'' അഫ്രീദി വ്യക്തമാക്കി.

ബാബർ അസം നായകസ്ഥാനം ഒഴിഞ്ഞതോടെ ടെസ്റ്റ് ടീമിനെ ഷാൻ മസൂദി നയിക്കും. ട്വന്റി 20 ക്രിക്കറ്റ് ടീമിനെ ഷഹീൻ അഫ്രീദിയും നയിക്കും. ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനെ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും ഷഹീൻ തന്നെയായിരിക്കും നായകനാവുക. മുഹമ്മദ് റിസ്വാനേയും പരിഗണിച്ചേക്കും.

ലോകകപ്പിൽ പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ബാബറിന് മാറ്റാൻ പിസിബി തീരുമാനമെടുത്തത്. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാൽ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബർ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് വേണ്ടി മൂന്ന് ഫോർമാറ്റിലും ഇനിയും കളിക്കുമെന്നും ബാബർ അസം വ്യക്തമാക്കി. തന്നെ ഉത്തരവാദിത്തം ഏൽപ്പിച്ച പിസിബിക്ക് ബാബർ അസം നന്ദി പറഞ്ഞിരുന്നു.

ബാബറിനോട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ഏകദിന ടീമിന്റെ നായകനാവാൻ ഏറെ സാധ്യത മുഹമ്മദ് റിസ്വാനാണ്. ഷഹീൻ അഫ്രീദി ട്വന്റി 20 ടീമിന്റെ നായകനാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.