- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് അണ്ടർ 19 ടീമിൽ ഇടംകിട്ടാതെ ബംഗാളിലേക്ക് നാടുവിട്ടു; ഇന്ന് ലോകകപ്പിലെ മിന്നും താരം; ഒടുവിൽ മുഹമ്മദ് ഷമിക്ക് ജന്മനാടിന്റെ ആദരം; താരത്തിന്റെ നാട്ടിൽ മിനി സ്റ്റേഡിയവും ഓപ്പൺ ജിമ്മും ഉയരും; പ്രഖ്യാപനവുമായി യോഗി സർക്കാർ
ലഖ്നൗ: ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയുമായ പേസ് ബൗളർ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ സ്റ്റേഡിയവും ഓപ്പൺ ജിംനേഷ്യവും പണിയാൻ ഉത്തർപ്രദേശ് സർക്കാർ. ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനം പരിഗണിച്ചാണ് തീരുമാനം. അമ്റോഹ ജില്ലയിലെ സഹസ്പൂർ അലിനഗർ ഗ്രാമത്തിലാണ് ഷമി ജനിച്ചു വളർന്നത്. കൗമാരകാലത്ത് നന്നായി പന്തെറിഞ്ഞിട്ടും അണ്ടർ 19 ടീമിൽ ഇടംകിട്ടാതെ ബംഗാളിലേക്ക് നാടുവിട്ട ഷമിക്ക് ഒടുവിൽ ജന്മനാടിന്റെ ആദരമായാണ് തീരുമാനം. യോഗി സർക്കാർ സംസ്ഥാനത്തുടനീളം പണിയുന്ന 20 സ്റ്റേഡിയങ്ങളുടെ പട്ടികയിൽ സഹസ്പൂർ അലിനഗറുമുണ്ട്.
ഷമിയുടെ നാട്ടിൽ മിനി സ്റ്റേഡിയവും ഓപ്പൺ ജിമ്മും ഉയരും. വിദഗ്ധസംഘം ഇതിനായുള്ള സ്ഥലം സന്ദർശിച്ചിരുന്നു. ആർഎൽഡി രാജ്യസഭാ എംപി ജയന്ത് സിംഗും സ്റ്റേഡിയം പണിയാൻ സഹായവാഗ്ദാനം നൽകിയിട്ടുണ്ട്. സൂപ്പർ ഹീറോ ഷമിയുടെ പരസ്യവരുമാനം ഇരട്ടിയായി ഒരു കോടിയിലെത്തിയെന്നും റിപ്പോർട്ടുണ്ട്. ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് ഷമി. ആറ് മത്സരങ്ങൾ മാത്രം കളിച്ച താരം ഒരു മത്സരം ബാക്കി നിൽക്കെ 23 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
ലോകകപ്പിലെ ആദ്യത്തെ നാല് മത്സരങ്ങളിൽ ഷമി കളിച്ചിരുന്നില്ല. പിന്നീട് മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താൻ ഷമിക്കായി. ന്യൂസിലൻഡിനെതിരെ സെമിയിൽ ഏഴ് വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. മത്സരത്തിലെ താരവും ഷമിയായിരുന്നു. ടൂർണമെന്റിലെ താരമായി പരിഗണിക്കപ്പെടുന്ന താരങ്ങളിലും ഷമിയുണ്ട്.
2023 ലോകകപ്പിലെ ഷമിയുടെ തകർപ്പൻ പ്രകടനത്തിനുപിന്നാലെയാണ് സർക്കാർ സ്റ്റേഡിയവും ജിംനേഷ്യവും ആരംഭിക്കാൻ തീരുമാനമെടുത്തത്. മിനി സ്റ്റേഡിയത്തിനും ഓപ്പൺ ജിംനേഷ്യത്തിനുമായി സ്ഥലം ഉടൻ തന്നെ ഏറ്റെടുക്കുമെന്നും ഉടൻ തന്നെ നിർദ്ദേശം സർക്കാരിന് കൈമാറുമെന്നും അംറോഹ ജില്ലാ മജിസ്ട്രേറ്റ് രാജേഷ് ത്യാഗി ഐ.എ.എസ് വ്യക്തമാക്കി.
ഉത്തർ പ്രദേശിൽ ആകെ 20 സ്റ്റേഡിയങ്ങളാണ് സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അംറോഹയിലെ സഹസ്പുർ അലിനഗർ ഗ്രാമമാണ് ഷമിയുടെ ജന്മദേശം. ഇവിടെയായിരിക്കും സ്റ്റേഡിയവും ജിംനേഷ്യവും നിർമ്മിക്കുന്നത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ഷമി. ആദ്യ നാല് മത്സരങ്ങളിൽ ആദ്യ ഇലവനിൽ സ്ഥാനം നേടാൻ കഴിയാതെപോയ ഷമി ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെയാണ് ടീമിലിടം നേടിയത്. പിന്നീട് നടന്നത് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ്.
വെറും ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് ഷമി ഇതിനോടകം വീഴ്‌ത്തിയിരിക്കുന്നത്. ന്യൂസീലൻഡിനെതിരായ സെമിയിൽ താരം ഏഴുവിക്കറ്റ് എറിഞ്ഞിട്ട് ഒരു ഇന്ത്യൻ താരത്തിന്റെ ഏകദിനത്തിലെ മികച്ച പ്രകടനം എന്ന റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. നിലവിൽ ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ് ഷമി.
സ്പോർട്സ് ഡെസ്ക്