- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ഫൈനലിനുള്ള പിച്ചിൽ ചില സർപ്രൈസുകൾ? സൂര്യകുമാർ യാദവിന് പകരം അശ്വിനെത്തുമോ? സ്ലിപ് ഫീൽഡിങ് പരിശീലനം നടത്തി രോഹിത് ശർമ; രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുമെന്ന് ക്യൂറേറ്റർ; ഓസ്ട്രേലിയയ്ക്ക് ആശങ്ക
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം തോൽവി അറിയാതെ മുന്നേറുന്ന ടീമിനെ അതേപടി നിലനിർത്തുമെന്ന വിലയിരുത്തലുമുണ്ട്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുമെന്നാണ് ക്യൂറേറ്ററവുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300ൽ കൂടുതൽ സ്‌കോർ ചെയ്യുന്ന തരത്തിലുള്ള പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കും.
നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയക്കുന്ന സ്പിന്നർ ആർ അശ്വിനെ കളിപ്പുമോ എന്നാണ് പ്രധാന ചോദ്യം. അശ്വിൻ കഴിഞ്ഞ ദിവസം പരിശീലനം നടത്തുകയും ചെയ്തതിരുന്നു. ബാറ്റിങ് നിരയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എന്തായാലും മാറ്റത്തിന് സാധ്യതയില്ല. ശുഭ്മാൻ ഗിൽ - രോഹിത് ശർമ സഖ്യം ഓപ്പണർമാരായി തുടരും. മൂന്നാമൻ വിരാട് കോലി, പിന്നാലെ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലും ക്രീസിലെത്തും.
സൂര്യകുമാർ യാദവിന്റെ കാര്യമാണ് കുറച്ച് പ്രശ്നം. കിട്ടിയ അവസരങ്ങളിലൊന്നും സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല. സൂര്യക്ക് പകരം അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. എന്നാൽ വിന്നിങ് കോംപിനേഷനിൽ മാറ്റം വരുത്താൻ ടീം മാനേജ്മെന്റ് മുതിരില്ലെന്നാണ് പുറത്തുവരുന്ന വിവരം. രവീന്ദ്ര ജഡേജയും ടീമിൽ സ്ഥാനം നിലനിർത്തും. മറ്റൊരു സ്പിന്നറായി കുൽദീപ് യാദവും. പേസർമാരായി മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് തുടരും.
എന്നാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ-ഓസീസ് ഫൈനലിനുള്ള പിച്ചിൽ ചില സർപ്രൈസുകളുണ്ട് എന്ന സൂചന പുറത്തുവന്നതാണ് രോഹിത് ശർമ്മയുടെ സ്ലിപ് ഫീൽഡിങ് പരിശീലനത്തിന് സമയം ചെലവിട്ടതെന്നും വിലയിരുത്തലുണ്ട്. ഫൈനലിനായി അഹമ്മദാബാദിൽ കുറവ് ബൗൺസുള്ള സ്ലോ പിച്ചാണ് തയ്യാറാക്കുന്നത് എന്ന സൂചന സ്ഥിരീകരിക്കുന്നതാണ് രോഹിത്തിന്റെ സ്ലിപ് പരിശീലനം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായും സഹ പരിശീലകരുമായും രോഹിത് പരിശീലനത്തിനിടെ ഏറെ നേരം സംസാരിക്കുന്നത് കാണാമായിരുന്നു.
സ്ലോ പിച്ചാണ് ഫൈനലിനായി തയ്യാറാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹെവി റോളർ ഉപയോഗിച്ചാണ് പിച്ച് തയ്യാറാക്കുന്നത്. ബിസിസിഐ ചീഫ് ഓഫ് ഗ്രൗണ്ട് സ്റ്റാഫ് ആശിഷ് ഭൗമികിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന പിച്ച് ഐസിസി പിച്ച് കൺസൽട്ടന്റ് ആൻഡി അറ്റ്കിൻസൺ ഇതുവരെ പരിശോധിച്ചിട്ടില്ല എന്നതും വിവാദമായിരുന്നു.
ഇന്ത്യൻ സ്‌ക്വാഡിലെ ആറ് താരങ്ങൾ മാത്രമേ പരിശീലനത്തിന് ഇറങ്ങിയുള്ളൂ. രോഹിത്തിന് പുറമെ രവിചന്ദ്രൻ അശ്വിനും പ്രസിദ്ധ് കൃഷ്ണയും രവീന്ദ്ര ജഡേജയും കെ എൽ രാഹുലും ഇഷാൻ കിഷനുമാണ് ഓപ്ഷനൽ പരിശീലന സെഷനിൽ പങ്കെടുത്തത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ. 2003ലെ കലാശപ്പോരിലേറ്റ തിരിച്ചടിക്ക് പലിശ സഹിതം പകരംവീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഫൈനലിനുള്ള ഒഫീഷ്യൽസിനെ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടുകാരായ റിച്ചാർഡ് കെറ്റിൽബറോയും റിച്ചാർഡ് ഇല്ലിങ്വർത്തുമാണ് ഫീൽഡ് അംപയർമാർ. വെസ്റ്റ് ഇൻഡീസിന്റെ ജോയൽ വിൽസൻ മൂന്നാം അംപയറും സിംബാബ്വെയുടെ ആൻഡി പൈക്രോഫ്റ്റ് നാലാം അംപയറുമാകും.
സ്പോർട്സ് ഡെസ്ക്