- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് വാംഖഡെയിൽ ലോകകപ്പ് നേട്ടത്തിന് പിന്നാലെ സച്ചിനെ തോളിലേറ്റിയ യുവതാരം; ഇന്ന് ഫൈനലിന് മുമ്പ് കയ്യൊപ്പ് ചാർത്തിയ സ്വന്തം ജേഴ്സി വിരാട് കോലിക്ക് സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം; സച്ചിൻ നൽകിയത് തന്റെ അവസാന ഏകദിനത്തിലെ ജഴ്സി
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനൽ മത്സരം അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി സൂപ്പർ താരം വിരാട് കോലിക്ക് തന്റെ കയ്യൊപ്പ് ചാർത്തിയ ജഴ്സി സമ്മാനിച്ചാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആത്മവിശ്വാസം പകർന്നത്.
ഏകദിനത്തിൽ ഏറ്റവുംകൂടുതൽ സെഞ്ചുറി നേടിയ താരമെന്ന സച്ചിന്റെ റെക്കോർഡ് കോലി കഴിഞ്ഞ മത്സരത്തിൽ മറികടന്നിരുന്നു. ഇതിന്റെ ആദരസൂചകമായിട്ടാണ് സച്ചിൻ ഇന്ന് തന്റെ അവസാന ഏകദിന മത്സരത്തിലെ ജഴ്സി കോലിക്ക് സമ്മാനിച്ചത്. 'വിരാട് നീ ഞങ്ങളെ അഭിമാനിതരാക്കി' എന്ന സന്ദേശം കുറിച്ച് ഒപ്പിട്ടാണ് സച്ചിൻ സമ്മാനം കൈമാറിയത്.
അഹമ്മബദാബാദിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിന്റെ തൊട്ടുമുമ്പായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ സ്നേഹ കൈമാറ്റം. തന്റെ കരിയറിലെ തുടക്കകാലം മുതൽ സച്ചിനോടുള്ള ആരാധനയെക്കുറിച്ച് കോലി വാചാലനായിരുന്നു. 2011ലെ ഏകദിന ലോകകപ്പിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യ നേടിയ ചരിത്ര നേട്ടത്തിനിടെ മാസ്റ്റർ ബ്ലാസ്റ്ററുമായി കോലി ഡ്രസ്സിങ് റൂം പങ്കിട്ടു. അവിടെ നിന്ന് സച്ചിനിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങി കോലി ഇന്ത്യയുടെ ബാറ്റിങ് ഹീറോയായി തുടരുകയാണ്.
അന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ സച്ചിൻ ടെൻഡുൽക്കറിനെ തോളിലേറ്റി മൈതാനം വലംവച്ചാണ് ക്രിക്കറ്റ് ഇതിഹാസത്തോടുള്ള തന്റെ ആരാധന യുവതാരമായിരുന്ന വിരാട് കോലി പങ്കുവച്ചത്. ഇന്ത്യ മറ്റൊരു ലോകകപ്പ് ഫൈനലിൽ എത്തി നിൽക്കുമ്പോൾ സച്ചിനിൽ നിന്നും സ്നേഹ സമ്മാനം ആരാധകർക്ക് മുന്നിൽ ഏറ്റുവാങ്ങാനായതിന്റെ സന്തോഷത്തിലാണ് വിരാട് കോലി.
ലോകകപ്പിൽ ഏഴാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തിയാണ് ഫൈനലിൽ കോലി വരവറിയിച്ചത്. നായകൻ രോഹിത്തിനും കെ എൽ രാഹുലിനും ഒപ്പം കോലി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. പിന്നാലെ വിരാട് കോലി അർധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അർധസെഞ്ചുറിയാണിത്.
ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിനിടെ മറ്റൊരു നേട്ടം കൂടി വിരാട് കോലി സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ റൺവേട്ടക്കാരിൽ കോലി രണ്ടാം സ്ഥാനത്തെത്തി. 46 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 1743 റൺസ് നേടിയ മുൻ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലി രണ്ടാം സ്ഥാനത്തെത്തിയത്. 37-ാം ലോകകപ്പ് മത്സരത്തിലാണ് കോലി, പോണ്ടിങ്ങിനെ മറികടന്നിരിക്കുന്നത്. 45 മത്സരങ്ങളിൽ നിന്ന് 2278 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
സ്പോർട്സ് ഡെസ്ക്