- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിനായി ഇന്ത്യ ലോകകിരീടം നേടുമ്പോൾ ടീമിന് പുറത്ത്; 2019 ലോകകപ്പിൽ അഞ്ച് സെഞ്ചുറികളുമായി ഇന്ത്യയെ തോളിലേറ്റി; ഇത്തവണ കോലിയും ശ്രേയസും രാഹുലും കുതിച്ചത് ഹിറ്റ്മാൻ നൽകിയ തുടക്കത്തിൽ നിന്നും; ജയിച്ചാലും തോറ്റാലും മറക്കില്ല രോഹിത്; ഇന്ത്യ നെഞ്ചോട് ചേർത്ത ഈ നായകനെ!
അഹമ്മദാബാദ്: സ്വന്തം മണ്ണിൽ കലാശപ്പോരിന് ഇറങ്ങുമ്പോൾ നീലപ്പടയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നു. മൂന്നാം കിരീടമെന്ന സ്വപ്നം ഇത്തവണ സാക്ഷാത്കരിക്കാനാകുമെന്ന പ്രത്യാശ. അതിന് കരുത്തേകിയതാകട്ടെ ഇന്ത്യയെ മുന്നിൽ നിന്നു നയിക്കുന്ന നായകൻ രോഹിത് ശർമയുടെ സാന്നിദ്ധ്യം തന്നെ. അപരാജിത കുതിപ്പിൽ സമാനതകളില്ലാതെ കുതിച്ചെത്തിയവർ അവസാന അങ്കത്തിലും അത് തുടരുമെന്നാണ് ഏവരും കരുതിയത്. എന്നാൽ പ്രതീക്ഷകൾ തെറ്റി. സ്വപ്നങ്ങൾ ചിന്നിച്ചിതറി. ട്രാവിസ് ഹെഡ് ഓസീസിന്റെ വീരനായകനായി ആറാം കിരീടം നേടുമ്പോൾ നീലക്കടൽ നിശബ്ദമായി.
2003-ന്റെ ആവർത്തനമെന്നപോലെ ഓസ്ട്രേലിയയുടെ പ്രൊഫഷണലിസത്തിന് മുന്നിൽ കാലിടറിയപ്പോൾ അഹമ്മദാബാദിൽ രോഹിത്തും സംഘവും കണ്ണീരോടെ മടങ്ങി. രോഹിത്തും കോലിയും ഷമിയുമെല്ലാം നിരാശയോടെ കളംവിട്ടു. ഒരു ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് വീണ്ടും നീട്ടിക്കൊണ്ട്.
ഇത്തവണ ഇന്ത്യൻ ആരാധകർ ഉറച്ചുവിശ്വസിച്ചിരുന്നു. നായകൻ രോഹിത് ശർമ്മ ഇന്ത്യക്ക് കിരീടം സമ്മാനിക്കുമെന്ന്. കപിൽ ദേവും മഹേന്ദ്ര സിങ് ധോനിയുമാണ് നേരത്തേ ലോകകിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ നായകന്മാർ. 1983-ൽ ആദ്യമായി ഇന്ത്യ ഏകദിനലോകകപ്പ് സ്വന്തമാക്കുമ്പോൾ കപിൽ ദേവാണ് നായകൻ. ചരിത്രത്തിൽ അടയാളപ്പെടുത്തിയ കപിലിന്റെ ചെകുത്താന്മാരുടെ ഉദയം. പിന്നെ ആ കാത്തിരിപ്പിന് അവസാനമാകുന്നത് 2011-ലാണ്.
എന്നാൽ 2003-ൽ സൗരവ് ഗാംഗുലിയുടെ നായകത്വത്തിൽ നീലപ്പട കപ്പിനടുത്തെത്തി. പക്ഷേ കലാശപ്പോരിൽ ഓസീസിനോട് കാലിടറി. 2011-ലെത്തുമ്പോഴേക്കും ഇന്ത്യയുടെ കപ്പിത്താനായി മഹേന്ദ്രസിങ് ധോനി എന്ന റാഞ്ചിക്കാരൻ അവരോധിക്കപ്പെട്ടിരുന്നു. ഇതിഹാസത്തിന്റെ പൂർണതയ്ക്കായി സച്ചിൻ ലോകകിരീടം തേടിയ സമയം. അന്ന് ആ കാത്തിരിപ്പിന് കൂടിയാണ് ധോനി അറുതിവരുത്തിയത്. എന്നാൽ അന്ന് ലോകകപ്പ് ടീമിൽ ഇടംപിടിക്കാനാവാതെ കണ്ണീരണിഞ്ഞ ആ 23 കാരനിൽ നിന്നും ഇന്ത്യയുടെ നായകനിലേക്ക് കുതിച്ചുയർന്ന രോഹിത് ശർമ്മ ഇന്ത്യയെ വീണ്ടും കിരീടത്തിലെത്തിക്കുമെന്ന് ഏവരും മോഹിച്ചു. പ്രാർത്ഥിച്ചു.
എന്നാൽ ഓസ്ട്രേലിയയോട് ഫൈനലിൽ പരാജയപ്പെട്ട് മടങ്ങുമ്പോഴും 12-വർഷങ്ങൾക്ക് മുമ്പത്തെ ഓർക്കാനിഷ്ടപ്പെടാത്ത ഭൂതകാലം രോഹിതിന്റെ മനസ്സിൽ മിന്നിമറഞ്ഞിട്ടുണ്ടാകണം. അന്ന് 2011-ലോകകപ്പ് ടീമിലിടം നേടാൻ രോഹിത്തിന് സാധിച്ചില്ല. അത്രയും ആഗ്രഹിച്ചിട്ടും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിൽ നിന്ന് തഴയപ്പെട്ടു. അന്നാ രാത്രി ആ 23-കാരൻ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. നിരാശയുടെ മൂർധന്യത്തിൽ രോഹിത് ഇങ്ങനെ എക്സിൽ കുറിച്ചിട്ടു.
'ലോകകപ്പ് സംഘത്തിൽ ഉൾപ്പെടാനാകാത്തതിൽ തീർത്തും നിരാശനാണ് ഞാൻ. എനിക്ക് ഇവിടെ നിന്ന് മുന്നോട്ടുപോയേ പറ്റൂ. പക്ഷേ സത്യത്തിൽ ഇത് വലിയ തിരിച്ചടിയാണ്.'
രോഹിത് അവസാനിപ്പിച്ചു. എല്ലാം നഷ്ടപ്പെട്ടവന്റെ അഗാധമായ ദുഃഖം മാത്രമായിരുന്നില്ല അത്. തോറ്റവനായി സ്വയം മുദ്രകുത്തി നടന്നകലാൻ താൻ തീരുമാനിച്ചിട്ടില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു.
കളിമൈതാനങ്ങളിലെന്നപോലെ അമ്പരപ്പിക്കുന്ന ഒരുയിർത്തെഴുന്നേൽപ്പ്. ഒരു പോരാളിയുടെ പടച്ചട്ട എടുത്തണിഞ്ഞാണ് പിന്നീടയാൾ മൈതാനത്തിറങ്ങിയതെന്ന് പറയാം. കളിയോടുള്ള സമീപനം തന്നെ മാറി. ക്രീസിൽ നിലയുറപ്പിച്ചാൽ അയാളോളം അപകടം വിതയ്ക്കുന്ന മറ്റൊരാളുമില്ലെന്ന തരത്തിലുള്ള പരിവർത്തനം. മൂന്ന് ഇരട്ട സെഞ്ചുറികളടക്കം റെക്കോഡുകളുടെ പെരുമഴ തീർത്ത പതിറ്റാണ്ടുകൾ. ഇന്ത്യയുടെ മാത്രമല്ല ക്രിക്കറ്റ് ചരിത്രം തന്നെ മാറിമറഞ്ഞു.
2019-ലോകകപ്പിലെ അഞ്ച് സെഞ്ചുറികളുൾപ്പെടെ ടീമിനെ തോളിലേറ്റിയ എണ്ണമറ്റ പോരാട്ടങ്ങൾ, മുംബൈ ഇന്ത്യൻസിനായി പലവട്ടം കപ്പുയർത്തിയ നായകൻ അങ്ങനെ പലകുറി രോഹിത് ശർമ ചരിത്രങ്ങൾ പിന്നേയും തിരുത്തിയെഴുതി. ഒടുക്കം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം വരെ തേടിയെത്തി. ആ വിജയഗാഥയാണ് ഇന്ത്യയെ 2023 ലോകകപ്പിന്റെ ഫൈനൽ വരെയെത്തിച്ചത്.
മുന്നിൽ നിന്ന് നയിച്ചിറങ്ങിയ രോഹിത്തിനെയാണ് ലോകകപ്പിൽ കാണാനായത്. ആദ്യ പന്തുമുതൽ തന്നെ അടിച്ചുകളിക്കുക. പവർപ്ലേയിൽ ടീമിന് മികച്ച സ്കോർ സമ്മാനിക്കുക. രോഹിത്തിന്റെ നയം വ്യക്തമായിരുന്നു. പല മത്സരങ്ങളിലും രോഹിത്ത് നൽകിയ ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്ക് ഊർജമായത്. രോഹിത് തുടങ്ങിവെച്ചത് കോലിയും അയ്യരും രാഹുലുമൊക്കെ ചേർന്ന് പൂർത്തിയാക്കുന്ന കാഴ്ച. ബാറ്റിങ്ങിൽ മാത്രമല്ല നായകനെന്ന നിലയിൽ കൃത്യമായ തീരുമാനമെടുക്കുന്നതിലും മിടുക്കുകാട്ടി. ബോളർമാരെ മാറ്റി പരീക്ഷിച്ച് ടീമിന് ബ്രേക്ക് ത്രൂ സമ്മാനിക്കുന്ന വൈഭവം. നിർണായക ഘട്ടങ്ങളിലുള്ള ഫീൽഡിങ് മാറ്റം. രോഹിത്തെന്ന നായകനെ ആഴത്തിലറിഞ്ഞതായിരുന്നു 2023 ലോകകപ്പ്.
ഇതിന് മുമ്പ് ഇന്ത്യ കലാശപ്പോരിലെത്തുന്നത് 2011-ലാണ്. രോഹിത്തിന് ഇടം കിട്ടാതായ ആ ടീമിനെ മഹേന്ദ്രസിങ് ധോനി കൊണ്ടുപോയത് ചരിത്രത്തിലേക്ക് കൂടിയാണ്. 28-വർഷത്തെ ഒരു ജനതയുടെ പ്രതീക്ഷകളും കാത്തിരിപ്പുകളും സഫലമാക്കിയ നായകൻ. ധോനിക്ക് കീഴിൽ ഇന്ത്യ രണ്ടാം ലോകകപ്പിൽ മുത്തമിട്ടു. ശ്രീലങ്കയുമായുള്ള അന്നത്തെ കലാശപ്പോര് ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കില്ല.
അവസാനം നുവാൻ കുലശേഖര എറിഞ്ഞ 49-ാം ഓവറിലെ രണ്ടാം പന്ത്. കുലശേഖരയുടെ തന്നെ തലയ്ക്ക് മുകളിലൂടെ അതിർത്തികടത്തിയ നായകൻ ധോനിയുടെ വിജയനിമിഷങ്ങൾ. ആ സിക്സറോളം ആഘോഷിക്കപ്പെട്ട മറ്റൊരു നിമിഷം അന്നോളം ഇന്ത്യയുടെ കായികചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. ഒരു ഘട്ടത്തിൽ തകർച്ചയെ നേരിട്ട ടീമിനെ ഗംഭീറും ധോനിയും ചേർന്നാണ് രക്ഷിച്ചെടുക്കുന്നത്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും നായകൻ ധോനി തന്നെയായിരുന്നു.
ടൂർണമെന്റിൽ മിന്നും ഫോമിലൊന്നും അല്ലായിരുന്നെങ്കിലും ഫൈനലിലുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് ടീമിനെ രക്ഷിക്കാൻ അയാളുണ്ടായിരുന്നു. എല്ലായിപ്പോഴും അതങ്ങനെയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിലൊരാളായി ധോനി മാറുന്നതും മറ്റൊന്നും കൊണ്ടല്ല. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പ്, 2011-ഏകദിനലോകകപ്പും ഉയർത്തിയ ധോനി പിന്നാലെ ഇന്ത്യയ്ക്കായി 2013-ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി. എത് പ്രതിസന്ധിഘട്ടത്തിലായാലും ജയം പൊരുതി നേടുകയെന്നതാണ് ധോനിയുടെ രീതി. മൈതാനത്ത് അയാളുള്ളത് തന്നെ ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയിൽ ഇന്ത്യ മുന്നേറിയ വർഷങ്ങളാണ് കഴിഞ്ഞുപോയത്.
ധോനിക്ക് മുന്നേ ഇന്ത്യയ്ക്ക് പുതുവഴി വെട്ടിയ നായകൻ ദാദയായിരുന്നു. വാതുവെപ്പ് വിവാദങ്ങൾ ഇന്ത്യൻ ടീമിനെ പിടിച്ചുലച്ച 2000-ൽ ടീമിനെ നയിക്കാനുള്ള ദൗത്യം ഗാംഗുലിക്കായിരുന്നു. സച്ചിൻ പോലും നേതൃത്വത്തിൽ വരാൻ മടിച്ച കാലം. ഇന്ത്യൻ ടീമിനെ ഉയർത്തിക്കൊണ്ടുവരാൻ കൊൽക്കത്തയുടെ രാജകുമാരനിറങ്ങി. ആരേയും ഭയക്കാതെ ഇന്ത്യൻ ടീമിനെ മുന്നിൽ നിന്നു നയിച്ച നായകൻ. വാതുവയ്പ് വിവാദത്തിൽ ആരാധകർക്ക് നഷ്ടപ്പെട്ടുപോയ ഇന്ത്യൻ ക്രിക്കറ്റിലുള്ള വിശ്വാസം തിരികെ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു.
സ്വന്തം നേട്ടങ്ങളേക്കാൾ ടീമായിരുന്നു വലുത്. തന്റെ കീഴിൽ കളിക്കുന്ന 10-കളിക്കാരേയും ഒരു ലക്ഷ്യത്തിനായി പോരാടാൻ അയാൾ ശീലിപ്പിച്ചു. അവർക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നൽകി. അങ്ങനെ അയാൾ ഉയർത്തി കൊണ്ടുവന്ന ആ ടീം 2003-ലോകകപ്പിന്റെ കലാശപ്പോരിലുമെത്തി. പക്ഷേ ഓസീസിനോട് തോൽക്കാനായിരുന്നു വിധി.
ഇന്ത്യ ആദ്യ ലോകകിരീടം നേടിയ ചരിത്രത്തിന് പിന്നേയും 20-വർഷം പിന്നോട്ട് പോകണം. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റ് കളിക്കാനുള്ള യോഗ്യത പോലും ടീമിനില്ലെന്ന രൂക്ഷമായ വിമർഷനങ്ങൾക്കിടയിലും കളിയാക്കലുകൾക്കും നടുവിലൂടെയാണ് അന്നാ പതിനൊന്നുപേർ മൈതാനത്തിറങ്ങിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തുകൊണ്ട്. പ്രതീക്ഷിക്കാൻ വകയുള്ള യാതൊന്നും ആ നിരയിലുണ്ടെന്ന് ആരാധകർക്ക് പോലും തോന്നിയിരുന്നില്ല. എന്നാൽ കപിലും സംഘവും പുതുചരിത്രമെഴുതി.
ഗ്രൂപ്പിൽ വിൻഡീസിനേയും സിംബാബ്വേയും തകർത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോടും രണ്ടാം റൗണ്ട് മത്സരത്തിൽ വിൻഡീസിനോടുമേറ്റ തോൽവികൾ തിരിച്ചടിയായി. അതോടെ നോക്കൗട്ട് സാധ്യതകൾക്കും മങ്ങലേറ്റു. നിർണായകമായ അഞ്ചാം മത്സരത്തിൽ സിംബാബ്വേയായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തകർച്ച നേരിട്ടു. മുൻനിര ബാറ്റർമാർ നിരനിരയായി കൂടാരം കയറിയപ്പോൾ 17-5 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എല്ലാ പ്രതീക്ഷയും അവസാനിച്ച നിമിഷം.
പ്രതിസന്ധികളിലാണ് യഥാർഥനായകന്മാർ ജനിക്കുന്നതെന്ന് പറയാറുണ്ട്. അതിനെ അന്വർഥമാക്കുന്നതായിരുന്നു പിന്നീടുള്ള കപിലിന്റെ പ്രകടനം. നായകന്റെ ഐതിഹാസിക ഇന്നിങ്സിനാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്. അപരാജിത 175 റൺസുമായി കപിൽ ഇന്ത്യൻ സ്കോർ 266-ലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേയെ എറിഞ്ഞിട്ട് ഇന്ത്യ മുന്നേറി. ഫൈനലിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ ക്ലൈവ് ലോയ്ഡിന്റെ വിൻഡീസായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റൺസിന് ഓൾഔട്ടായി. ഇന്നിങ്സ് ബ്രേക്കിൽ എല്ലാവരേയും കൂട്ടിവിളിച്ച് കപിൽ ഇങ്ങനെ പറഞ്ഞു.
'അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ച് കളിക്കുക. ഓർക്കുക, അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താൽ ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നത്'
ഈ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇന്ത്യൻ ടീം മൈതാനത്ത് വിൻഡീസിനെ ഞെട്ടിച്ചു. മികച്ച തുടക്കം നൽകിയെങ്കിലും വിവ് റിച്ചാർഡ്സ് ക്രീസിലുള്ളത് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ നായകന്റെ മറ്റൊരു സുന്ദരമുഹൂർത്തത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മദൻ ലാലിന്റെ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച റിച്ചാർഡ്സിന്റെ ബാറ്റിൽ നിന്നും പന്ത് മിഡ്വിക്കറ്റിലേക്ക് ഉയർന്നുപൊങ്ങി. പലരും ബൗണ്ടറിയെന്ന് ഉറപ്പിച്ചു. കപിൽ ദേവും യശ്പാൽ ശർമയും ഓടി. എന്നാൽ പിന്നീട് യശ്പാൽ ശർമ പിൻവാങ്ങി. കപിൽ 18-മീറ്ററോളം ഓടി അവിശ്വസനീയമാംവിധം പന്ത് കൈപ്പിടിയിലാക്കി. അതോടെ വിൻഡീസിന്റെ വിധി കുറിക്കപ്പെട്ടു. ജയത്തോടെ ഇന്ത്യ പ്രഥമ ലോകകിരീടത്തിൽ മുത്തമിട്ടു.
ഈ കഥയിലെ അവസാനത്തെ നായകന്റെ പേരാണ് രോഹിത് ശർമ. വിരാട് കോലിയുടെ അമ്പതാം സെഞ്ചുറിയും ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവും കണ്ട കിവീസിനെതിരായ സെമി മത്സരത്തിന് ശേഷം മുൻ ഇംഗ്ലണ്ട് താരം നാസ്സർ ഹുസൈൻ ഇങ്ങനെ പറഞ്ഞു. 'കോലിയെക്കുറിച്ചും ശ്രേയസ് അയ്യരെക്കുറിച്ചും ഷമിയെക്കുറിച്ചുമൊക്കെ ആയിരിക്കും നാളത്തെ തലക്കെട്ട്. പക്ഷേ ഈ ഇന്ത്യൻ നിരയുടെ യഥാർഥ ഹീറോ, ഇന്ത്യൻ ശൈലിയെ മാറ്റിമറിച്ച മനുഷ്യൻ രോഹിത് ശർമയാണ്.'
കിരീടം നേടാനായില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്നാണ് രോഹിത് ശർമ മടങ്ങുന്നത്. തലയുയർത്തി തന്നെ. തനിക്ക് നേരെ ഉയർന്നുവരുന്ന ഷോട്ട് ബോളുകളെ ലോകത്ത് മറ്റാർക്കും സാധിക്കാത്തത്ര അനായാസതയോടെ അതിർത്തികടത്തുന്നൊരു വൈഭവമുണ്ടയാൾക്ക്. അവിടെ കളിക്കുന്ന മണ്ണും പന്തിന്റെ വേഗതയും കണക്കുക്കൂട്ടലുകളുമെല്ലാം അപ്രസക്തമാണ്. പന്ത് ഉയർന്നു പൊന്തിയാൽ അയാൾ അതിർത്തികടത്തിയിരിക്കും. എപ്പോഴാണ് ഈ മായാജാലം സ്വായത്തമാക്കിയതെന്നറിയില്ല. അതെപ്പോഴായാലും അയാൾ ഇങ്ങനെ കളിച്ചുതുടങ്ങുന്നതിനും എത്രയോ മുന്നേ ഉയർന്നുവന്ന പ്രതിസന്ധികൾക്ക് മുന്നിൽ നിരാശയോടെ, എല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയോടെ നിൽക്കേണ്ടി വന്ന ഒരു 23-കാരനെ അറിയാം.
ഷോട്ട്ബോൾ കളിക്കുന്ന ലാഘവത്തോടെയല്ല കരുത്തോടെ അടങ്ങാത്ത നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ അപ്പാടെ അതിർത്തികടത്തിയിട്ടുണ്ട് ആ പയ്യൻ. ഇന്ന് ആ 23-കാരൻ ഇന്ത്യയെ ലോകകപ്പിന്റെ കലാശപ്പോരിലെത്തിച്ച നായകനാണ്. പക്ഷേ കിരീടത്തിൽ മുത്തമിടാനായില്ല. 2003-ന്റെ ആവർത്തനമെന്നപോലെ ഓസീസിനോട് വീണ്ടും തോറ്റു. എങ്കിലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തലയുയർത്തി തന്നെയാണ് രോഹിത്തും സംഘവും മടങ്ങുന്നത്. ഇന്ത്യയെ ലോകകപ്പിന്റെ കലാശപ്പോരിലെത്തിച്ച നായകന്മാരുടെ പട്ടികയിൽ രോഹിത് ശർമയുടെ പേരും ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞു.
സ്പോർട്സ് ഡെസ്ക്