അഹമ്മദബാദ്: ഇന്ത്യൻ ക്രിക്കറ്റിന് കനത്ത ആഘാതം ഏൽപ്പിച്ച ലോകകപ്പ് ഫൈനലിലെ രണ്ട് തോൽവികൾ. രണ്ടിലും ഒരേ എതിരാളികൾ, ഓസ്‌ട്രേലിയ. 2003ലെയും 2023ലെയും ലോകകപ്പുകളിലെ കിരീടനഷ്ടത്തിലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഒട്ടേറെ മൂഹർത്തങ്ങൾക്കും സമാനതകളുണ്ട്. ഇരു ലോകകപ്പുകളിലും റൺവേട്ടയിൽ മുന്നിലെത്തി പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയി മാറിയത് ഇന്ത്യയുടെ സൂപ്പർ താരങ്ങളായിരുന്നു. ഒന്നാമത്തേതിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണെങ്കിൽ രണ്ടാമത്തെതിൽ സച്ചിന്റെ പിൻഗാമിയായ വിരാട് കോലി.

സച്ചിൻ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കുന്നത് ആരായിരിക്കുമെന്നതിനുള്ള ചോദ്യത്തിന് മറുപടിയായിരുന്നു നമുക്ക് വിരാട് കോലി. രണ്ടു പതിറ്റാണ്ടിലേറെ കാലം ഇന്ത്യൻ ക്രിക്കറ്റിനെ ചുമലിലേറ്റിയ സച്ചിന് ശേഷം കോലി ആ ഭാരം സ്വന്തം ചുമലിലേറ്റുന്ന കാഴ്ചയ്ക്കാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. അണ്ടർ19 ടീമിലെ ക്ഷുഭിത യൗവനത്തിൽ നിന്ന് ഇന്നത്തെ കോലിയിലേക്കുള്ള യാത്ര ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടേത് കൂടിയായിരുന്നു.

റൺവരൾച്ചയുടെ നാളുകൾ താണ്ടി പഴയ ഫോമിലേക്ക് തിരിച്ചെത്തിയ കോലിയായിരുന്നു ലോകകപ്പിൽ ഇന്ത്യയുടെ മിന്നും താരം. 11 കളികളിൽ നിന്ന് മൂന്ന് സെഞ്ചുറികളുടെയും ആറ് അർധ സെഞ്ചുറികളുടെയും അകമ്പടിയോടെ 765 റൺസെടുത്ത കോലി ഒടുവിൽ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലൊരുക്കിയ പോഡിയത്തിൽ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയിൽ നിന്ന് ആ പുരസ്‌കാരം സ്വീകരിക്കുമ്പോൾ പക്ഷേ, കോലിയുടെ മുഖത്തുണ്ടായിരുന്നത് നിരാശ മാത്രമായിരുന്നു. മൂന്ന് സെഞ്ചുറികളും (അതിലൊന്ന് സെമിയിൽ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ) ആറ് അർധ സെഞ്ചുറികളുമടക്കം റൺവേട്ടക്കാരനായ കോലി, സച്ചിനെ മറികടന്ന് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡുമിട്ടു. ലോകകപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു ടൂർണമെന്റിൽ 700 റൺസും 750 റൺസും പിന്നിടുന്ന ആദ്യ താരം കൂടിയാണ് കോലി.

കോലി പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം വാങ്ങി നിരാശയോടെ നടക്കുമ്പോൾ മനസിലേക്കെത്തിയത് 20 വർഷം മുമ്പുള്ള ഒരു സമാന കാഴ്ചയായിരുന്നു. 2003-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ്. അന്ന് ഇന്ത്യൻ പ്രതീക്ഷകൾ ചുമലിലേറ്റിയ സച്ചിൻ തെണ്ടുൽക്കറായിരുന്നു ടൂർണമെന്റിന്റെ താരം. അന്ന് 11 കളികളിൽ നിന്ന് 61.18 ശരാശരിയിൽ ഒരു സെഞ്ചുറിയുടെയും ആറ് അർധ സെഞ്ചുറികളുടെയും അകമ്പടിയോടെ 673 റൺസായിരുന്നു സച്ചിൻ അടിച്ചുകൂട്ടിയത്.

പക്ഷേ കഴിഞ്ഞ ദിവസം കോലിയെ പോലെ നിരാശ നിഴലിച്ച മുഖവുമായി മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വീകരിക്കാനായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ വിധിയും. അന്ന് ഫൈനലിൽ ഇന്ത്യയ്ക്കെതിരേ 359 റൺസെന്ന കൂറ്റൻ സ്‌കോർ അടിച്ചെടുത്തപ്പോൾ തന്നെ ഓസീസ് വിജയിച്ചിരുന്നു. ഏകദിനത്തിൽ, പ്രത്യേകിച്ചും ലോകകപ്പിന്റെ ഫൈനലിൽ ചേസ് ചെയ്തു ജയിക്കാൻ അപ്രാപ്യമായ സ്‌കോർ തന്നെയായിരുന്നു അത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഗ്ലെൻ മഗ്രാത്ത് ഇന്ത്യൻ പ്രതീക്ഷയായിരുന്ന സച്ചിനെ മടക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ പൂർണമായും ഓസീസിന് അനുകൂലമായി.

കഴിഞ്ഞ ദിവസം ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചതും കോലിയായിരുന്നു. എന്നാൽ അർധ സെഞ്ചുറിക്ക് പിന്നാലെ നിർണായക സമയത്ത് ദൗർഭാഗ്യകരമായി കോലി പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഒടുവിൽ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലിനിറങ്ങിയ ഓസീസ് സംഘം ആറാം കിരീടവുമായി ഇന്ത്യയിൽ നിന്ന് മടങ്ങി.

എങ്കിലും ഇന്ത്യയ്ക്കൊപ്പം 2011-ലെ ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യം കോലിക്കുണ്ടായി. അന്ന് വെറും 22 വയസ് മാത്രം പ്രായമുണ്ടായിരുന്ന താരം വാംഖഡെയിൽ ലങ്കയെ കീഴടക്കി ഇന്ത്യ കിരീടം നേടിയതിനു പിന്നാലെ സച്ചിനെ തോളിലേറ്റി വാംഖഡെ സ്റ്റേഡിയം വലംവെച്ചവരിൽ മുൻനിരയിലുമുണ്ടായിരുന്നു.