മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ടുർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്ത ടീമിനെ നയിക്കുക ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആറ് ഇന്ത്യൻ താരങ്ങളാണ് ഐസിസിയുടെ ഇലവനിൽ ഇടംപിടിച്ചത്. ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടിയ ഓസ്ട്രേലിയയുടെ രണ്ട് താരങ്ങളും ടീമിലിടം പിടിച്ചപ്പോൾ ഓസിസ് നായകൻ പാറ്റ് കമ്മിൻസിന് പോലും ടീമിലിടം ലഭിച്ചില്ല. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ് 'ടീം ഓഫ് ദി ടുർണമെന്റി'ലെ ക്യാപ്റ്റൻ.

വിരാട് കോലി, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഐസിസി ടീമിലിടം നേടിയ മറ്റു ഇന്ത്യൻ താരങ്ങൾ.ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കാണ് വിക്കറ്റ് കീപ്പർ. ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെലും ആദം സാംപയുമാണ് ടീമിലുള്ളത്. ന്യൂസീലൻഡിന്റെ ഡാരിൽ മിച്ചെലും ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്കയും ഐസിസി ഇലവനിൽ ഇടംനേടി. ദക്ഷിണാഫ്രിക്കയുടെ ജെറാർഡ് കോട്സീയാണ് ടീമിലെ 12-ാമൻ.

രോഹിത്തിനൊപ്പം ക്വിന്റൺ ഡി കോക്ക് ഇന്നിങ്സ് ഓപ്പൺ ചെയ്യും. ടൂർണമെന്റിൽ 594 റൺസാണ് ഡി കോക്ക് നേടിയിരുന്നത്. നാല് സെഞ്ചുറികൾ ഇന്നിങ്സിലുണ്ട്. 174 റൺസാണ് ഉയർന്ന സ്‌കോർ. റൺവേട്ടയിൽ രണ്ടാമതുള്ള രോഹിത് കൂടെ. മൂന്നാമനായി വിരാട് കോലി തന്നെ. ഒരു ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് കോലിയുടെ പേരിലാണ്. 765 റൺസാണ് കോലി നേടിയത്.

നാലാമൻ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ. 552 റൺസ് മിച്ചൽ നേടിയിരിന്നു. സെമി ഫൈനലിലാണ് ന്യൂസിലൻഡ് പുറത്താവുന്നത്. 69 ആയിരുന്നു മിച്ചലിന്റെ ശരാശരി. മധ്യനിരയിൽ കെ എൽ രാഹുലുമുണ്ട്. 10 ഇന്നിങ്സിൽ നിന്ന് 452 റൺസാണ് രാഹുൽ നേടിയത്. 75.33 ശരാശരിയിലാണ് നേട്ടം. സ്പിൻ ഓൾറൗണ്ടർമാരായി ജഡേജയും മാക്സ്വെല്ലും. അഫ്ഗാനെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു മാക്സി. എതിർ ടീമുകളുടെ പ്രധാന വിക്കറ്റുകളെടുക്കുന്നിൽ മുഖ്യ പങ്കുവഹിച്ചതാണ് ജഡേജയ്ക്ക് സ്ഥാനം നൽകിയത്. 11 മത്സരങ്ങളിൽ 16 വിക്കറ്റെടുത്ത ജഡേജ ഒരു തവണ അഞ്ച് വിക്കറ്റും സ്വന്തമാക്കി.

ബുമ്ര, ദിൽഷൻ മധുഷങ്ക (ശ്രീലങ്ക), മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസർമാർ. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആഡം സാംപയും ടീമിൽ. ഷമി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. 24 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. ബുമ്ര തുടക്കത്തിൽ സമർദ്ദം ചെലുത്തി. മധുഷങ്ക 21 വിക്കറ്റുകളാണ് ലോകകപ്പിൽ സ്വന്തമാക്കിയത്. ഓസീസിനെ ചാംപ്യന്മാരാക്കുന്നതിൽ നിർണായക പങ്കുണ്ടായിരുന്നു. 23 വിക്കറ്റുകൾ വീഴ്‌ത്തിയ താരം റൺവേട്ടയിൽ രണ്ടാമനാണ്.

അതേ സമയം ഫൈനലിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡും ഓസ്ട്രേലിയയുടെ കിരീട നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസും ഐസിസി ഇലവനിൽ ഇടംനേടിയിട്ടില്ല. കമന്റേറ്ററുമാരായ ഇയാൻ ബിഷപ്പ്,കാസ് നൈഡൂ, ഷെയ്ൻ വാട്സൺ, ഐസിസി ജനറൽ മാനേജർ വാസിം ഖാൻ, മാധ്യമ പ്രവർത്തകൻ സുനിൽ വൈദ്യ എന്നിവരടങ്ങിയ സമിതിയാണ് ഐസിസി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഐസിസി ടീമിലെ താരങ്ങളും പ്രകടനവും

1-ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക, വിക്കറ്റ് കീപ്പർ)

ഗ്രൂപ്പ് ഘട്ടത്തിൽ മിന്നുംഫോമിലായിരുന്ന ക്വിന്റൺ ഡി കോക്ക് നാല് സെഞ്ചുറികൾ നേടിയിട്ടുണ്ട് ടുർണമെന്റിൽ. 107.02 സ്ട്രൈക്ക്റേറ്റിൽ 594 റൺസാണ് ഡി കോക്കിന്റെ സമ്പാദ്യം.

2-രോഹിത് ശർമ (ഇന്ത്യ, ക്യാപ്റ്റൻ)

ഇന്ത്യൻ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ ടുർണമെന്റിൽ 597 റൺസാണ് അടിച്ചെടുത്തത്. സഹതാരമായ കോലി മാത്രമാണ് സ്‌കോറിൽ രോഹിതിന് മുന്നിലുള്ളത്. രോഹിതിന്റെ സ്ട്രൈക്ക് റേറ്റായ 125.94 ടൂർണമെന്റിലെ എല്ലാ ടോപ്പ്-ഫോർ ബാറ്റർമാരുടെയും ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ് ആയിരുന്നു.

3-വിരാട് കോലി (ഇന്ത്യ)

763 റൺസാണ് കോലി 2023 ലോകകപ്പിൽ അടിച്ചെടുത്തത്. പുരുഷ ലോകകപ്പ് ക്രിക്കറ്റിൽ ഒരു താരം നേടുന്ന എക്കാലത്തേയും ഏറ്റവും ഉയർന്ന സ്‌കോറാണിത്. 2003-ൽ സച്ചിൻ തെണ്ടുൽക്കർ അടിച്ച 673 റൺസാണ് കോലി മറികടന്നത്.

ടൂർണമെന്റിൽ കളിച്ച 11 ഇന്നിങ്സിൽ രണ്ടെണ്ണത്തിൽ ഒഴികെ ബാക്കിയുള്ളതിലെല്ലാം 50ന് മുകളിൽ എടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ചുറികളും ഉൾപ്പെടും.

4-ഡാരിൽ മിച്ചെൽ (ന്യൂസീലൻഡ്)
552 റൺസാണ് ഡാരിൽ മിച്ചെലിന്റെ ടൂർണമെന്റിലെ സമ്പാദ്യം. 111.06 ആണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. സെമിയിൽ ഇന്ത്യക്കെതിരെ മിച്ചെൽ 134 റൺസ് അടിച്ചെങ്കിലും ടീം തോറ്റു.

5-കെ.എൽ.രാഹുൽ (ഇന്ത്യ)

പത്ത് ഇന്നിങ്സുകളിൽ നിന്ന് 452 റൺസാണ് രാഹുലിന്റെ സമ്പാദ്യം. മധ്യഓവറുകളിൽ രാഹുലിന്റെ പ്രകടനം ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായിരുന്നു.

6- ഗ്ലെൻ മാക്സ്വെൽ (ഓസ്ട്രേലിയ)

ത്രസിപ്പിക്കുന്ന രണ്ട് ഇന്നിങ്സുകളാണ് ഗ്ലെൻ മാക്സ്വെൽ ഈ ടൂർണമെന്റിൽ കാഴ്ചവെച്ചത്. നെതർലൻഡ്സിനെതിരെ 40 പന്തിൽ സെഞ്ചുറി തികച്ച മാക്സ്വെൽ കൂടുതൽ അക്രമാസക്തനായത് അഫ്ഗാനിസ്താനെതിരെയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ മാക്സ്വെൽ അഫ്ഗാനെതിരെ ഓസ്ട്രേലിയയ്ക്ക് അവിശ്വസനീയ വിജയമാണ് സമ്മാനിച്ചത്.

7-രവീന്ദ്ര ജഡേജ (ഇന്ത്യ)

120 റൺസും 16 വിക്കറ്റുകളാണ് ജഡേജ ഈ ടൂർണമെന്റിൽ സ്വന്തമാക്കിയിട്ടുള്ളത്.

8-ജസ്പ്രീത് ബുംറ (ഇന്ത്യ)
20 വിക്കറ്റുകളാണ് ബുംറ നേടിയത്.

9-ദിൽഷൻ മധുശങ്ക (ശ്രീലങ്ക)
21 വിക്കറ്റുകളാണ് ദിൽഷൻ മധുശങ്കയുടെ സമ്പാദ്യം

10-ആദം സാംപ (ഓസ്ട്രേലിയ)- 23 വിക്കറ്റ്

11-മുഹമ്മദ് ഷമി (ഇന്ത്യ) 24 വിക്കറ്റ്

12-ജെറാർഡ് കോട്സീ (ദക്ഷിണാഫ്രിക്ക) 20 വിക്കറ്റ്