അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റിന് പരാജയപ്പെട്ട് വിശ്വകിരീടം കൈവിട്ട ആ രാത്രിയിലും എന്നത്തേയുംപോലെ അവർ ഡ്രസ്സിങ് റൂമിൽ ഒന്നിച്ചിരുന്നു. അന്നുവരെകണ്ട മുഖങ്ങളായിരുന്നില്ല അവർക്ക്... അവരുടെ ചിരികൾ ആ രാത്രിയിൽ കളഞ്ഞുപോയിരുന്നു. ചിലർ മുഖത്ത് ചിരി ഒട്ടിച്ചുവെക്കാൻ ശ്രമിക്കുന്നു. മറ്റുചിലർ എല്ലാം നഷ്ടമായവരെപ്പോലെ മുഖംകുനിച്ചിരിക്കുന്നു. ലോകകപ്പ് കൈയകലത്തിൽ നഷ്ടമായെന്ന് വിശ്വസിക്കാൻപറ്റാത്തവർ ഇടയ്ക്കിടെ കണ്ണുതുടച്ചു. മുഹമ്മദ് സിറാജ് ഗ്രൗണ്ടിൽ പൊട്ടിക്കരയുന്നതും ജസ്പ്രീത് ബുമ്ര ആശ്വസിപ്പിക്കുന്നതും ഈ ലോകകപ്പിൽ ഇന്ത്യൻ ആരാധകരെ കണ്ണീരണയിച്ച കാഴ്ചയായിരുന്നു.

മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തിയ താരങ്ങളിൽ പലരും സങ്കടം അടക്കാനാവാത്ത ഇരിക്കുന്നത് കണ്ടു നിൽക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് മത്സരശേഷം കോച്ച് രാഹുൽ ദ്രാവിഡും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിതുമ്പലടക്കാൻ പാടുപെടുന്ന ക്യാപ്റ്റൻ രോഹിത് ശർമ, തൊപ്പിയാൽ മുഖംമറച്ച് നടന്നുപോകുന്ന വിരാട് കോലി, പൊട്ടിക്കരയുന്ന മുഹമ്മദ് സിറാജിനെ ആശ്വസിപ്പിക്കുന്ന ജസ്പ്രീത് ബുംറ... ഒടുവിലെ ചിരി ഒസീസിന്റേതായപ്പോൾ ഇന്ത്യയുടെ അവസ്ഥയായിരുന്നു ഇത്. ഓസ്ട്രേലിയൻ ടീമിന് ലോകകപ്പ് സമ്മാനിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലേക്കാണ് ചെന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇന്ത്യൻ ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നതിന്റെയും ചിത്രങ്ങളും അതിനിടെ പുറത്തു വന്നു. ഇന്ത്യൻ ഡ്രസ്സിങ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രോഹിത്തിനെയും കോലിയെയും തോളിൽ തട്ടി ആശ്വസിപ്പിച്ചു. പത്ത് കളികൾ ജയിച്ചാണ് നിങ്ങൾ ഇവിടെയെത്തിയത്. കളിയിൽ ഇതൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ് ഇരുവരുടെയും കൈ പിടിച്ച് ആശ്വാസവാക്കുകൾ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി കൈ പിടിച്ച് ആശ്വസിപ്പക്കുമ്പോഴും ഇരുവരുടെയും മുഖത്ത് ചിരിയായിരുന്നില്ല നിറഞ്ഞു നിന്നത്, നിരാശയും സങ്കടവുമായിരുന്നു.

കൂട്ടത്തിൽ ഏറ്റവും നിരാശനായി കാണപ്പെട്ടത് നായകനായ രോഹിത് തന്നെയായിരുന്നു. പ്രധാനമന്ത്രി ആശ്വസിപ്പിക്കുമ്പോഴും മുഖത്ത് ചിരി വരുത്താൻ രോഹിത് പാടുപെടുന്നത് ദൃശ്യങ്ങളിൽ കാണാം. രോഹിത്തിനെയും കോലിയെയും ആശ്വസിപ്പിച്ചശേഷം പ്രധാനമന്ത്രി കോച്ച് രാഹുൽ ദ്രാവിഡിനെ പേരെടുത്ത് വിളിച്ച് നിങ്ങൾ നന്നായി പരിശ്രമിച്ചു എന്നു പറഞ്ഞു. പത്ത് മത്സരങ്ങളിൽ ജയിച്ചു വന്ന ടീമാണ് ഇന്ത്യയെന്നും ഒരു തോൽവി സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഒരുമിച്ച് ഇനിയും മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

''പത്ത് മത്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് നിങ്ങൾ ഫൈനലിലെത്തിയത്. ഈ ഒരു പരാജയം സ്വാഭാവികമായി സംഭവിക്കുന്നതാണ്. നിരാശ വേണ്ട, രാജ്യം മുഴുവൻ നിങ്ങളെ കാണുന്നു. നിങ്ങളെ നേരിൽവന്നു കാണണമെന്നു തോന്നിയതിനാലാണ് ഞാൻ വന്നത്. നിങ്ങൾ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്'' മോദി പറഞ്ഞു.

രവീന്ദ്ര ജഡേജക്കും ശുഭ്മാൻ ഗില്ലിനും കൈ കൊടുത്ത ശേഷമാണ് മുഹമ്മദ് ഷമിയെ പേരെടുത്ത് വിളിച്ച് പ്രധാനമന്ത്രി നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചത്. നിങ്ങൾ നന്നായി കളിച്ചു എന്നായിരുന്നു പ്രധാനമന്ത്രി ഷമിയുടെ പുറത്ത് തട്ടി പറഞ്ഞത്. ബുമ്രക്ക് കൈ കൊടുത്തശേഷം ഗുജറാത്തി സംസാരിക്കാൻ അറിയാമോ എന്ന് കുശലം ചോദിച്ച പ്രധാനമന്ത്രിയോട് കുറെശ്ശേ എന്ന് ബുമ്ര മറുപടി നൽകി.

നിർവികാരനായി നിന്ന ശ്രേയസ് അയ്യർക്കും കുൽദീപ് യാദവിനും കൈ കൊടുത്തു. പിന്നെ പിന്നിൽ മാറി നിന്ന രാഹുലിന് കൈ കൊടുത്തശേഷം ഇതൊക്കെ സംഭവിക്കും നിങ്ങൾ നന്നായി പരിശ്രമിച്ചുവെന്ന് ആശ്വസിപ്പിച്ചു. ഡൽഹിയിൽ വരുമ്പോൾ ഇന്ത്യൻ ടീമിനൊപ്പം ഇരിക്കാമെന്നും അതിനായി നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലീഗ് റൗണ്ടിലും സെമി ഫൈനലിലും ഉൾപ്പെടെ പത്ത് മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഞായറാഴ്ച നടന്ന ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറു വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ഓസീസിന്റെ ആറാം കിരീട നേട്ടമാണിത്. ട്രാവിസ് ഹെഡിന്റെ സെഞ്ചറി ഓസീസ് ജയത്തിൽ നിർണായകമായി. 765 റൺസ് അടിച്ചുകൂട്ടിയ വിരാട് കോലിയാണ് ടൂർണമെന്റിലെ താരം. മുഹമ്മദ് ഷമിയാണ് വിക്കറ്റു വേട്ടക്കാരിൽ ഒന്നാമൻ. 24 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്.