ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാകും ഫൈനൽ റൗണ്ടിൽ 10 ടീമുകൾ ഏറ്റുമുട്ടുന്ന ലോകകപ്പ് അരങ്ങേറുക.

ബിസിസിഐ ഇതിനായി 12 വേദികളുടെ ചുരുക്കപ്പട്ടികയാണു തയാറാക്കിയിരിക്കുന്നത്. 46 ദിവസത്തെ ലോകകപ്പിൽ 48 മത്സരങ്ങളാണുള്ളത്. അഹമ്മദാബാദിനു പുറമേ ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്‌നൗ, ഇൻഡോർ, രാജ്‌കോട്ട്, മുംബൈ എന്നിവയാണു മറ്റു വേദികൾ.

ഫൈനൽ വേദി മാത്രമേ തീരുമാനിച്ചിട്ടുള്ളൂവെന്നാണ് പ്രമുഖ ക്രിക്കറ്റ് പോർട്ടലിന്റെ റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ച്, മൊഹാലി, നാഗ്പുർ എന്നീ വേദികൾ പട്ടികയ്ക്കു പുറത്തായി.

ഏതൊക്കെ വേദികളിൽ ഏതൊക്കെ ടീമുകൾ മത്സരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയിലെ മൺസൂൺ സീസൺ അനുസരിച്ച് മഴകൂടി കണക്കിലെടുത്താകും വേദികൾ തീരുമാനിക്കുക. സാധാരണഗതിയിൽ ഒരുവർഷം മുമ്പെ ഐസിസി ലോകകപ്പ് മത്സരക്രമം പുറത്തുവിടാറുണ്ടെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് ബിസിസിഐക്ക് ലഭിക്കേണ്ട നികുതി ഇളവുകളുടെയും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനുവേണ്ട ലഭിക്കേണ്ട വിസ അനുമതിയും വൈകുന്നതിനാലാണ് ഇത്തവണ തീരുമാനം വൈകുന്നത്.

ഇംഗ്ലണ്ടാണ് ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. നിശ്ചിത ഓവറുകളിലും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിലായിരുന്നു ഇംഗ്ലണ്ട് കിരീടം നേടിയത്. പിന്നീട് ബൗണ്ടറികളുടെ എണ്ണത്തിൽ വിജയികളെ നിർണയിക്കുന്ന നിയമം ഐസിസി എടുത്തുകളഞ്ഞു.