- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇംഗ്ലണ്ട് - ന്യൂസിലൻഡ് പോരാട്ടത്തോടെ ഏകദിന ലോകകപ്പിന് തുടക്കമാകും; വേദികൾ തീരുമാനമായി; ഐപിഎൽ കഴിഞ്ഞാൽ ഉടൻ ബിസിസിഐ പ്രഖ്യാപിക്കും; ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ട്
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് വേദിയാകുന്ന സ്റ്റേഡിയങ്ങൾ സംബന്ധിച്ച് ബിസിസിഐ തീരുമാനം എടുത്തതായി റിപ്പോർട്ട്. അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത, ഡൽഹി, ഇൻഡോർ, ധരംശാല, ഗുവാഹത്തി, റായ്പുർ, മുംബൈ എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക എന്ന ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അഹമ്മദാബാദിൽ ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടത്തോടെയാകും ലോകകപ്പിന് തുടക്കമാവുക. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നവംബർ 19ന് ഫൈനൽ മത്സരം നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയിൽ നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐപിഎൽ കഴിഞ്ഞാൽ ഉടൻ ബിസിസിഐ ഔദ്യോഗികമായി വേദികൾ പ്രഖ്യാപിക്കുമെന്നും ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ലോകകപ്പ് വേദിക്കായി പരിഗണിക്കപ്പെട്ടുവെന്ന് നേരത്തെ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. 10 ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടുക. ആകെ 48 കളികളുമുണ്ടാകും. നേരത്തെ, . അഹമ്മദാബാദ് ഉൾപ്പെടെ ഏഴ് വേദികളിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുകയെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ അഹമ്മദാബാദിൽ മാത്രമാണ് ഇന്ത്യ ഒന്നിൽ കൂടുതൽ മത്സരങ്ങൾ കളിക്കുക.
ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ സമ്മതിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട തുടരുന്ന തർക്കവും അനിശ്ചിതത്വവും ഉണ്ടെങ്കിലും ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി ക്രിക് ബസ് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, പാക്കിസ്ഥാൻ ചില ആശങ്കകൾ പ്രകടിപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. അഹമ്മദാബാദിൽ ഇന്ത്യക്കെതിരെയുള്ള മത്സരം കളിക്കുന്നതിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ആശങ്കയുള്ളതെന്ന് സൂചന.
പിസിബി ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസങ്ങളിൽ അബുദാബിയിലെ ഐസിസി ഓഫീസ് സന്ദർശിച്ചിരുന്നു. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ തത്വത്തിൽ സമ്മതിച്ച പിസിബി മേധാവി, മുഖം രക്ഷിക്കാനായി മത്സരങ്ങളുടെ വേദികളിൽ കുറച്ച് മാറ്റങ്ങൾ ആവശ്യപ്പെട്ടതായാണ് ക്രിക് ബസ് റിപ്പോർട്ട്. അതേസമയം, ഫൈനലിൽ എത്തിയാൽ അഹമ്മദാബാദിൽ തന്നെ പാക്കിസ്ഥാൻ കളിക്കുകയും ചെയ്യും. പുറത്ത് വന്ന വിവരങ്ങൾ പ്രകാരം അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന് മത്സരങ്ങൾ ഉള്ളത്. സൗത്ത് സോണിലാണ് പാക്കിസ്ഥാന്റെ കൂടുതൽ മത്സരങ്ങൾ നടക്കുക. ഒക്ടോബർ 15 ഞായറാഴ്ചയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുക.
സ്പോർട്സ് ഡെസ്ക്