- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവികളിൽ നിന്നും പാഠം പഠിക്കാതെ ഇംഗ്ലണ്ട്; ശ്രീലങ്കയ്ക്കെതിരെയും തകർന്നടിഞ്ഞ് ലോക ചാംപ്യന്മാർ; 156 റൺസിന് പുറത്ത്; കരുതലോടെ തുടക്കമിട്ട് ലങ്കൻ ബാറ്റിങ് നിര
ബംഗളൂരു: ഏകദിന ലോകകപ്പിൽ തുടർ തോൽവികളിൽ നിന്നും പാഠം പഠിക്കാതെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്കെതിരെ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങിയ ഇംഗ്ലണ്ട് കുഞ്ഞൻ സ്‌കോറിന് പുറത്തായി. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 33.2 ഓവറിൽ 156 റൺസിന് കൂടാരം കയറി. മൂന്ന് വിക്കറ്റ് നേടിയ ലാഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ തകർത്തത്.
മൂന്ന് വർഷങ്ങൾക്ക് ശേഷം ലങ്കയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ എയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റുമായി തിളങ്ങി. 43 റൺസ് നേടിയ ബെൻ സ്റ്റോക്സിന് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്.
മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ജോണി ബെയർസ്റ്റോ (30) ഡേവിഡ് മലാൻ (28) സഖ്യം ഒന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേർത്തു. എന്നാൽ മലാനെ പുറത്താക്കി മാത്യൂസ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി.
25 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 28 റൺസെടുത്ത മലാനെ പുറത്തക്കി ഏയ്ഞ്ചലോ മാത്യൂസ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുകയായിരുന്നു.. പിന്നാലെ ഇല്ലാത്ത റണ്ണിനോടി ജോ റൂട്ട് (3) പുറത്തായി. വൈകാതെ 31 പന്തിൽ നിന്ന് 30 റണ്ണുമായി ബെയർസ്റ്റോയും മടങ്ങിയതോടെ ഇംഗ്ലണ്ട് വിയർത്തു.
വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ക്യാപ്റ്റൻ ജോസ് ബട്ട്ലറും (8), ലിയാം ലിവിങ്സ്റ്റണും (1) നിരാശപ്പെടുത്തിയതോടെ മുൻ ചാമ്പ്യന്മാർ തീർത്തും പ്രതിരോധത്തിലായി. ആറാം വിക്കറ്റിൽ ബെൻ സ്റ്റോക്ക്സ് - മോയിൻ അലി സഖ്യം ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും 25-ാം ഓവറിൽ അലിയെ മടക്കി (15) മാത്യൂസ് വീണ്ടും കളി ലങ്കയ്ക്ക് അനുകൂലമാക്കി. ക്രിസ് വോക്സ് (0) വന്നപാടേ മടങ്ങി.
73 പന്തുകൾ നീണ്ട സ്റ്റോക്ക്സിന്റെ ഇന്നിങ്സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ പിടിവള്ളി. പക്ഷേ 43 റൺസുമായി താരം 31-ാം ഓവറിൽ മടങ്ങിയതോടെ അവരുടെ പോരാട്ടത്തിന് അറുതിയായി. സ്റ്റോക്ക്സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ഡേവിഡ് വില്ലി 14 റൺസുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ട് സ്‌കോർ 150 കടത്തി. ആദിൽ റഷീദ് (2), മാർക്ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ തുലാസിലായിരുന്നു.
സ്പോർട്സ് ഡെസ്ക്