- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പ് ടീമിലേക്ക് അശ്വിൻ എത്തുമോ? അതോ പരിക്കേറ്റ അക്‌സർ പട്ടേലിനെ നിലനിർത്തുമോ? തീരുമാനം ഇന്നറിയാം; എല്ലാ തീരുമാനിച്ചുവെന്ന് രോഹിത് ശർമ്മ
രാജ്‌കോട്ട്: ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിൽ മാറ്റം വരുമോ എന്ന് ഇന്നറിയാം. ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. ടീമിൽ അക്‌സർ പട്ടേലിന് പകരം ആർ അശ്വിൻ 15 അംഗ ടീമിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അതേസമയം ടീമിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് രോഹിത് ശർമ്മ നൽകുന്നത്. ലോകകപ്പിൽ കളിക്കേണ്ട 15 പേരെക്കുറിച്ചും ആരൊക്കെ വേണമെന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റിന് വ്യക്തമായ ധാരണയുണ്ടെന്ന് രാജ്‌കോട്ടിൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു.
ഏഷ്യാ കപ്പിന് മുമ്പ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് പ്രാഥമിക സ്‌ക്വാഡിൽ അശ്വിനുണ്ടായിരുന്നില്ല. അശ്വിന് പകരം രവീന്ദ്ര ജഡേജയും കുൽദീപ് യാദവും അക്‌സർ പട്ടേലുമാണ് ലോകകപ്പ് ടീമിൽ സ്പിന്നർമാരായി ഇടം നേടിയത്. മൂന്നുപേരും ഇടം കൈയൻ സ്പിന്നർമാരാണെന്നത് ലോകകപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇത് ഇന്ത്യ തിരിച്ചറിയുകയും ചെയ്തു.
മധ്യനിരയിൽ ഇടംകൈയൻ ബാറ്റർമാരുള്ള ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഓഫ് സ്പിന്നറുടെ അഭാവം ബൗളിംഗിൽ തിരിച്ചടിയാകുമെന്ന് ഇന്ത്യക്ക് വ്യക്തമായി. ഇതിന് പിന്നാലെ ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ അക്‌സർ പട്ടേലിന് പരിക്കേറ്റതോടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് 20 മാസമായി ഏകദിനം കളിക്കാത്ത അശ്വിനെ ടീമിലെടുക്കാൻ സെലക്ടർമാർ നിർബന്ധിതരാവുകയും ചെയ്തു.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റെ വീഴ്‌ത്തിയുള്ളുവെങ്കിലും ബാറ്റിങ് പറുദീസയും ചെറിയ ബൗണ്ടറികളുമുള്ള ഇൻഡോറിൽ നടന്ന രണ്ടാം ഏകദിനത്തിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി അശ്വിൻ തിളങ്ങി. ഇതോടെ അശ്വിന് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പാക്കിയെന്ന വിലയിരുത്ത്തലുണ്ടായി. രാജ്‌കോട്ടിൽ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ അശ്വിന് പകരം വാഷിങ്ടൺ സുന്ദറാണ് കളിച്ചത്. അക്‌സർ പട്ടേൽ പരിക്കിൽ നിന്ന് മുക്തനാകാത്തതിനാൽ ഇന്നലെ ടീമിലുണ്ടായിട്ടും കളിക്കാനായില്ല. ലോകകപ്പിന് മുമ്പ് അക്‌സറിന് കായികക്ഷമത തെളിയിക്കാനാവുമോ എന്ന കാര്യവും സംശയത്തിലാണ്. ഈ സാഹചര്യത്തിൽ അശ്വിൻ തന്നെ 15 അംഗ ടീമിലെത്തുമെന്നാണ് കരുതുന്നത്.
സ്പോർട്സ് ഡെസ്ക്