കൊളംബോ: ലോകകപ്പ് ക്രിക്കറ്റിൽ ദേശീയ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ട് സർക്കാർ. അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെ നാണംകെട്ട് തോറ്റതോടെ ശ്രീലങ്കൻ കായിക മന്ത്രി റോഷൻ രണസിംഘെയാണ് ക്രിക്കറ്റ് ബോർഡിനെതിരെ നടപടിയെടുത്തത്. ആരാധകരുടെ പ്രതിഷേധം ഉയർന്നതോടെയാണ് നടപടി. അഴിമതി ആരോപണങ്ങളെ തുടർന്ന് ശ്രീലങ്കൻ കായിക മന്ത്രിയും ക്രിക്കറ്റ് ബോർഡും ഏറെ നാളായി തർക്കത്തിലായിരുന്നു.

പുതിയ ഇടക്കാല ബോർഡിന്റെ ചെയർമാനായി അർജുന രണതുംഗയെ നിയമിച്ചുകൊണ്ട് രണസിംഘെയുടെ ഓഫീസ് ഉത്തരവിറക്കി. 1996-ൽ ശ്രീലങ്ക ആദ്യമായി ലോകകപ്പ് കിരീടംചൂടുമ്പോൾ ടീം ക്യാപ്റ്റനായിരുന്നു രണതുംഗ.

ഇന്ത്യയ്‌ക്കെതിരായ തോൽവിക്കു പിന്നാലെ ലങ്കൻ സർക്കാർ ക്രിക്കറ്റ് ബോർഡിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡി സിൽവ കഴിഞ്ഞ ദിവസം രാജിവച്ചു. മോഹന്റെ രാജിക്കു കാരണമെന്തെന്നു ശ്രീലങ്ക ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നില്ല.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറിയായിരുന്ന മോഹൻ ഡി സിൽവ രാജിവെച്ചതിന് തൊട്ടടുത്ത ദിവസമാണ് ബോർഡ് പിരിച്ചുവിട്ടത്. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ 302 റൺസിന് ടീം തോറ്റതിന് പിന്നാലെ ക്രിക്കറ്റ് ബോർഡ് ഒന്നടങ്കം രാജിവെക്കണമെന്ന് കായിക മന്ത്രി പരസ്യമായി ആവശ്യപ്പെടുകയായിരുന്നു.

ശനിയാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 358 റൺസടിച്ചപ്പോൾ വെറും 55 റൺസിന് ശ്രീലങ്ക തകർന്നടിയുകയായിരുന്നു. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളിലൊന്നാണിത്.

ടീമിന്റെ നാണംകെട്ട തോൽവി ശ്രീലങ്കയിൽ പൊതുജന പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് കൊളംബോയിലെ ക്രിക്കറ്റ് ബോർഡ് ഓഫീസിന് പുറത്ത് കനത്ത സുരക്ഷാവിന്യാസം നടത്തിയിരുന്നു.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ ഉദ്യോഗസ്ഥർ തൽസ്ഥാനത്ത് തുടരുന്നതിൽ ഒരു ധാർമികതയും ഇല്ലെന്ന് രണസിംഘെ പറയുകയുണ്ടായി. എല്ലാവരും സ്വമേയധാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പോയിന്റ് പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ശ്രീലങ്ക ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടുന്നുണ്ട്. ഇന്നത്തേതടക്കം പ്രാഥമിക റൗണ്ടിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ ശ്രീലങ്ക ജയിച്ചാലും അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ സെമിയിൽ പ്രവേശിക്കുകയുള്ളൂ.

ക്രിക്കറ്റ് ബോർഡുകളിൽ രാഷ്ട്രീയ ഇടപെടൽ പാടില്ലെന്ന ചട്ടത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ കായിക മന്ത്രി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

'കളിക്കാരുടെ അച്ചടക്ക പ്രശ്‌നങ്ങൾ, മാനേജ്‌മെന്റ് അഴിമതി, സാമ്പത്തിക ക്രമക്കേട്, ഒത്തുകളി ആരോപണങ്ങൾ തുടങ്ങിയ പരാതികളാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ പിരിച്ചുവിട്ടതിന് പിന്നിലെന്നാണ് ഐസിസിക്കയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്