ബംഗളൂരു: ന്യൂസിലൻഡ് ശ്രീലങ്കയെ അഞ്ച് വിക്കറ്റിനു അനായാസം വീഴ്‌ത്തിയപ്പോൾ പാക്കിസ്ഥാന് മുന്നിൽ ഈ ലോകകപ്പിലെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കുകയാണ്, മറിച്ചു കാര്യങ്ങൽ വരണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും. സെമിയിലെത്താൻ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരെ ജീവന്മരണ പോരാട്ടം അതിജീവിക്കണം.

ശനിയാഴ്ചയാണ് ഈ ഹൈ വോൾട്ടേജ് പോരാട്ടം. ഇംഗ്ലണ്ടിനു നിലവിൽ ചാൻസ് ഇല്ല. പക്ഷേ പാക്കിസ്ഥാന്റെ വഴി മുടക്കാൻ അവർക്ക് അവസരമുണ്ട്. ശ്രീലങ്ക ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ പാക്കിസ്ഥാന് സെമിയിലെത്താൻ ചെറിയ മാർജിനിലെ വിജയം മതിയായിരുന്നു. ന്യൂസിലൻഡിന്റെ പോരാട്ടം 40 ഓവർ വരെ എത്തിയാണ് അവർ വിജയിച്ചതെങ്കിലും പാക്കിസ്ഥാന് എളുപ്പമുള്ള സാധ്യതയുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ അവർ 300 റൺസിനു മുകളിൽ സ്‌കോർ ചെയ്യണമെന്നു മാത്രം.

കിവികൾ 24ാം ഓവറിൽ തന്നെ ലങ്കയെ വീഴ്‌ത്തിയതോടെ പാക്കിസ്ഥാന് ശനിയാഴ്ച വലിയ മാർജിനിൽ വിജയിക്കേണ്ട ബാധ്യതയിൽ കളിയെത്തി. സമാനമാണ് അഫ്ഗാന്റേയും സ്ഥിതി. ഇരുവരുമാണ് സെമി സാധ്യത നേരിയ തോതിൽ ബാക്കിയുള്ളവർ. പാക്കിസ്ഥാന് മുന്നിലെ സാധ്യതകൾ ഇങ്ങനെയാണ്:

ആദ്യം ബാറ്റ് ചെയ്യുന്ന പാക്കിസ്ഥാൻ 300 റൺസാണ് നേടുന്നതെങ്കിൽ അവർക്ക് സെമിയിലെത്താൻ ഇംഗ്ലണ്ടിനെ 13 റൺസിനു ഓൾ ഔട്ടാക്കേണ്ടി വരും. പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 300 റൺസ് നേടിയാൽ ഇംഗ്ലണ്ടിനെ 287 റൺസ് മാർജിനിൽ പരാജയപ്പെടുത്തണം. ഇനി പാക്കിസ്ഥാൻ ആദ്യം ബൗൾ ചെയ്യുകയാണെങ്കിൽ ഇംഗ്ലണ്ടിനെ നൂറിനുള്ളിൽ ഒതുക്കണം. ലക്ഷ്യം 2.5 ഓവറിൽ അടിച്ചെടുക്കുകയും വേണം! അതായത് 283 പന്തുകൾ ശേഷിക്കെ വിജയിക്കണം. ഏറെക്കുറെ അസാധ്യമാണ് അവർക്ക് മുന്നിലെ കാര്യങ്ങൾ.

അതിനിടെ പുറത്താകലിന്റെ വക്കിൽനിൽക്കുന്ന പാക്കിസ്ഥാൻ ടീമിനെ ട്രോളി മുൻ നായകൻ വസീം അക്രമും രംഗത്തുവന്നു. സെമി സാധ്യത നിലനിർത്താൻ പാക്കിസ്ഥാന് മുന്നിൽ ഒറ്റ വഴി മാത്രമേയുള്ളൂ. 'ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്‌കോർ നേടണം. ശേഷം ടീമിനെ ഒന്നാകെ 20 മിനിറ്റ് ഡ്രസിങ് റൂമിൽ പൂട്ടിയിടണം. അപ്പോൾ ടൈംഡ് ഔട്ട് ആക്കാമെന്നും അങ്ങനെ എളുപ്പം സെമിയിൽ കടക്കാ'മെന്നുമായിരുന്നു അക്രത്തിന്റെ തമാശ.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ കിവീസ് വമ്പൻ വിജയം നേടിയതോടെയാണ് പാക്കിസ്ഥാന്റെ സെമി സാധ്യത ഏതാണ്ട് അവസാനിച്ചത്. ടോസ് നേടിയ ന്യൂസിലൻഡ് ശ്രീലങ്കെയെ ബാറ്റിങിന് അയച്ചു. 46. 4 ഓവറിൽ 171 റൺസിന് എല്ലാവരെയും പുറത്താക്കി. മറുപടി ബാറ്റിങിന് ഇറങ്ങിയ കിവീസ് 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയും ചെയ്തു.