അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ അനായാസം മുന്നേറുമെന്ന് പ്രതീക്ഷിച്ച ദക്ഷിണാഫ്രിക്ക പടിക്കൽ കലമുടച്ച് പുറത്തായതോടെ ജീവവായു തിരിച്ചുകിട്ടിയ പാക്കിസ്ഥാൻ ജീവന്മരണ പോരാട്ടത്തിൽ ബംഗ്ലാദേശിനെ കീഴടക്കി സെമി ഫൈനലിലേക്ക്. ഇരുടീമുകൾക്കും നിർണായകമായ പോരാട്ടത്തിൽ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഇന്നിങ്സ് എട്ടു വിക്കറ്റിന് 127-ൽ അവസാനിച്ചപ്പോൾ 18.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ ഇതു മറികടന്നു. ഗ്രൂപ്പ് രണ്ടിൽ നിന്നും ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. രാവിലെ നടന്ന മത്സരത്തിൽ നെതർലൻഡ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരം നിർണായകമായത്. സിംബാബ്വെക്കെതിരെ ഇന്ത്യയുടെ മത്സരഫലമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക. നിലവിൽ ആറ് പോയിന്റ് നേടിയാണ് പാക്കിസ്ഥാൻ സെമി ബർത്ത് ഉറപ്പിച്ചത്. ഒരുമത്സരം കൂടി ബാക്കിയിരിക്കെ ഇന്ത്യക്കും ആറ് പോയിന്റുണ്ട്.

ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യക്കെതിരെയും സിംബാബ്വെക്കെതിരെയും തോറ്റ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ തുലാസിലായിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയത്തോടെ പാക്കിസ്ഥാൻ തിരിച്ചെത്തി. അതിനിടെ സെമി ഉറപ്പിച്ചെന്ന് കരുതിയ ദക്ഷിണാഫ്രിക്ക നെതർലൻസ്ഡിനോട് തോറ്റത് തുണയായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഷഹീൻ അഫ്രീദിയുടെ ബൗളിങ് മികവിലാണ് 127 റണ്ണിന് പാക്കിസ്ഥാൻ വരിഞ്ഞുമുറുക്കിയത്. മറുപടി ബാറ്റിങിൽ ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും (32) ബാബർ അസമും (25) കരുതലോടെ മികച്ച തുടക്കം നൽകി. 18 പന്തിൽ നിന്ന് 31 റണ്ണടിച്ച മുഹമ്മദ് ഹാരിസിന്റെ ഇന്നിങ്സും പാക്കിസ്ഥാന്റെ വിജയത്തിന് കരുത്തേകി. 14 പന്തിൽ നിന്ന് 24 റൺസ് നേടി ഷാൻ മസൂദ് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വെടിക്കെട്ട് ബാറ്റ്‌സ്മാൻ ലിട്ടൻ ദാസിനെ മൂന്നാം ഓവറിൽ തന്നെ നഷ്ടമായി. എട്ട് പന്തിൽ 10 റൺസ് എടുത്ത് നിൽക്കെ ഷഹീൻ ഷാ അഫ്രീദിക്ക് മുന്നിലാണ് ലിട്ടൻ ദാസ് വീണത്. ഇതടക്കം ഷഹീൻ അഫ്രീദി നാലു വിക്കറ്റുകൾ വീഴ്‌ത്തി. അതേസമയം, മറ്റൊരു ഓപ്പണർ നജ്മുൽ ഹസൻ ഷാന്റോ അർദ്ധ സെഞ്ചുറി (54) നേടി ടീമിന്റെ ടോപ് സ്‌കോറർ ആയി.

20 പന്തിൽ 24 റൺസ് നേടി അഫീഫ് ഹസനും റൺസൊന്നും നേടാതെ മുസ്തഫിസുർ റഹ്മാനും പുറത്താകാതെ നിന്നു. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ഷഹീൻ അഫ്രീദി നാല് വിക്കറ്റുകൾ കൊയ്തത്. ഷദാബ് ഖാൻ രണ്ടും ഇഫ്തിഖർ അഹമ്മദും ഹാരിസ് റഊഫും ഓരോ വിക്കറ്റും സ്വന്തമാക്കി. ഗ്രൂപ്പ് രണ്ടിൽ അവസാന മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെയെ നേരിടുകയാണ്.