ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വേദിയാവുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ വേദി സംബന്ധിച്ച് വീണ്ടും അനിശ്ചിതത്വം. കൂടുതൽ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാനാണ് പാക്കിസ്ഥാന്റെ ആലോചന. പാക്കിസ്ഥാനിൽ കളിക്കില്ലെന്ന് ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലിൽ നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്. ഹൈബ്രിഡ് മോഡൽ അനുസരിച്ച് ഇന്ത്യയുടെ മത്സരങ്ങളും പ്രധാന മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരുന്നത്.

ഇതോടെ ആകെയുള്ള പതിമൂന്ന് മത്സരങ്ങളിൽ നാലെണ്ണം മാത്രമാവും പാക്കിസ്ഥാനിൽ നടക്കുക. ഒൻപത് കളി ശ്രീലങ്കയിലും നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെയാണിപ്പോൾ പാക്കിസ്ഥാൻ രംഗത്ത് എത്തിയിരിക്കുന്നത്. പാക്കിസ്ഥാനിൽ കൂടുതൽ മത്സരങ്ങൾ വേണമെന്ന് പിസിബി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടും. സാക അഷ്റഫ് പിസിബി ചെയർമാനായി ചുമതലയേറ്റതോടെയാണ് പാക്കിസ്ഥാന്റെ നിലപാടുമാറ്റം.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിൽ കളിക്കില്ലെന്ന് ബിസിസിഐ ഉറച്ച നിലപാട് എടുത്തപ്പോൾ പിസിബിയുടെ മുൻ ചെയർമാൻ നെജാം സേഥിയാണ് ഹൈബ്രിഡ് മോഡൽ നിർദേശിച്ചത്. ബിസിസിഐ ഇക്കാര്യം അംഗീകരിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ഏഷ്യാകപ്പിൽ പങ്കെടുക്കുന്നത്. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടുടീമുകൾ അവസാന നാലിലെത്തും.

ഇവരിൽ നിന്ന് ഫൈനലിസ്റ്റുകളേയും നിശ്ചയിക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാൻ തയ്യാറാവാത്തതിനാൽ, ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ നിക്ഷ്പക്ഷ വേദിയിൽ നടത്തണെന്ന് പാക്കിസ്ഥാൻ കായിക മന്ത്രി ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാനാണ് ഏഷ്യാ കപ്പിന്റെ ആതിഥേയരെങ്കിലും നാല് മത്സരങ്ങൾ മാത്രമേ പാക്കിസ്ഥാനിൽ വച്ച് നടക്കുന്നുള്ളൂ. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് തീരുമാനിച്ചതോടെ അവശേഷിക്കുന്ന മത്സരങ്ങൾ ലങ്കയിൽ വച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടും ഫൈനലും അടക്കം 9 മത്സരങ്ങൾക്ക് ശ്രീലങ്ക വേദിയാവും.

ഇവയിൽ ഇന്ത്യ-പാക് മത്സരങ്ങൾക്കാണ് കൂടുതൽ വരുമാനമുണ്ടാവുക എന്നതിനാലാണ് മത്സരത്തിൽ നിന്നുള്ള കൂടുതൽ വിഹിതം വേണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇപ്പോൾ വാദിക്കുന്നത്. ലങ്കയിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ മത്സരങ്ങൾ പാക്കിസ്ഥാനിലേക്ക് മാറ്റണം എന്ന ആവശ്യവും പിസിബിക്കുണ്ട്.