സിഡ്‌നി: എട്ട് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ടി 20 ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി പാക്കിസ്ഥാൻ.ന്യൂസിലാന്റ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ പാക്കിസ്ഥാൻ മറികടന്നു.ക്യാച്ചുകൾ വിട്ട് ന്യൂസിലാന്റിന്റെ സഹായം കൂടി ലഭിച്ചതോടെ ടൂർണ്ണമെന്റിൽ ഇതുവരെ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച കിവികളെ നിഷ്പ്രഭരാക്കിയാണ് പാക്കിസ്ഥാന്റെ വിജയം.57 റൺസെടുത്ത മുഹമ്മദ് റിസ്വാന്റെയും 53 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമിന്റെയും ഇന്നിങ്ങ്‌സുകളാണ് പാക്കിസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായത്.

മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് പാക്കിസ്ഥാൻ കിവീസിന്റെ ചിറകരിഞ്ഞത്.നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാക്കിസ്ഥാൻ ഫൈനലിൽ നേരിടും.പാക്കിസ്ഥാന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലിൽ ഇന്ത്യയോട് തോറ്റ് പാക്കിസ്ഥാൻ 2009-ൽ കിരീടം നേടിയിട്ടുണ്ട്.

154 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും തകർപ്പൻ തുടക്കമാണ് കാഴ്ചവെച്ചത്. ആദ്യ ഓവർ തൊട്ട് ആക്രമിച്ച് കളിച്ച ഇരുവരും വെറും 5.4 ഓവറിൽ ടീം സ്‌കോർ 50 കടത്തി. റിസ്വാനായിരുന്നു കൂടുതൽ അപകടകാരി. പേരുകേട്ട കിവീസ് പേസ് നിരയെ ബാറ്റർമാർ ഒരു കൂസലുമില്ലാതെ നേരിട്ടു.

11-ാം ഓവറിൽ ബാബർ അസം അർധസെഞ്ചുറി നേടി. 38 പന്തുകളിൽ നിന്നാണ് പാക് നായകൻ അർധശതകം നേടിയത്. ടൂർണമെന്റിലെ ബാബറിന്റെ ആദ്യ അർധസെഞ്ചുറി കൂടിയാണിത്. അതുവരെയുള്ള എല്ലാ മത്സരങ്ങളിൽ നിന്നുമായി ബാബർ വെറും 39 റൺസ് മാത്രമായിരുന്നു നേടിയിരുന്നത്. 11.4 ഓവറിൽ റിസ്വാനും ബാബറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. വെറും 73 പന്തുകളിൽ നിന്നാണ് ഇരുവരും 100 റൺസ് അടിച്ചെടുത്തത്.

എന്നാൽ അർധസെഞ്ചുറി നേടിയതിനുപിന്നാലെ ബാബർ പുറത്തായി. ബോൾട്ടിന്റെ പന്തിൽ സിക്സടിക്കാനുള്ള ബാബറിന്റെ ശ്രമം ഡാരിൽ മിച്ചലിന്റെ കൈയിൽ അവസാനിച്ചു. 42 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 53 റൺസെടുത്താണ് ബാബർ മടങ്ങിയത്. ബാബറിന് പകരം മുഹമ്മദ് ഹാരിസാണ് ക്രീസിലെത്തിയത്.

പിന്നാലെ റിസ്വാനും അർധസെഞ്ചുറി നേടി. 36 പന്തുകളിൽ നിന്നാണ് റിസ്വാൻ അർധശതകം പൂർത്തിയാക്കിയത്. എന്നാൽ റിസ്വാന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ടീം സ്‌കോർ 132-ൽ നിൽക്കേ റിസ്വാനെ ബോൾട്ട് പുറത്താക്കി. 43 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 57 റൺസെടുത്താണ് റിസ്വാൻ ക്രീസ് വിട്ടത്.

റിസ്വാൻ മടങ്ങിയ ശേഷം ഹാരിസ് ഒരു സിക്സും ഫോറുമടിച്ച് സമ്മർദം കുറച്ചു. എന്നാൽ 19-ാം ഓവറിലെ അവസാന പന്തിൽ ഹാരിസിനെ മിച്ചൽ സാന്റ്നർ പുറത്താക്കി. എന്നാൽ 20-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിജയറൺ നേടിക്കൊണ്ട് ഷാൻ മസൂദ് ടീമിന് വിജയം സമ്മാനിച്ചു. ഷാൻ മൂന്ന് റൺസെടുത്തും ഇഫ്തിഖർ അഹമ്മദ് റൺസെടുക്കാതെയും പുറത്താവാതെ നിന്നു.ന്യൂസീലൻഡിനായി ട്രെന്റ് ബോൾട്ട് രണ്ടുവിക്കറ്റെടുത്തപ്പോൾ സാന്റ്നർ ഒരു വിക്കറ്റ് വീഴ്‌ത്തി.

മത്സരത്തിലെ ആദ്യ പന്തിൽ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലൻ തുടങ്ങിയത്. എന്നാൽ മൂന്നാം പന്തിൽ പുറത്താവുകയും ചെയ്തു.അഫ്രീദിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ വില്യംസണും കോൺവെയും മനോഹരമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്.

ഹാരിസ് റൗഫിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് കോൺവെ സിംഗിളിന് ശ്രമിച്ചു. എന്നാൽ ഷദാബ് ഖാന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാവുകായിരുന്നു താരം. ഇതോടെ ആറ് ഓവറിൽ രണ്ടിന് 38 എന്ന നിലയിലായി കീവിസ്. മികച്ച ഫോമിലുള്ള ഫിലിപ്സ് നവാസിന് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി.

എട്ട് ഓവർ പൂർത്തിയാവുമ്പോൾ മൂന്നിന് 49 ആയിരുന്നു കിവീസ്. പിന്നീട് വില്യംസൺ- മിച്ചൽ സഖ്യം നേടിയ 68 റൺസാണ് കിവീസിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 42 പന്തിൽ ഒരു സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിങ്സ്. അഫ്രീദിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം.

വില്യംസൺ മടങ്ങിയെങ്കിലും നീഷമിനെ (12 പന്തിൽ 16) കൂട്ടുപിടിച്ച് മിച്ചൽ കിവീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അഫ്രീദിക്ക് പുറമെ മുഹമ്മദ് നവാസ് ഒരു വിക്കറ്റ് വീഴ്‌ത്തി. നേരത്തെ, മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.