ലാഹോർ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഐസിസി സംഘം ലാഹോറിലെത്തി. ഏകദിന ലോകകപ്പ് പാക്കിസ്ഥാൻ ബഹിഷ്‌കരിക്കുമെന്ന ഭീഷണികൾക്കിടെയാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ ഉറപ്പ് വാങ്ങാൻ ഐസിസി ചെയർമാൻ ഗ്രേഗ് ബാർക്ലെ, സിഇഒ ജെഫ് അലാർഡിസും ലാഹോറിലെത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഹൈബ്രിഡ് മോഡൽ നടപ്പാക്കാൻ പിസിബിയുടെ ഭാഗത്തുനിന്നും ഉയർന്നേക്കാവുന്ന സമ്മർദ്ദമടക്കം ഒഴിവാക്കാനാണ് ഐസിസിയുടെ നീക്കം.

ലോകകപ്പിനായി പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് അടുത്തിടെ പിസിബി ചീഫ് നജാം സേഥി വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ പാക്കിസ്ഥാൻ സർക്കാർ അനുവദിക്കില്ലെന്നാണ് സേഥി പറഞ്ഞത്. ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കില്ലെന്ന് പറഞ്ഞതോടെയായിരുന്നു ഇത്. ഹൈബ്രിഡ് മോഡലിനും ഇന്ത്യ ഒരുക്കമല്ല. ഏഷ്യാകപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിനാണ് ബിസിസിഐ ശ്രമിക്കുന്നത്. എന്നാൽ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ നിന്ന് മാറ്റിയാൽ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സേഥിയുടെ ഭീഷണി.

ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ നടത്തിയില്ലെങ്കിൽ ശ്രീലങ്കയിൽ നടത്തണമെന്ന നിർദേശവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് മുന്നിലുണ്ട്. യുഎഇ ആണ് നിഷ്പക്ഷ വേദിയായി കാണുന്നതെങ്കിലും സെപ്റ്റംബർ മാസങ്ങളിൽ യുഎഇയിലെ കനത്ത ചൂട് കണക്കിലെടുത്താണ് ശ്രീലങ്കയിലേക്ക് ടൂർണമെന്റ് മാറ്റുന്ന കാര്യം പരിഗണിക്കുന്നത്. ബിസിസിഐയുടെ പിന്തുണ ശ്രീലങ്കയ്ക്കാണ്. ഇപ്പോൾ ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ ബോർഡ്.

ടൂർണമെന്റ് നടത്താൻ ഗ്രൗണ്ടുകൾ സജ്ജമാണെന്നാണ് അവർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. വരും ദിവസങ്ങളിൽ വേദി സംബന്ധിച്ച് തീരുമാനമെടുക്കും. ഏഷ്യാ കപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ഞായറാഴ്ച നടന്ന ഐപിഎൽ ഫൈനൽ മത്സരം കാണാൻ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകളുടെ തലവന്മാരെ ബിസിസിഐ ഔദ്യോഗദികമായി ക്ഷണിച്ചിരുന്നു. പിന്നാലെയാണ് തീരുമാനമെന്ന് അറിയുന്നത്.

ഒക്ടോബറിൽ തുടങ്ങുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ പാക്കിസ്ഥാന്റെ മൽസരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യമാണ് പാക് ക്രിക്കറ്റ് ബോർഡ് ഉന്നയിക്കുന്നത്. എന്നാൽ, ഇന്ത്യയിലേക്ക് വരില്ലെന്ന റിപ്പോർട്ടുകൾ പാക്കിസ്ഥാന്റെ സമ്മർദതന്ത്രം മാത്രമാണെന്നാണ് ബിസിസിഐ വിലയിരുത്തൽ. ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്നത്.