- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഗംഭീര റൺചേസുമായി പാക്കിസ്ഥാൻ; ഫഖർ സമാന് സെഞ്ച്വറി; 63 പന്തിൽ വെടിക്കെട്ട് വേഗത്തിൽ സെഞ്ച്വറി; തീപ്പാറും പോരാട്ടത്തിൽ വില്ലനായി മഴ
ബംഗളുരു: ലോകകപ്പിൽ ബംഗളുരുവിൽ അത്യുഗ്രൻ പോരാട്ടം. ന്യൂസിലാൻഡ്- പാക്കിസ്ഥാൻ മത്സരം തീപാറുന്നത്. ന്യൂസിലൻഡ് ഉയർത്തിയ വൻ സ്‌കോർ അതേ നാണയത്തിൽ തന്നെ പാക്കിസ്ഥാൻ പിന്തുടരുകയാണ്. ഫഖർ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിൻബലത്തിൽ 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. ഓപ്പണർ അബ്ദുല്ല ഷഫീഖിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ബാബർ അസം എത്തിയതോടെ കരുതലോടെയാണ് പാക്കിസ്ഥാൻ കളിച്ചത്. ഒരറ്റത്ത് അസം ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങിയപ്പോൾ സമാൻ ആക്രമിച്ച് കളിച്ചു. 63 പന്തിൽ സമാൻ സെഞ്ച്വറി അടിച്ചു. സൗത്തിയാണ് ഷഫീഖിനെ വീഴ്‌ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 401 റൺസെടുത്തു. 35 ഓവറിൽ ലക്ഷ്യം കണ്ടാൽ മാത്രമെ പാക്കിസ്ഥാൻ സെമി സാധ്യത നിലനിർത്താൻ കഴിയുകയുള്ളു.
രചിൻ രവീന്ദ്രയുടെ സെഞ്ചുറിയും പരിക്ക് മാറി തിരിച്ചെത്തി അർധ സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഇന്നിങ്‌സുമാണ് വമ്പൻ സ്‌കോർ നേടാൻ കിവീസിന് സഹായകമായത്. 94 പന്തുകൾ നേരിട്ട രചിൻ ഒരു സിക്‌സും 15 ഫോറുമടക്കം 108 റൺസെടുത്തു. ലോകകപ്പിലെയും ഏകദിന കരിയറിലെയും മൂന്നാം സെഞ്ചുറി കുറിച്ച താരം 523 റൺസുമായി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി.
രചിൻ സെഞ്ച്വറി തികച്ചതിനു പിന്നാലെ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസനും ശതകം തൊടുമെന്നു പ്രതീക്ഷിച്ചു. എന്നാൽ അർഹിച്ച സെഞ്ച്വറിക്ക് അഞ്ച് റൺസ് അകലെ വില്ല്യംസൻ വീണു. 79 പന്തിൽ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം വില്ല്യംസൻ 95 റൺസുമായി മടങ്ങി. പിന്നാലെയാണ് രചിനും പുറത്തായത്. താരത്തെ മുഹമ്മദ് വാസിം മടക്കി.
രണ്ടാം വിക്കറ്റിൽ വില്ല്യംസൻ- രചിൻ സഖ്യം 180 റൺസിന്റെ വിലപ്പെട്ട കൂട്ടുകെട്ടാണ് ഉയർത്തിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വില്ല്യംസിനെ വീഴ്‌ത്തി ഇഫ്തിഖർ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.
ടോസ് നേടി പാക്കിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോൺ കോൺവെ- രചിൻ രവീന്ദ്ര സഖ്യം മികച്ച തുടക്കമാണ് ടീമിനു നൽകിയത്.ഡെവോൺ കോൺവെയുടെ വിക്കറ്റാണ് ന്യൂസിലൻഡിനു നഷ്ടമായത്. കോൺവെ- രചിൻ സഖ്യം ഒന്നാം വിക്കറ്റിൽ 68 റൺസ് ചേർത്തു. കോൺവെ 35 റൺസെടുത്താണ് മടങ്ങിയത്. ഹസൻ അലിക്കാണ് വിക്കറ്റ്.
സ്പോർട്സ് ഡെസ്ക്