- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്നിയിൽ പ്രോട്ടീസ് പേസർമാർക്ക് മുന്നിൽ മൂക്കുകുത്തി മുൻനിര; തിരിച്ചടിച്ച് ഇഫ്തിഖറും ഷദാബ് ഖാനും മുഹമ്മദ് നവാസും; ജീവന്മരണപ്പോരാട്ടത്തിൽ 186 റൺസ് വിജയലക്ഷ്യം ഉയർത്തി പാക്കിസ്ഥാൻ

സിഡ്‌നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ ജീവന്മരണപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 186 റൺസ് വിജയലക്ഷ്യം ഉയർത്തി പാക്കിസ്ഥാൻ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ മുൻനിര തകർന്നടിഞ്ഞിട്ടും ഇഫ്തിഖർ അഹമ്മദിന്റെയും ഷദാബ് ഖാന്റെയും അർധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തത്.
ഒരു ഘട്ടത്തിൽ നാലിന് 43 റൺസെന്ന നിലയിലായിരുന്ന പാക്കിസ്ഥാനെ ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരുടെ ഇന്നിങ്സുകളാണ് 185-ൽ എത്തിച്ചത്. 22 പന്തിൽ 52 റൺസെടുത്ത ഷദാബ് ഖാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കക്കായി ആന്റിച്ച് നോർക്യ 41 റൺസിന് നാലു വിക്കറ്റെടുത്തു.
ടോസിലെ ഭാഗ്യം ബാറ്റിംഗിൽ പാക്കിസ്ഥാനെ തുണച്ചില്ല. ആദ്യ ഓവറിൽ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്വാനെ(4) വെയ്ൻ പാർണൽ ബൗൾഡാക്കി. വൺ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് കാഗിസോ റബാഡക്കെതിരെ തുടർച്ചയായി രണ്ട് സിക്‌സും ഫോറും നേടി പാക്കിസ്ഥാന് പ്രതീക്ഷ നൽകി. പാർണൽ എറിഞ്ഞ മൂന്നാം ഓവറിലും ഹാരിസ് ബൗണ്ടറി നേടി. എന്നാൽ താളം കണ്ടെത്താൻ പാടുപെട്ട ക്യാപ്റ്റൻ ബാബർ അസം റണ്ണടിക്കാൻ പാടുപെട്ടത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി.
തകർത്തടിച്ച ഹാരിസിനെ(11 പന്തിൽ 27) അഞ്ചാം ഓവറിൽ ആന്റിച്ച് നോർക്യ മടക്കിയതോടെ പാക്കിസ്ഥാന്റെ തകർച്ച തുടങ്ങി. പവർ പ്ലേയിലെ അവസാന ഓവറിൽ ക്യാപ്റ്റൻ ബാബർ അസമിനെ(15 പന്തിൽ 6) ലുങ്കി എങ്കിഡിയുടെ പന്തിൽ റബാഡ ഓടി പിടിച്ചു. പവർ പ്ലേക്ക് പിന്നാലെ ഷാൻ മസൂദിനെ(2) നോർക്യ ക്യാപ്റ്റൻ ടെംബാ ബാവുമയുടെ കൈകകളിൽ എത്തിച്ചതോടെ പാക്കിസ്ഥാൻ 43-4ലേക്ക് കൂപ്പുകുത്തി.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഇഫ്തിഖർ അഹമ്മദ് - മുഹമ്മദ് നവാസ് സഖ്യം 52 റൺസ് കൂട്ടിച്ചേർത്ത് പാക് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. എന്നാൽ 22 പന്തിൽ നിന്ന് 28 റൺസെടുത്ത നവാസ് 13-ാം ഓവറിൽ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. നവാസിനെ ഷംസി മടക്കിയശേഷം ക്രീസിലെത്തിയ ഷദാബ് ഖാൻ തകർത്തടിച്ചതോടെ പാക്കിസ്ഥാൻ മികച്ച സ്‌കോറിലേക്ക് നീങ്ങി.
ഷദാബിനൊപ്പം ഇഫ്തീഖറും(35 പന്തിൽ 51) മോശമാക്കിയില്ല. ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരുടെ ചോരുന്ന കൈകകൾ കൂടി ചേർന്നതോടെ പാക്കിസ്ഥാൻ മികച്ച സ്‌കോറിലെത്തി. നാലാം വിക്കറ്റ് വീണശേഷം 142 റൺസാണ് പാക്കിസ്ഥാൻ കൂട്ടിച്ചേർത്തത്. ആറാം വിക്കറ്റിൽ ഷദാബും ഇഫ്തിഖറും ചേർന്ന് 35 പന്തിൽ 82 റൺസ് കൂട്ടിച്ചേർത്തതാണ് പാക് ഇന്നിങ്‌സിൻൻെ നട്ടെല്ല്. അവസാന നാലോവറിൽ 50 റൺസാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്.
ദക്ഷിണാഫ്രിക്കക്കായി ആന്റിച്ച് നോർക്യ നാലോവറിൽ 41 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ വെയ്ൻ പാർണൽ, കാഗിസോ റബാഡ, ലുങ്കി എങ്കിഡി, ടബ്രൈസ് ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.


