അഹമ്മദാബാദ്: മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനത്തു നിന്നും രോഹിത് ശർമ്മയെ മാറ്റിയത് ആരാധകർക്ക് ഇനിയും ദഹിച്ചിട്ടില്ല. ഹാർദിക്കിനെയാണ് പകരം നായകനാക്കിയത്. ഇതിൽ കടുത്ത അതൃപ്തിയിലാണ് ആരാധകർ. ഇന്നലത്തെ മത്സരത്തിലും പാണ്ഡ്യക്ക് കാണികളുടെ കൂക്കുവിളി കേൾക്കേണ്ടി വന്നു. അതേസമയം ഫീൽഡിൽ ഹാർദിക് രോഹിത് ശർമ്മയെ കൈകാര്യം ചെയ്ത രീതിയും വിമർശനത്തിന് ഇടയാക്കി.

മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമയെ പല തവണ ഫീൽഡിങ് പൊസിഷനിൽ നിന്നു മാറ്റിയതാണ് ആരാധകർക്ക് രസിക്കാതെ പോയത്. രോഹിത്തിന് ഹാർദിക് പാണ്ഡ്യ യാതൊരു വിലയും നൽകുന്നില്ലെന്നാണു മുംബൈ ആരാധകരുടെ പരാതി.

മത്സരത്തിൽ മുംബൈ തോൽക്കുക കൂടി ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ ഹാർദിക്കിനെതിരെ രോഷം ശക്തമാകുകയാണ്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന മുൻ ക്യാപ്റ്റന് ഹാർദിക് നിർദേശങ്ങൾ നൽകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ ആറു റൺസ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 168 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മത്സരത്തിൽ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ ഹാർദിക് പാണ്ഡ്യ 30 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ബാറ്റിങ്ങിലും ഹാർദിക് പാണ്ഡ്യയ്ക്കു മികച്ച സ്‌കോർ നേടാനായില്ല. 11 റൺസെടുത്താണു താരം പുറത്തായത്. ഉമേഷ് യാദവിന്റെ പന്തിൽ രാഹുൽ തെവാത്തിയ ക്യാച്ചെടുത്താണു പാണ്ഡ്യയെ പുറത്താക്കിയത്. അതേസമയം 29 പന്തുകൾ നേരിട്ട രോഹിത് ശർമ 43 റൺസെടുത്തു.