- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോസിലെ ഭാഗ്യം കളിയിൽ ഉടനീളം; പവർ പ്ലേയിൽ മാക്സ് വെല്ലിന് പന്ത് നൽകി; കോലിയേയും ശ്രേയസിനേയും എറിഞ്ഞിട്ടു; ബോർഡറും സ്റ്റീവ് വോയും റിക്കി പോണ്ടിംഗും മൈക്കൽ ക്ലാർക്കും.... ഓസീസിന്റെ ആറു കിരീട നേട്ടങ്ങളിലെ അഞ്ചാം നായകനായി പാറ്റ് കമ്മിൻസ്; കപിലിനും ഇമ്രാനും ശേഷം കപ്പുയർത്തുന്ന ബൗളിങ് ഓൾറൗണ്ടർ; ഇത് വിശ്വ വിജയം നേടിയ ഓസീസ് നായകന്റെ കഥ
അഹമ്മദാബാദ്: 13 ലോകകപ്പുകൾ. അതുയർത്തിയത് പതിനൊന്ന് പേർ. ഓസ്ട്രേലിയയ്ക്ക് വേണ്ടി രണ്ടു തവണ റിക്കി പോണ്ടിങ് ആ ചരിത്ര നിമിഷത്തിൽ കപ്പുയർത്തി. അലൻ ബോർഡറും സ്റ്റീവ് വോയും പിന്നെ മൈക്കൽ ക്ലാർക്കും. ബോർഡറും വോയും ക്രിക്കറ്റിലെ തന്ത്രശാലികളായിരുന്നു. അവർ നയിച്ചത് മികച്ച ടീമിനേയും. റിക്കി പോണ്ടിംഗും എല്ലാവരും വാഴ്ത്തിയ ക്യാപ്ടൻ. ബാറ്റിങ് മികവിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച മൈക്കൽ ക്ലാർക്കിന് 2015ൽ കപ്പുയർത്താൻ നിയോഗമെത്തി. അതിന് ശേഷം ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഗ്രാഫ് താഴേക്കായി. തുടർച്ചയായി വിജയം നേടുന്ന ടീമെന്ന ഖ്യാതി വിട്ടകന്നു. പല വിധ വിവാദങ്ങൾ ടീമിനെ ഉലച്ചു. ഒത്തുകളിയും എത്തി. അങ്ങനെ തളർന്ന ടീമിനെ നയിക്കാനുള്ള നിയോഗമായിരുന്നു പാറ്റ് കമ്മിൻസിന് കിട്ടിയത്. അത് ടീമിനെ വിശ്വ വിജയത്തിലേക്ക് എത്തിക്കുന്നു.
ഓസ്ട്രേലിയ ആറു കിരീടങ്ങൾ നേടി. അഞ്ചിലും ക്യാപ്ടൻ ബാറ്റ്സ്മാന്മാരായിരുന്നു. സ്റ്റീവ് വോ മീഡിയം പേസ് എറിയുമായിരുന്നുവെങ്കിലും എല്ലാം തികഞ്ഞ ബാറ്റ്സ്മാനായിരുന്നു സ്റ്റീവ് വോ. ബാറ്റിങ് ഓൾറൗണ്ടർ എന്ന ഗണത്തിലായിരുന്നു സ്റ്റീവിന്റെ സ്ഥാനം. തകർച്ചയിലേക്ക് പോയ ഓസീസ് ഫീനിക്സ് പക്ഷിയെ പോലെ 2023ൽ ഉയർത്തെഴുന്നേൽക്കുമ്പോൾ ക്യാപ്ടൻ ഫാസ്റ്റ് ബൗളറായ പാറ്റ് കമ്മിൻസാണ്. തെറ്റില്ലാതെ ബാറ്റ് ചെയ്യുമെന്നല്ലാതെ ഓൾറൗണ്ടർ എന്ന് വിളിക്കുക പോലും അസാധ്യം. എങ്കിലും ക്യാപ്ടനായ ശേഷം മുന്നിൽ നിന്ന് നയിക്കുന്ന പടനായകൻ ചില അസാധ്യമായ വിജയങ്ങൾ ബാറ്റിലൂടെ ഓസീസിന് സമ്മാനിച്ചിട്ടുണ്ട്. എങ്കിലും എല്ലാ അർത്ഥത്തിലും ബൗളർ. ഇന്ത്യയെ തകർത്തെറിഞ്ഞ് കപ്പുയർത്തുകയാണ് പാറ്റ് കമ്മിൻസ്.
1975ലെ ആദ്യ എഡിഷനിൽ ക്ലൈവ് ലോയിഡാണ് കപ്പുയർത്തിയത്. നാലു കൊല്ലത്തിന് ശേഷവും ലോയിഡ് തന്നെ വെസ്റ്റിൻഡീസിനെ വിജയത്തിലേക്ക് നയിച്ചു. 1983ൽ കപിൽ ദേവിന്റെ ചെകുത്താന്മാർ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. അങ്ങനെ ആദ്യമായി ഒരു പേസർ ആ കിരീടം ഏറ്റു വാങ്ങി. പിന്നെ അലൻ ബോർഡറുടെ ഊഴം. 1992ൽ പാക്കിസ്ഥാനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് ബൗളിങ് ഓൾറൗണ്ടറായി ഇമ്രാൻ ഖാനായിരുന്നു. അതിന് ശേഷം നീണ്ട 31 കൊല്ലം. വീണ്ടും ഒരു ബൗളർ ലോക കിരീടം ഏറ്റുവാങ്ങുന്നു. അതാണ് പാറ്റ് കമ്മിൻസ്. ഒരു ശരാശരി ടീമെന്ന് വലിയിരുത്തിയ ഓസ്ട്രേലിയൻ നിരയെയാണ് കമ്മിൻസ് വിശ്വ വിജയിയാക്കുന്നത്.
1996ൽ ശ്രീലങ്ക അട്ടിമറി വിജയ നേടുമ്പോൾ അർജുന രണതുംഗയായിരുന്നു ക്യാപ്ടൻ. പിന്നീട് സ്റ്റീവ് വോയുടെ ഊഴം. 1999ലെ കിരീട നേട്ടം 2003ലും 2007ലും റിക്കി പോണ്ടിങ് ആവർത്തിച്ചു. 2011ൽ ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിക്കായി ഊഴം. 2015ൽ ഓസ്ട്രേലിയയുടെ മൈക്കൽ ക്ലാർക്കും. 2019ൽ ഇംഗ്ലണ്ടിന്റെ മോർഗൻ കപ്പ് ഏറ്റ് വാങ്ങി. അങ്ങനെ തുടർന്ന ബാറ്റ്സ്മാന്മാരുടെ ക്യാപ്ടൻ വിജയങ്ങൾ വീണ്ടും പഴങ്കഥയാക്കുകയാണ് പാറ്റ് കമ്മിൻസ്. ഫൈനലിൽ കമ്മിൻസിന്റെ തന്ത്രങ്ങൾ നിർണ്ണായകമായി. തുടക്കത്തിൽ മാക്സ് വെല്ലിനെ കൊണ്ട് പന്തെറിയിച്ച് രോഹിത് ശർമ്മയെ വീഴ്ത്തിയതായിരുന്നു കളിയിലെ ടേണിങ് പോയിന്റ്. പിന്നീട് സ്വന്തം ബൗളിംഗിലും കൃത്യത കാട്ടി. പത്ത് ഓവറിൽ നായകൻ 34 റൺസ് വഴങ്ങി നേടിയത് രണ്ടു വിക്കറ്റാണ്. അതും ശ്രേയസ് അയ്യറുടേയും കോലിയുടേയും വിക്കറ്റുകൾ.
ഓസ്ട്രേലിയയെ ഇതുവരെ ലോകകപ്പ് നേട്ടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്മാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് പാറ്റ് കമിൻസ്. കംഗാരുപ്പടയുടെ ഇരുപത്തൊൻപതാമത്തെ ഏകദിന ക്യാപ്റ്റൻ. ഈ ലോകകപ്പിലെ ആദ്യ രണ്ട് മൽസരങ്ങളിൽ തോറ്റ് തുന്നംപാടിയതോടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുന്നതിന്റെ അരികിൽ വരെയെത്തി. അവിടെ നിന്നാണ് ഒൻപത് തുടർവിജയങ്ങളോടെ പാറ്റ് കമിൻസ് ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് നേട്ടം സമ്മാനിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന മൈക്കിൽ ക്ലർക്കിന്റെ പരാമർശം കേട്ടതിന് പിന്നാലെ ശ്രീലങ്കയ്ക്കെതിരെ നടന്ന മൽസരത്തിൽ മറ്റൊരു കമിൻസിനെയാണ് കണ്ടത്.
ക്യാപ്റ്റൻ പദവിയിലെന്നല്ല ടീമിൽപ്പോലും ഇടമുറപ്പില്ലാത്ത സ്ഥിതിയിൽ നിന്നാണ് കമിൻസ് ഇവിടെ വരെ എത്തിയത്. 15 ഏകദിനങ്ങളിൽ മാത്രമേ ക്യാപ്റ്റനായിട്ടുള്ളു. അതിൽ 12ലുംപതിനൊന്നിലും ജയിച്ചു. നായകനായ 21 ടെസ്റ്റുകളിൽ 11 വിജയം. ട്വന്റി ട്വന്റിയിൽ ഇതുവരെ ക്യാപ്റ്റനാക്കിയിട്ടുമില്ല. ടിം പെയ്നു പകരം രണ്ടുവർഷം ക്യാപ്റ്റൻ പദവി ഏറ്റെടുക്കുമ്പോൾ പാറ്റ് കമിൻസിന് പൂച്ചെണ്ടുകളല്ല കിട്ടിയത്. ബാറ്റർമാർ ക്യാപ്റ്റന്മാരായാൽ മാത്രം വിശ്വാസമർപ്പിക്കുന്ന ഓസ്ട്രേലിയയൻ മനോഭാവം കമ്മിൻസിന് മുന്നിൽ വെല്ലുവിളിയായി.
ഈ വർഷമാദ്യം ആഷസിൽ 2-0ന് മുന്നിൽ നിന്നശേഷം പരമ്പരയിൽ സമനില വഴങ്ങിയതിന് പഴികേട്ടത് മുഴുവൻ കമിൻസ് ആയിരുന്നു. ഏകദിന ക്രിക്കറ്റിലെ ബോളിങ് പ്രകടനം അത്ര മെച്ചമല്ലാത്തതുകൊണ്ട് ലോകകപ്പ് ടീമിൽ ഇടമുണ്ടാകുമെന്നും കരുതിയില്ല. ആ കളിക്കാരനാണ് ഈ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി കപ്പുയർത്തുന്നത്.
മറുനാടന് ഡെസ്ക്