അഹമ്മദബാദ്: ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിന് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. മത്സരത്തിൽ മിന്നും സെഞ്ചുറിയുമായി താരമായി മാറിയത് ശുഭ്മാൻ ഗില്ലായിരുന്നു. 60 പന്തുകളിൽ ഗില്ല് അടിച്ച 129 റൺസാണ് മുംബൈയുടെ പരാജയത്തിന് കാരണമായത്. ഗുജറാത്ത് പടുത്തുയർത്തിയ 234 റൺസെന്ന വിജയലക്ഷ്യം മുംബൈക്ക് എത്തിപ്പിടിക്കാനായില്ല.

മത്സരത്തിന് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കറോട് യുവതാരം സംസാരിച്ചിരിക്കുന്ന ചിത്രവും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മത്സര ശേഷം ഗിൽ സച്ചിനോടും മകൻ അർജുൻ ടെണ്ടുൽക്കറോടും സംസാരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സചിന്റെ മകൾ സാറ ടെണ്ടുൽക്കറുമായി ഗിൽ പ്രണയത്തിലാണെന്ന തരത്തിൽ ധാരാളം ഗോസിപ്പുകൾ നേരത്തെ വന്നിരുന്നു. അതുകൊണ്ട് തന്നെ 'അമ്മായിപ്പനും മരുമകനും സംസാരിക്കുന്നു' എന്ന തരത്തിലാണ് നെറ്റിസൺസ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഗില്ലിന്റെ പ്രകടനം കണ്ട് സചിൻ വിവാഹത്തിന് സമ്മതിച്ചുവെന്നും അക്കാര്യമാണ് ഇരുവരും സംസാരിക്കുന്നതെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.

ഐപിഎൽ അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്തിന്റെ ആവേശ ജയത്തിന് പിറകേ ശുഭ്മാൻ ഗില്ലിനും കാമറൂൺ ഗ്രീനിനും അഭിനന്ദനങ്ങളുമായി സച്ചിൻ രംഗത്ത് വന്നിരുന്നു. ഗില്ലും ഗ്രീനും മുംബൈക്കായി മനോഹരമായി ബാറ്റ് ചെയ്തെന്ന് സച്ചിൻ തെണ്ടുൽക്കർ കുറിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയെ പ്രശംസിക്കാനും സച്ചിൻ മറന്നിരുന്നില്ല.

പ്ലേ ഓഫിൽ കടക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വെറുമൊരു ജയം മതിയെന്നിരിക്കേ മുംബൈക്ക് ഒരു വിജയവും ബാംഗ്ലൂരിന്റെ തോൽവിയും അനിവാര്യമായിരുന്നു. ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ കൂറ്റൻ സ്‌കോർ കാമറൂൺ ഗ്രീനിന്റെ സെഞ്ച്വറിയുടെ മികവിൽ പിന്തുടർന്ന് ജയിച്ച മുംബൈ താരങ്ങൾ ഗുജറാത്ത് ബാംഗ്ലൂർ മത്സരത്തിനായി കാത്തിരുന്നു.

കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തിൽ മികച്ച സ്‌കോർ പടുത്തുയർത്തിയ ബാംഗ്ലൂർ ഗുജറാത്തിനെ എറിഞ്ഞിടുമോ എന്ന ആശങ്കയിലായിരുന്നു മുംബൈ ആരാധകർ. എന്നാൽ കളി പത്തോവർ പിന്നിട്ടപ്പോൾ തന്നെ വിധിയേറെക്കുറേ ഏഴുതപ്പെട്ടു. ഗില്ലിന്റെ സെഞ്ച്വറിക്കരുത്തിൽ അവസാന ഓവറിൽ ഗുജറാത്ത് വിജയതീരമണയുമ്പോൾ ഗുജറാത്ത് താരങ്ങളെക്കാൾ ആഘോഷിച്ചത് മുംബൈ താരങ്ങളും ആരാധകരുമായിരുന്നു. ഗുജറാത്തിന്റെ വിജയത്തോടെയാണ് മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചത്. എലിമിനേറ്റർ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ മുംബൈ കീഴടക്കിയെങ്കിലും രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു.