- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ സ്റ്റെപ്പ് പഠിപ്പിച്ചത് ചാഹലാണോ'യെന്ന് പ്രധാനമന്ത്രി; ബുംറയോട് ചോദിച്ചത് ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെപ്പറ്റി; പ്രഭാത വിരുന്നും ആഘോഷമാക്കി താരങ്ങള്‍
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് കിരീടം ചൂടി രാജ്യത്തേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് എങ്ങും ലഭിച്ചത്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ നിമിഷം മുതല്‍ രാത്രിയില്‍ വാംഖഡെയില്‍ നല്കിയ സ്വീകരണം വരെ ഓരോ നിമിഷവും ഇന്ത്യന്‍ താരങ്ങളും ആരാധകരും ഒരുപോലെ ആഘോഷിക്കുകയായിരുന്നു.
ചാമ്പ്യന്മാരായ താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രഭാത വിരുന്നുണ്ടായിരുന്നു. വിരുന്നിനിടെ താരങ്ങള്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച നിരവധി ചിരിമുഹൂര്ത്തങ്ങള്ക്കും സാക്ഷിയായി. രോഹിത് ശര്‍മയെ കുല്‍ദീപ് ഡാന്‍സ് പഠിപ്പിച്ചതു മുതല്‍ ബുംറയുടെ ഇഷ്ടഭക്ഷണം ഇഡ്ഡലി വരെ ചര്‍ച്ചയില്‍ വന്നു. സൂര്യകുമാര്‍ യാദവിന്റെ കളി മാറ്റിമറിച്ച ഗംഭീര ക്യാച്ച് സംബന്ധിച്ചും പാണ്ഡ്യയുടെ തിരിച്ചുവരവുമെല്ലാം മോദി ചോദിച്ചറിഞ്ഞു.
ഞങ്ങള്‍ക്കിത് വളരെ വലിയൊരു മുഹൂര്‍ത്തമായിരുന്നു. ഇത്രയും നാള് ഞങ്ങള്‍ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. സാധാരണയില്‍നിന്ന് വ്യത്യസ്തമായി സ്റ്റേജിലേക്ക് വരാന്‍ കളിക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നായിരുന്നു രോഹിത് ശര്‍മ കിരീടം വാങ്ങാന്‍ വന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് പ്രതികരിച്ചത്.
യുസ്വേന്ദ്ര ചാഹലില്നിന്നാണോ ഈ ആശയം വന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചതോടെ താരങ്ങളില്‍ ചിരി പടര്‍ന്നു. ചാഹലും കുല്‍ദീപ് യാദവുമാണ് അതിന്റെ അണിയറക്കാരെന്ന് രോഹിത് പ്രതികരിക്കുകയും ചെയ്തു. ഇരുവരുമായിരുന്നു രോഹിത് ശര്‍മയ്ക്ക് കപ്പുമായി വരേണ്ട രൂപമെങ്ങനെയെന്ന് പറഞ്ഞുനല്കിയത്. അതോടെ കുല്ദീപിനോടായി മോദിയുടെ ചോദ്യം. സ്വന്തം ക്യാപ്റ്റനോട് അങ്ങനെ ആവശ്യപ്പെടാന്‍ എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു മോദി ചോദിച്ചത്. പക്ഷേ, ഞാന്‍ പറഞ്ഞപോലെ രോഹിത് ചെയ്തില്ലെന്ന് കുല്‍ദീപ് മറുപടി നല്‍കിയതോടെ വീണ്ടും ചിരി.
15 വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റിലെ താരമായ ജസ്പ്രീത് ബുംറയോടായിരുന്നു അടുത്ത ചോദ്യം. ഇഷ്ടഭക്ഷണമായ ഇഡ്ഡലി കഴിച്ചാണോ ഗ്രൗണ്ടിലേക്ക് പോയതെന്ന് മോദി ചോദിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ ഇഡ്ഡലിയും പറാത്തയുമൊന്നും കിട്ടിയില്ലെന്നായിരുന്നു പ്രതികരണം. വളരെ നിര്‍ണായക ഘട്ടത്തില്‍ ബൗള്‍ ചെയ്യാനായി. അത് ടീമിന്റെ ദുഷ്കരമായ സാഹചര്യത്തെ മറികടക്കുന്നതിനും കപ്പ് നേടുന്നതിനും സഹായിച്ചതില്‍ സന്തോഷമുണ്ടെന്നും ബുംറ പ്രധാനമന്ത്രിയെ അറിയിച്ചു.
അടുത്ത ഊഴം സൂര്യകുമാര്‍ യാദവിനായിരുന്നു. ടീമിന്റെ പ്രാക്ടീസ് സെഷനില്‍ അത്തരത്തിലുള്ള ക്യാച്ചുകള്‍ ഉള്‍പ്പെട്ടിരുന്നോ എന്നതായിരുന്നു ചോദ്യം. സൂര്യകുമാര്‍ അതല്ല, അത്തരത്തില്‍ 150 ക്യാച്ചുകളെങ്കിലും പരിശീലനത്തിനിടെ നടത്തിയിട്ടുണ്ടെന്ന് രാഹുല്‍ ദ്രാവിഡാണ് മറുപടി പറഞ്ഞത്. ഐ.പി.എല്‍. മുതല്‍ ടൂര്‍ണമെന്റിന്റെ ആരംഭംവരെ അത്തരത്തില്‍ ക്യാച്ചുകള്‍ പരിശീലിച്ചിരുന്നു. പക്ഷേ, അങ്ങനെയൊരു സാഹചര്യത്തില്‍ ദൈവം അതിന് അവസരം നല്‍കുമെന്ന് വിചാരിച്ചിരുന്നില്ല.
അങ്ങനെയൊരു സാഹചര്യത്തെ നേരിടാന്‍ പരിശീലിച്ചിരുന്നുവെന്ന് സൂര്യകുമാറും പറഞ്ഞു. തുടര്‍ന്ന് മോദി ആ ക്യാച്ചിനെ അഭിനന്ദിച്ചു. രാജ്യം ഒന്നടങ്കം സമ്മര്‍ദത്തില്‍ നില്ക്കുന്ന സമയത്ത് വന്ന ആ ക്യാച്ചാണ് കളിയെ മാറ്റിമറിച്ചത്. അത് നിങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്നു എന്നതിനാല്‍ നിങ്ങള്‍ ഭാഗ്യമുള്ളവനാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
ഇതിനിടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇടപെട്ടു. ആ ക്യാച്ച് നിയമപരമാണോ എന്ന് പരിശോധിക്കാന്‍ എല്ലാ കളിക്കാരും മറന്നിരുവെന്നാണ് ഹാര്‍ദിക് പറഞ്ഞത്. തുടര്‍ന്ന് ലോകകപ്പിന് മുന്‍പ് അനുഭവിച്ച പരീക്ഷണ സമയങ്ങളെക്കുറിച്ച് പാണ്ഡ്യ പ്രധാനമന്ത്രിയെ ഉണര്‍ത്തി. 'വളരെ രസകരമായിരുന്നു കഴിഞ്ഞ ആറ് മാസം. ഇക്കാലയളവില്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയി. ഗ്രൗണ്ടിലെത്തിയപ്പോള്‍ പൊതുജനങ്ങള്‍ എന്നെ കൂവിവിളിച്ചു. അങ്ങനെതുടങ്ങി പലതും സംഭവിച്ചു. ഞാന്‍ എപ്പോഴും വിചാരിച്ചതാണ്, ഇതിന് മറുപടി പറയുകയാണെങ്കില്‍ അത് എന്റെ കളി കൊണ്ടായിരിക്കുമെന്ന്'-പാണ്ഡ്യ പറഞ്ഞു. 'അന്നും ഇന്നും എനിക്ക് സംസാരിക്കാനാവില്ല. ഇതിനെല്ലാം ഗ്രൗണ്ട് വിട്ടുപോകാതെത്തന്നെ മറുപടി നല്‍കാനാകുമെന്ന് വിശ്വസിച്ചു. കാരണം ബുദ്ധിമുട്ടും വിജയങ്ങളും വരും. ക്യാപ്റ്റനില്നിന്നും കോച്ചില്‍നിന്നും സഹകളിക്കാരില്നിന്നും എല്ലാവരില്‍നിന്നും എനിക്ക് സഹായം ലഭിച്ചു'-പാണ്ഡ്യ പ്രധാനമന്ത്രിയെ അറിയിച്ചു.
അടുത്തത് വിരാട് കോലിയോടായിരുന്നു. ഫൈനലിന് മുന്‍പുള്ള ടൂര്‍ണമെന്റിലെ ഉയര്ച്ചതാഴ്ച്ചകളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. ടീമിന് വേണ്ടി തന്റെ അഹങ്കാരത്തെ മാറ്റിവെക്കേണ്ടിവന്നുവെന്നും അന്ന് കളിക്ക് ബഹുമാനം നല്‍കിയതോടെ കളി തിരിച്ച് ആദരവ് നല്‍കിയെന്നുമായിരുന്നു കോലിയുടെ മറുപടി. 'സംഭവിക്കാനുള്ളത് സംഭവിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. അത് എനിക്കും ടീമിനുമൊപ്പം സംഭവിച്ചു'-കോലി പറഞ്ഞു.
ലോകകപ്പ് നേടാനുള്ള കളിക്കാരുടെ ആഗ്രഹവും ന്യൂയോര്‍ക്കില്‍ മതിയായ സൗകര്യങ്ങളില്ലാതിരുന്നിട്ടും ലോകകപ്പ് നേടാനായതിലെ ചാരിതാര്‍ഥ്യവും രോഹിത് പങ്കുവെച്ചു. തുടര്‍ന്നാണ് രോഹിത്തിനോട് മണ്ണിന്റെ രുചിയെന്താണെന്നുള്ള ചോദ്യം വന്നത്. ഒരു ഹിന്ദുസ്ഥാനിക്ക് മാത്രമേ അങ്ങനെ ചെയ്യാനാവൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങള്‍ ജയിച്ച ഇടത്ത്, അവിടത്തെ പിച്ചില്‍, ആ നിമിഷത്തെ ഞാന്‍ എന്നെന്നും ഓര്‍ക്കാന്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് മണ്ണ് രുചിച്ചതെന്ന് രോഹിത് പറഞ്ഞു. ലോകകപ്പ് നേട്ടം നമ്മുടെ കായികരംഗത്തെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.