- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിന്റെ വിജയം നേരത്തെയാക്കി മഴ; പഞ്ചാബ് കൊൽക്കത്തയെ വീഴ്ത്തിയത് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഏഴ് റൺസിന്; 3 വിക്കറ്റുമായി കൊൽക്കത്തയുടെ നടുവൊടിച്ച് അർഷ്ദീപ് സിങ്ങ്; ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി വരവറിയിച്ച് പഞ്ചാബ്
മൊഹാലി: ഐപിഎല്ലിൽ വിജയത്തുടക്കമിട്ട് പഞ്ചാബ് കിങ്സ്.ഇന്നത്തെ ആദ്യ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഏഴ് റൺസിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. മഴ കാരണം കളി മുഴുമിപ്പിക്കാൻ സാധിക്കാതെ വന്നതോടെ ഡെക്ക്വർത്ത് ലൂയീസ് നിയമമനുസരിച്ചാണ് പഞ്ചാബിനെ വിജയികളായി പ്രഖ്യാപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെന്ന മികച്ച സ്‌കോർ പടുത്തുയർത്തി. വിജയം തേടിയിറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം 16 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ തുടങ്ങിയത്. കളി തുടരാൻ പറ്റാത്ത സാഹചര്യത്തിൽ പഞ്ചാബിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ മൻദീപ് സിങിനെ (രണ്ട്) നഷ്ടമായി. 19 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 35 റൺസെടുത്ത ആന്ദ്രെ റസ്സലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. വെങ്കടേഷ് അയ്യരും (28 പന്തിൽ 34) പൊരുതി. താരം മൂന്ന് ഫോറും ഒരു സിക്സും തൂക്കി.
റഹ്‌മാനുള്ള ഗുർബാസ് (16 പന്തിൽ 22), ക്യാപ്റ്റൻ നിതീഷ് റാണ (17 പന്തിൽ 24) എന്നിവരും പിടിച്ചു നിന്നു. മറ്റൊരാൾക്കും കാര്യമായ സംഭാവന നൽകാനായില്ല. കളി നിർത്തുമ്പോൾ എട്ട് റൺസുമായി ശാർദുൽ ഠാക്കൂറും ഏഴ് റൺസുമായി സുനിൽ നരെയ്നുമാണ് പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്.
മൂന്നോവറിൽ 19 റൺസ് വഴങ്ങി പഞ്ചാബിനായി അർഷ്ദീപ് മൂന്ന് വിക്കറ്റുകൾ നേടി. സാം കറൻ, നതാൻ എല്ലിസ്, സികന്ദർ റാസ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ നിതീഷ് റാണയുടെ തീരുമാനം പാളിയെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്ന രീതിയിലായിരുന്നു പാഞ്ചാബിന്റെ ബാറ്റിങ്. വെടിക്കെട്ട് തുടക്കമാണ് പ്രഭ്‌സിമ്രാൻ സിങ് പഞ്ചാബിന് നൽകിയത്. ക്ഷണത്തിൽ മടങ്ങിയെങ്കിലും താരം 12 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും പറത്തി 23 റൺസുമായാണ് മടങ്ങിയത്.
പിന്നീട് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ശിഖർ ധവാൻ- ശ്രീലങ്കൻ താരം ഭനുക രജപക്‌സ എന്നിവരുടെ ബാറ്റിങ് പാഞ്ചാബിന് അടിത്തറയിട്ടു. രജപക്‌സ അർധ സെഞ്ച്വറി നേടിയാണ് ക്രീസ് വിട്ടത്. താരം 32 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 50 റൺസെടുത്തു.
ധവാൻ 29 പന്തിൽ ആറ് ഫോറുകൾ സഹിതം 40 റൺസുമായി മടങ്ങി. ജിതേഷ് ശർമ 11 പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 21 റൺസ് കണ്ടെത്തി. സികന്ദർ റാസ 13 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 16 റൺസെടുത്ത് പുറത്തായി.17 പന്തിൽ രണ്ട് സിക്‌സുകൾ സഹിതം 26 റൺസെടുത്ത് സാം കറനും ഏഴ് പന്തിൽ രണ്ട് ഫോറുകൾ സഹിതം 11 റൺസെടുത്ത് ഷാരൂഖ് ഖാനും സ്‌കോർ 191ൽ എത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു.
ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നിവരാണ് കൊൽക്കത്തൻ നിരയിൽ ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞത്. ടിം സൗത്തി രണ്ട് വിക്കറ്റെടുത്തെങ്കിലും നാലോവറിൽ വിട്ടുകൊടുത്തത് 54 റൺസ്. ഉമേഷ്, വരുൺ, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി.