ഗുവാഹത്തി: ഐപിഎല്ലിൽ, സഞ്ജും സാംസണ് വീണ്ടും നിരാശ. സാം കറൻ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ, പഞ്ചാബ് കിങ്‌സിന് രാജസ്ഥാനെതിരെ 5 വിക്കറ്റ് ജയം. 145 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ പഞ്ചാബ് കണ്ടെത്തി. സഞ്ജുവിനും ടീമിനും ഇത് തുടർച്ചയായ നാലാം തോൽവിയും. പ്ലേ ഓഫിൽ നേരത്തെ കടന്നെങ്കിലും, തോൽവിയോടെ ടോപ് ടുവിലെ രാജസ്ഥാന്റെ സ്ഥാനം അനിശ്ചിതമായി. ഹൈദരാബാദും, ചെന്നൈയും ആദ്യ രണ്ടുസ്ഥാനങ്ങളിൽ എത്താനുള്ള പോരാട്ടത്തിലാണ്.

നാലിന് 48 റൺസെന്ന നിലയിൽ തകർന്ന പഞ്ചാബിനെ കര കയറ്റിയത് 41 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 63 റൺസോടെ പുറത്താകാതെ നിന്ന നായകൻ സാം കറന്റെ ഇന്നിങ്സാണ്. പ്രഭ്സിമ്രാൻ സിങ് (6) റൈലി റൂസ്സോ (13 പന്തിൽ 22), ശശാങ്ക് സിങ്(0) ഇങ്ങനെ പോയി പ്രകടനങ്ങൾ. റൺസെടുക്കാൻ വിഷമിച്ച ജോണി ബെയർസ്റ്റോ കൂടി പുറത്തായതോടെ എട്ട് ഓവറിൽ നാലിന് 48 എന്ന നിലയിലേക്ക് പഞ്ചാബ് വീണു.

അഞ്ചാം ഓവറിൽ ഒന്നിച്ച സാം കറനും ജിതേഷ് ശർമയും 63 റൺസ് ചേർത്തതോടെ മത്സരം പഞ്ചാബിന്റെ നിയന്ത്രണത്തിലായി. 20 പന്തിൽ രണ്ട് സിക്സടക്കം 22 റൺസാണ് ജിതേഷ് നേടിയത്. ചെഹൽ ജിതേഷിനെ വീഴ്‌ത്തിയെങ്കിലും, കുലുങ്ങാതിരുന്ന കറൻ അശുതോഷ് ശർമയ്‌ക്കൊപ്പം (11 പന്തിൽ 17) ജയത്തിലേക്ക് കുതിച്ചു

നേരത്തെ റിയൻ പരാഗ് പൊരുതി നിന്നതോടെ, രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. 34 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 48 റൺസെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ടോസ് കിട്ടിയ സഞ്ജു ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ലക്ഷ്യമിട്ട പോലെ റണ്ണുകൾ ഒഴുകിയില്ല. ബാറ്റിങ്ങിൽ, സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി.

15 പന്തുകൾ നേരിട്ട സഞ്ജു 18 റൺസ് മാത്രമാണ് നേടിയത്. മൂന്ന് ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. നതാൻ എല്ലിസിന്റെ പന്തിൽ ബാക്ക്വേർഡ് പോയിന്റിൽ രാഹുൽ ചാഹറിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.

സാം കറൻ, രാഹുൽ ചഹാർ, ഹർഷൽ പട്ടേൽ എന്നിവർ പഞ്ചാബിന് വേണ്ടി രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി.

സ്‌കോർ: രാജസ്ഥാൻ:144/9 (20.0)
പഞ്ചാബ്: 145/5( 18.5)