കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ, കൂറ്റൻ റൺമല പടുത്തുയർത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അതേ നാണയത്തിൽ മറുപടി നൽകി 8 വിക്കറ്റിന് കീഴടക്കി പഞ്ചാബ് കിങ്‌സ്. ടി-20 യുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ റൺചേസ് എന്ന റെക്കോഡും പഞ്ചാബ് സ്വന്തമാക്കി. ജോണി ബെയർസ്‌റ്റോയും ശശാങ്ക് സിങ്ങുമാണ് വിജയശിൽപികൾ.

സ്‌കോർ: കൊൽക്കത്ത: 261/6(20), പഞ്ചാബ്: 261/2( 18.4)

ബെയർ‌സ്റ്റോയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് റെക്കോഡ് റൺ ചേസ് വിജയം പഞ്ചാബ് സ്വന്തമാക്കിയത്. താരം 48 പന്തിൽ 108 റൺസെടുത്തു. ഒമ്പത് സിക്‌സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. പ്രഭ്‌സിമ്രാൻ സിങ്ങും ശശാങ്ക് സിങ്ങും അതിവേഗ അർധ സെഞ്ച്വറികളുമായി തിളങ്ങി. 28 പന്തിൽ 68 റൺസെടുത്ത ശശാങ്ക് പുറത്താകാതെ നിന്നു. എട്ടു സിക്‌സും രണ്ടു ഫോറുമാണ് താരം നേടിയത്.
20 പന്തിൽ അഞ്ചു സിക്‌സും നാലു ഫോറുമടക്കം 54 റൺസെടുത്ത പ്രഭ്‌സിമ്രാൻ റണ്ണൗട്ടായി. റില്ലി റൂസോ 16 പന്തിൽ 26 റൺസെടുത്ത് മടങ്ങി. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി.

സുനിൽ നരെയ്‌നും ഫിൽ സാൾട്ടും കത്തിക്കയറിയതോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂറ്റൻ സ്‌കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്തു.

നരെയ്ന്റെയും സാൾട്ടിന്റെയും തകർപ്പൻ അർധ സെഞ്ച്വറിയാണ് കൊൽക്കത്തയെ 250 കടത്തിയത്. ടീം സ്‌കോർ 23 പന്തിൽ 50 കടത്തിയ ഇരുവരും ഒന്നാം വിക്കറ്റിൽ 10.2 ഓവറിൽ 138 റൺസാണ് അടിച്ചെടുത്തത്. പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും പവർ പ്ലേയിൽ മാത്രം നേടിയത് 76 റൺസാണ്. സാൾട്ട് 37 പന്തിൽ ആറു സിക്‌സും ആറു ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. നരെയ്ൻ 32 പന്തിൽ 71 റൺസെടുത്തു. നാലു സിക്‌സുകളും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

നരെയ്‌നെ ബെയർ‌സ്റ്റോയുടെ കൈകളിലെത്തിച്ച് രാഹുൽ ചഹറാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ സാൾട്ടിനെ സാം കറൻ ബൗൾഡാക്കി. അപ്പോഴേക്കും ടീം 12.3 ഓവറിൽ 163ൽ എത്തി. ഒരുഘട്ടത്തിൽ ടീമിന്റെ പ്രൊജക്ട് സ്‌കോർ 300 വരെ എത്തിയിരുന്നു. 23 പന്തിൽ 39 റൺസെടുത്ത് വെങ്കടേഷ് അയ്യരും തിളങ്ങി. ആന്ദ്രെ റസ്സൽ (12 പന്തിൽ 24), നായകൻ ശ്രേയസ് അയ്യർ (10 പന്തിൽ 28), റിങ്കു സിങ് (നാലു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ആറു റൺസുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്‌ത്തി. സാം കറൻ, രാഹുൽ ചഹൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.